കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ അബ്ജ്യോത് വര്‍ഗീസിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. സനാതന ധര്‍മവുമായി ബന്ധപ്പെട്ട അബ്ജ്യോത് വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. അബ്ജ്യോതിനെ അര്‍ബന്‍ നക്‌സലാക്കിയും ഹിന്ദു വിരുദ്ധനാക്കിയുമാണ് സൈബര്‍ ആക്രമണം.
‘സനാതന ധര്‍മം പകര്‍ച്ചവ്യാധിയെന്ന് വിലയിരുത്തിയ അംബേദ്കറുടെ ഇന്ത്യയില്‍ തന്നെ ജീവിക്കും. Happy Christmas,’ എന്നായിരുന്നു ഡിസംബര്‍ 25ന് അബ്ജ്യോത് വര്‍ഗീസ് എഫ്.ബിയില്‍ പങ്കുവെച്ച പോസ്റ്റിന്റെ അവസാന ഭാഗത്ത് പറയുന്നത്.
പോസ്റ്റില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെയും ഇന്ത്യയിലല്ല താന്‍ ജീവിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും പറയുന്നുണ്ട്. ഇതിനെതിരെയാണ് സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുന്നത്.
മുതിര്‍ന്ന ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും വലത് അനുകൂലികളുമാണ് അബ്ജ്യോതിനെ സൈബറിടങ്ങളില്‍ ആക്രമിക്കുന്നത്.
‘വിക്കി പീഡിയയില്‍ ചില അലവലാതികള്‍ എഴുതി വെക്കുന്നത് വേദവാക്യമാക്കുന്ന അബ്ജ്യോത് മാധ്യമ പ്രവര്‍ത്തനത്തിന് യോഗ്യനല്ല. അബ്ജ്യോത് പറഞ്ഞത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്. അംബേദ്കര്‍ എന്തുകൊണ്ടാണ് മറ്റ് മതത്തില്‍ ചേരാതെ ബുദ്ധമതത്തില്‍ ചേര്‍ന്നതെന്ന് ആദ്യം പോയി പഠിക്കൂ…,’ എന്ന് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ എഴുതി.
ആര്‍.എസ്.എസും ബി.ജെ.പിയും ജാതിദ്രോഹത്തെ എതിര്‍ക്കുന്നവരാണെന്ന് മനസിലാക്കിയതിനാലാണ് ആര്‍.എസ്.എസ് പ്രചാരകനായ ദത്തോപാന്ത് തെങ്കഡ്ജിയെ അംബേദ്കര്‍ അദ്ദേഹത്തിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റാക്കിയതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സനാതനത്തെ ഇനിയും അപമാനിക്കുകയാണെങ്കില്‍ ഭരണഘടനയില്‍ ഇല്ലാത്ത നടയടി ഉണ്ടാകുമെന്നും ഭീഷണിയുണ്ട്.
ഹിന്ദു ഐക്യവേദി നേതാവ് പി.കെ. ശശികലയും അബ്ജ്യോത് വര്‍ഗീസിനെ വിമര്‍ശിച്ച് രംഗത്തെത്തി.
‘വര്‍ഗീസ് സനാതന ധര്‍മത്തെ പറഞ്ഞാല്‍ സ്വര്‍ഗീയം, മതേതരം. ഏതെങ്കിലും അധ്യാപിക ചില ക്ലാസുകാരോട് കേക്ക് വാങ്ങേണ്ടെന്ന് പറഞ്ഞാല്‍ വര്‍ഗീയം…. ആ പരിപ്പീ മണ്ണില്‍ ഇനി വേവൂല്ലട മോനേ…. ഏഷ്യാനെറ്റുകാരാ,’ എന്നായിരുന്നു ശശികലയുടെ പ്രതികരണം.
സമാനമായ പ്രതികരണങ്ങളാണ് അബ്ജ്യോതിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ ഉയരുന്നത്.
‘അന്തസുണ്ടെങ്കില്‍ സനാതന ധര്‍മത്തിന്റെ ആഘോഷങ്ങളായ വിഷു, ശിവരാത്രി, ഓണം, ശബരിമല മകരവിളക്ക് ഇവയെക്കുറിച്ച് തത്സമയം വരികയോ സംസാരിക്കാന്‍ നില്‍ക്കുകയോ ചെയ്യരുത്. അതിനുള്ള യോഗ്യത തനിക്കില്ല,’ എന്നാണ് ഒരാളുടെ കമന്റ്.
‘സനാതനം പകര്‍ച്ചവ്യാധി ആയിരുന്നെങ്കില്‍ ഭാരതത്തില്‍ ക്രിസ്മസ് ഉണ്ടാവില്ലായിരുന്നു അര്‍ബന്‍ നക്‌സലെ’ എന്നാണ് മറ്റൊരു കമന്റ്.
എസ്.ഐ.ആറില്‍ പേരുണ്ടോയെന്ന് നോക്കണേ, പഴയ എസ്.എഫ്.ഐക്കാരനാണോ, മഹത്തായ ചാനലിലിരുന്ന് ഇങ്ങനെ വിഷം തുപ്പല്ലേ, മടുത്തെങ്കില്‍ മീഡിയവണ്ണിലേക്ക് പോകണം മിസ്റ്റര്‍ തുടങ്ങിയ കമന്റുകളുമുണ്ട്. അബ്ജ്യോതിനെ തെറിവിളിച്ചും ചിലര്‍ അധിക്ഷേപിക്കുന്നുണ്ട്. മാത്രമല്ല, അബ്ജ്യോതിന്റ സനാതന പരാമര്‍ശം രാജീവ് ചന്ദ്രശേഖര്‍ കാണുന്നില്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
Content Highlight: Sanghparivar Cyber attack against Abgeoth Varghese