കൊച്ചി: ദക്ഷിണേന്ത്യന്‍ സര്‍വകലാശാലകളെ ലക്ഷ്യമിട്ട് ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കാന്‍ സംഘപരിവാര്‍. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസനയം ഉള്‍പ്പെടെ നടപ്പിലാക്കാന്‍ വിസമ്മതിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യൂണിവേഴ്‌സിറ്റികളെ ലക്ഷ്യമിട്ടാണ് സംഘപരിവാറിന്റെ നീക്കം.
സംഘപരിവാര്‍ സംഘടനയായ വിദ്യാഭ്യാസ വികാസകേന്ദ്രമാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ജൂലൈ 27നാണ് ശില്‍പ്പശാല ആരംഭിക്കുക. ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.
കൂടാതെ മിക്ക സര്‍വകലാശാലകളില്‍ നിന്നുള്ള വൈസ് ചാന്‍സിലര്‍മാരും പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാന സര്‍വകലാശാലകളിലെ ഗവര്‍ണറുടെ അമിതാധികാര പ്രയോഗത്തിനെതിരെ കേരള സര്‍ക്കാരും യുവജന-വിദ്യാര്‍ത്ഥി സംഘടനകളും ശക്തമായ നിലപാടെടുക്കുന്ന സാഹചര്യത്തിലാണ് സംഘപരിവാറിന്റെ ശില്‍പ്പശാല.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ വൈസ് ചാന്‍സിലര്‍മാരുടെ നിയമനങ്ങളില്‍ ഗവര്‍ണര്‍മാര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലില്‍ ഒപ്പുവെക്കില്ലെന്ന് മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടെടുത്തിരുന്നു. ഈ ബില്‍ അദ്ദേഹം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ നിലപാടിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
പ്രസ്തുത വിഷയം ഉള്‍പ്പടെ കാവികൊടിയേന്തിയ സ്ത്രീയെ സെനറ്റ് ഹാളില്‍ കയറ്റില്ലെന്ന് നിലപാടെടുത്ത കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ശുപാര്‍ശയില്‍ സസ്പെന്‍ഡ് ചെയ്ത നടപടിയും ഇപ്പോള്‍ വിവാദത്തിലാണ്.
ഒക്ടോബറില്‍ തുടങ്ങാനിരിക്കുന്ന ആര്‍.എസ്.എസ് ശതാബ്ദിവാര്‍ഷിക ആചരണത്തിലെ പ്രധാന അജണ്ടകളിലൊന്ന് വിദ്യാഭ്യാസമേഖലയിലെ ഇടപെടലാണ്. ഇതിന്റെ ഭാഗമായാണ് കൊച്ചിയിലെ ത്രിദിന ശില്‍പ്പശാല. തമിഴ്നാട്ടിലും സമാനമായ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ സഹായപദ്ധതികള്‍ ഉള്‍പ്പടെ അനുവദിക്കുന്നതില്‍ വിദ്യാഭ്യാസമേഖലയെ എങ്ങനെ/എത്രമാത്രം സ്വാധീനിക്കാമെന്ന് ശില്‍പ്പശാലകള്‍ ചര്‍ച്ച ചെയ്യും. കേന്ദ്രത്തിന്റെ വിദ്യാഭ്യാസനയം നടപ്പിലാക്കാനുള്ള പദ്ധതികളും ആവിഷ്‌ക്കരിക്കും.
തമിഴ്‌നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ഭാഷാനയം നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിമാര്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഘപരിവാറിന്റെ നീക്കം.
അടുത്തിടെ ഭാഷ അടിച്ചേല്‍പ്പിക്കല്‍ മൂലം 90,000ത്തിലധികം വിദ്യാര്‍ത്ഥികളാണ് കര്‍ണാടകയില്‍ തോറ്റതെന്ന് തമിഴ്നാട് വിദ്യാഭ്യാസമന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി ചൂണ്ടിക്കാട്ടിയിരുന്നു. ഭാഷാ പഠനം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഓപ്ഷനായിരിക്കണമെന്നും നിര്‍ബന്ധമാക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ഭാഷാ നയത്തെയും വിദ്യാഭ്യാസ ധനസഹായത്തെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു മന്ത്രി അന്‍ബില്‍ മഹേഷിന്റെ പരാമര്‍ശം. ഉയര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സുപ്രധാന വിദ്യാഭ്യാസ ഫണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മന്ത്രി അന്‍ബില്‍ മഹേഷ് ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനുമുമ്പ് കേന്ദ്രത്തിന്റെ നിലപാടുകള്‍ക്കെതിരെ ഡി.എം.കെ എം.പി കനിമൊഴിയും രംഗത്തെത്തിയിരുന്നു. തമിഴ് മറ്റൊരു ഭാഷയുടെയും ശത്രുവല്ലെന്നാണ് കനിമൊഴി പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള മറുപടിയെന്നോണമായിരുന്നു കനിമൊഴിയുടെ പ്രതികരണം.
‘ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ല, മറിച്ച് എല്ലാവരുടെയും സുഹൃത്താണ്’ എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. എന്നാല്‍ ഇതിന് മറുപടിയായി ‘ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ലെങ്കില്‍, തമിഴും ഒരു ഭാഷയുടെയും ശത്രുവല്ല. ഉത്തരേന്ത്യക്കാരും തമിഴ് പഠിക്കട്ടെ. വടക്കേ ഇന്ത്യയിലെ ജനങ്ങള്‍ കുറഞ്ഞത് ഒരു ദക്ഷിണേന്ത്യന്‍ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാര്‍ത്ഥ ദേശീയോദ്ഗ്രഥനം,’ കനിമൊഴിയുടെ പ്രതികരണം.
Content Highlight: Sanghparivar’s three-day workshop targeting South Indian universities in Kochi