| Thursday, 2nd April 2026, 8:08 pm

ഷോട്ടുകളുടെ എണ്ണം കൂടിയപ്പോള്‍ കരഞ്ഞു; ഏറ്റവും ബുദ്ധിമുട്ടി ചെയ്തത് ആ പേടിയാണ്: സഞ്ജന ദീപു

ഐറിന്‍ മരിയ ആന്റണി

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രത്തിലെ മുല്ലയായി വന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സഞ്ജന ദീപു. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സീരീസും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറഞ്ഞു. വിനായക് ശശികുമാര്‍ തിരക്കഥയെഴുതിയ റോസ്ലിനില്‍ മികച്ച പെര്‍ഫോമന്‍സാണ് സഞ്ജന കാഴ്ച്ചവെച്ചത്.

സുമേഷ് നന്ദകുമാറിന്റെ സംവിധാനത്തില്‍ സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുങ്ങിയ സീരീസ് ജിയോ ഹോട്ട് സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചത്. റോസ്ലിന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് ഈ സീരീസിന്റെ ഇതിവൃത്തം. ഇപ്പോഴിതാ സീരിസിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സഞ്ജന ദീപു.

‘റോസ്‌ലിന്‍ വെബ് സീരീസ് സ്‌ക്രിപ്റ്റ് റൈറ്റര്‍ കൂടിയായ ഗാനരചയിതാവ് വിനായക് ശശികുമാറും ഞാനും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഫോളോ ചെയ്യുന്നുണ്ട്. അദ്ദേഹമാണ് ഈ പ്രൊജക്ടിന്റെ കാര്യം ആദ്യമായി പറഞ്ഞത്. ഫോണ്‍ കോളുകളിലൂടെയാണ് ക്രവുമായുള്ള സംസാരമൊക്കെ നടന്നത്. ഹോട്ട്‌സ്റ്റാറിന് വേണ്ടിയുള്ള ആ വെബ്സീരീസിന്റെ ഷൂട്ട് തുടങ്ങുന്നതിന്റെ തലേന്നാണ് അവരെന്നെ നേരില്‍ കണ്ടത്.

റോസ്ലിന്റെ ഭയമാണ് സീരീസിന്റെ ത്രെഡ്. ഞാന്‍ ബുദ്ധിമുട്ടി അഭിനയിച്ചതും ആ പേടിയാണ്. ആദ്യ എപ്പിസോഡില്‍ കാട്ടിലൂടെ നടക്കുന്ന രംഗമുണ്ട്. എത്ര ചെയ്തിട്ടും ശരിയാകുന്നില്ല. ഷോട്ടുകളുടെ എണ്ണം കൂടിയപ്പോള്‍ കരഞ്ഞു പോയി.

ഷോട്ട് ഓക്കെ ആയെന്ന് സംവിധായകന്‍ സുമേഷേട്ടന്‍ പറഞ്ഞു, ഒപ്പമൊരു കമന്റും, ‘തകര്‍ത്തഭിനയിച്ചു’ എന്ന്. റോസ്ലിനൊപ്പമാണ് മൂന്ന് വര്‍ഷം മുമ്പ് ഷൂട്ടിങ് പൂര്‍ത്തിയായ ഹിന്ദി സീരീസ് ബാന്‍ഡ്വാലയും ആമസോണ്‍ പ്രൈമില്‍ റിലീസായത്,’ സഞ്ജന ദീപു പറയുന്നു.

വിനായക് ശശികുമാര്‍ ആദ്യമായി തിരക്കഥയെഴുതിയ സീരീസാണ് റോസ്‌ലിന്‍. സുമേഷ് നന്ദകുമാറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ സഞ്ജന ദീപുവിന് പുറമെ വിനീത്, മീന, ഹക്കീം ഷാ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ വന്ന സീരീസ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്തു.

Content Highlight:  Sanjana Deepu about the Roslin  web series

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more