| Friday, 26th June 2026, 2:41 pm

ലൂസിഫറിലെ മഞ്ജുചേച്ചിടെ മോളാണെന്ന് ഞാൻ എല്ലാരോടും പറയും, അതാണ് എന്റെ സ്ഥിരം പരിപാടി: സാനിയ ഇയ്യപ്പൻ

കെ.എസ് ഷാബിന

മലയാള ചലച്ചിത്രരംഗത്തെ മികച്ച യുവനടിമാരിലും നർത്തകിമാരിലും ഒരാളാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോകളിലൂടെ നൃത്തവേദിയിൽ തിളങ്ങി, പിന്നീട് സിനിമയിലെത്തി തന്റേതായ ഒരിടം കണ്ടെത്താൻ സാനിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2014-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ‘ബാല്യകാലസഖി’ എന്ന സിനിമയിലൂടെയാണ് സാനിയ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഇതിൽ നായികയുടെ (ഇഷ തൽവാർ) കുട്ടിക്കാലമാണ് സാനിയ അവതരിപ്പിച്ചത്.

2018-ൽ പുറത്തിറങ്ങിയ ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് സാനിയ ആദ്യമായി നായികയാകുന്നത്. ഈ ചിത്രത്തിലെ ‘ചിന്നു’ എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും സാനിയയ്ക്ക് മികച്ച തുടക്കം നൽകുകയും ചെയ്തു. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രം ലൂസിഫറിൽ ‘ജാൻവി’ എന്ന വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് സാനിയ കയ്യടി നേടി.

സാനിയ ഇയ്യപ്പൻ.Photo: Onmanaoarama/Samayammalayalam

ഇപ്പോൾ തന്റെ ആദ്യ ചിത്രമായ ക്വീൻ എന്ന സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് മനസ് തുറക്കുകയാണ് സാനിയ. വനിതക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘സത്യത്തിൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് ‘ക്വീൻ’ എന്ന സിനിമയാണ്. അതുകൊണ്ടുതന്നെ ഡിജോ ചേട്ടനോട് (ഡിജോ ജോസ് ആന്റണി) എനിക്ക് എപ്പോഴും കടപ്പാടുണ്ട്. അക്കാലത്ത് സിനിമ ഇനി വേണ്ടെന്നുവെച്ച് മാറിനിൽക്കാൻ ആലോചിച്ചിരുന്ന എന്നെ, അദ്ദേഹം സംസാരിച്ച് കൺവിൻസ് ചെയ്ത് അഭിനയിപ്പിക്കുകയായിരുന്നു. ഇന്ന് നന്ദിയോടെ മാത്രമേ എനിക്കത് ഓർക്കാൻ കഴിയൂ.

സാനിയ ഇയ്യപ്പൻ.Photo: IMDB

ക്വീനിന് ശേഷം കരിയറിൽ സംഭവിച്ച മറ്റൊരു വലിയ കാര്യമാണ് ‘ലൂസിഫർ’. അത്രയും വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു എന്നതാണ് അതിന്റെ പ്രത്യേകത. എന്നാൽ, ലൂസിഫർ കൊണ്ട് എന്റെ കരിയറിൽ പെട്ടെന്ന് വലിയൊരു മാറ്റമൊന്നും വന്നിട്ടില്ല. എങ്കിലും, ഇന്ന് ഞാൻ എവിടെപ്പോയാലും ആളുകൾ എന്നെ തിരിച്ചറിയുന്നത് ലൂസിഫറിലെ ‘ജാൻവി’ എന്ന കഥാപാത്രത്തിലൂടെയാണ്. ഏത് സിനിമയിലാണ് അഭിനയിച്ചിട്ടുള്ളത് എന്ന് ആരെങ്കിലും ചോദിച്ചാൽ മറുപടി നൽകാൻ എനിക്ക് ഏറ്റവും എളുപ്പമുള്ളതും ഈ കഥാപാത്രത്തിന്റെ പേരുപറയാനാണ്.

ഞാൻ അഭിനയിച്ച വേറെയും ചിത്രങ്ങളുണ്ടെങ്കിലും ആളുകൾക്ക് പെട്ടെന്ന് മനസ്സിലാകുന്നത് ഇതാണ്. അതുകൊണ്ട് എവിടെവെച്ച് ആര് ചോദിച്ചാലും ‘മോഹൻലാൽ സാറിന്റെ പടത്തിൽ മഞ്ജു ചേച്ചിയുടെ മകളായി അഭിനയിച്ചത് ഞാനാണ്’ എന്ന് പറയുന്നത് ഇപ്പോൾ എന്റെയൊരു സ്ഥിരം പരിപാടിയായി മാറിയിട്ടുണ്ട്. വെറും 15-ാം വയസ്സിലാണ് ഞാൻ ലൂസിഫർ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അന്നത്തെ സെറ്റിലെ പല കാര്യങ്ങളും എനിക്കിപ്പോൾ കൃത്യമായി ഓർമയില്ല. സാനിയ ഇയ്യപ്പൻ പറയുന്നു.

Content Highlight: Saniya Iyyappan regularly tells people she played Manju’s daughter in Lucifer

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more