| Wednesday, 24th June 2026, 5:50 pm

ഞാൻ ഇപ്പോൾ പണ്ടത്തെപ്പോലെ ഫോട്ടോഷൂട്ടുകൾ ചെയ്യാറില്ല, എന്റെ മെന്റൽ ഹെൽത്തിനെ ബാധിക്കാൻ തുടങ്ങി: സാനിയ ഇയ്യപ്പൻ

കെ.എസ് ഷാബിന

മലയാള ചലച്ചിത്ര രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച യുവതാരമാണ് സാനിയ ഇയ്യപ്പൻ. ഡാൻസർ എന്ന നിലയിൽ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം, പിന്നീട് അഭിനയരംഗത്തും സജീവമാവുകയായിരുന്നു.

സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഫാഷൻ രംഗത്തും സാനിയ സജീവമാണ്. തന്റെ നിലപാടുകൾ ശക്തമായി വ്യക്തമാക്കുന്ന താരം അതിൽ അടിയുറച്ച് നിൽക്കാറുണ്ട്.

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം സോഷ്യൽ മീഡിയയിൽ അവയുടെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. എന്നാൽ, ഇത്തരം പോസ്റ്റുകൾക്ക് താഴെ പലപ്പോഴും കടുത്ത നെഗറ്റീവ് കമന്റുകളും സൈബർ അറ്റാക്കുകളും ആണ് പ്രത്യക്ഷപ്പെടുന്നത്. അനാവശ്യമായ വിമർശനങ്ങൾക്കും ട്രോളുകൾക്കും തികച്ചും ‘ബോൾഡ്’ ആയ മറുപടികളാണ് സാനിയ നൽകുന്നത്.

സാനിയ ഇയ്യപ്പൻ.Photo:OnManorama/Samayam Malayalam

ഇപ്പോൾ താൻ നേരിടുന്ന സൈബർ അറ്റാക്കുകളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സാനിയ. ‘വനിത’ യുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘ഞാൻ ഇപ്പോൾ പണ്ടത്തെപ്പോലെ അധികം ഫോട്ടോഷൂട്ടുകൾ ചെയ്യാറില്ല. കാരണം, അത് എന്റെ മാനസികാരോഗ്യത്തെ ബാധിക്കാൻ തുടങ്ങി. ഓൺലൈൻ മാധ്യമങ്ങൾ എന്നെ എപ്പോഴും ഒരു നെഗറ്റീവ് വ്യക്തിയായിട്ടാണ് ചിത്രീകരിക്കുന്നത്.

മുൻപ് കോഴിക്കോട് വെച്ച് എനിക്കുണ്ടായ ഒരു മോശം അനുഭവത്തിന് ശേഷം പൊതുഇടങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. ‘അങ്ങനത്തെ വസ്ത്രം ധരിച്ചാൽ ആരായാലും കയറിപ്പിടിക്കും, അത് നന്നായി, അവൾക്ക് അത് തന്നെ വേണം’ എന്നൊക്കെയാണ് പലരും കമന്റ് ചെയ്തത്. ഇത്തരം പ്രതികരണങ്ങൾ എന്നെ എത്രത്തോളം ട്രോമയിലേക്ക് നയിച്ചുവെന്നും, ആളുകൾക്ക് എങ്ങനെയാണ് ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നതെന്നും എനിക്ക് മനസ്സിലാകുന്നില്ല.

സാനിയ ഇയ്യപ്പൻ.Photo:Screengrab/Instagram

ഇൻസ്റ്റാഗ്രാമിൽ വളരെ അപ്ഡേറ്റഡ് ആയി, ക്രിയേറ്റീവ് ആയ ഫോട്ടോഷൂട്ടുകളാണ് ഞാൻ ചെയ്യാറുള്ളത്. എന്നാൽ കുറച്ചുനാളായി ഞാൻ അതിൽ നിന്നെല്ലാം മാറിനിൽക്കുകയാണ്. ഇപ്പോൾ ഒരു സിനിമയുടെ പ്രിവ്യൂവിന് വിളിച്ചാൽ പോലും പോകാൻ ഞാൻ ഒന്നുകൂടി ആലോചിക്കും. കാരണം, എന്റെ മുഖഭാവം കണ്ടാൽ ഉടൻ ‘സാനിയ ദേഷ്യത്തിലാണ് പോകുന്നത്, അവൾ വലിയ അഹങ്കാരിയാണ്, ഇവളെയൊക്കെ ആരാണ് വിളിച്ചത്’ എന്ന രീതിയിലാകും കമന്റുകൾ.

നമ്മൾ എന്ത് ചെയ്താലും ആളുകൾ നമ്മളെ ഒരു പ്രത്യേക രീതിയിൽ ജഡ്ജ് ചെയ്തു വെക്കുകയാണ്. അതുകൊണ്ട് ഇനി ഇതൊന്നും കേട്ട് എന്റെ മനസമാധാനം കളയേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. എന്റെ സമാധാനത്തിന് വേണ്ടി ഞാൻ എടുത്ത ചില വ്യക്തിപരമായ തീരുമാനങ്ങളാണിവ,’ സാനിയ ഇയ്യപ്പൻ പറഞ്ഞു.

Content Highlight: Saniya iyyappan opens up about facing cyber attacks on social media

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more