കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് രാമന് പോലും സഹിച്ചിട്ടുണ്ടാകില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെ ഗാനരചയിതാവ് കൈതപ്രം ദാമോദരനെതിരെ സംഘപരിവാര്‍. ‘എന്തേ കണ്ണനിത്ര കറുപ്പുനിറം’ എന്ന കൈതപ്രത്തിന്റെ ഗാനത്തെ മുന്‍നിര്‍ത്തിയാണ് സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഈ വരികള്‍ ഏത് ദിവസമാണ് എഴുതിയതെന്ന് കൈതപ്രത്തിന് ഓര്‍മയുണ്ടോ എന്നാണ് ഹിന്ദുത്വര്‍ ചോദിക്കുന്നത്. കൂടാതെ കൃഷ്ണന് പോലും സഹിക്കാനാകാത്ത പ്രവര്‍ത്തിയാണ് കൈതപ്രം തന്റെ ഈ പാട്ടിലൂടെ ചെയ്തതെന്നും സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നു.
കഴിഞ്ഞ ദിവസം ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട രാത്രിയിലാണ് വാത്സല്യം സിനിമയിലെ ‘അലയും കാറ്റിന്‍ ഹൃദയം’ എന്ന ഗാനമെഴുതിയതെന്ന് കൈതപ്രം പറഞ്ഞിരുന്നു.
ഈ ഗാനത്തിലെ ‘രാമായണം കേള്‍ക്കാതെയായ്… പൊന്‍മൈനകള്‍ മിണ്ടാതെയായ്’ എന്ന വരി പ്രത്യേകം പരാമര്‍ശിച്ചായിരുന്നു കൈതപ്രത്തിന്റെ പ്രതികരണം. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്.
നിലവില്‍ ‘എന്തേ കണ്ണനിത്ര കറുപ്പുനിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ
കാളിയനെ കൊന്നതിനാലോ’? ഈ വരികള്‍ ഉയര്‍ത്തി ഏത് കാളിയനെയാണ് കൃഷ്ണന്‍ കൊന്നതെന്ന് കൈതപ്രം പറയട്ടെയെന്നും സംഘപരിവാര്‍ പറയുന്നു.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഏതാനും പോസ്റ്ററുകളിലൂടെയാണ് സംഘപരിവാറിന്റെ ആക്രമണം. കൈതപ്രത്തിന്റെ വരികളും ഗാനങ്ങളും ബഹിഷ്‌കരിക്കാനും സംഘപരിവാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
‘ക്ഷേത്രം പൊളിച്ച് പള്ളി ഉണ്ടാക്കിയതിനെ കുറിച്ച് കഴുതപ്പുറം ഒന്നും പറഞ്ഞില്ല, ബംഗ്ലാദേശില്‍ ഹിന്ദുക്കളെ കൊലചെയ്തപ്പോള്‍ കൈതപ്രം എവിടെ ആയിരുന്നു, ബാബറിനെ നിങ്ങള്‍ക്ക് അത്രയ്ക്കും ഇഷ്ടമാണോ, അപ്പോള്‍ നിങ്ങളും മോഹന്‍ലാലും എല്ലാം ഒരു ടീമാണല്ലേ,’ തുടങ്ങിയ കമന്റുകളിലൂടെ സംഘപരിവാര്‍ അനുകൂലികള്‍ കൈതപ്രത്തെ അധിക്ഷേപിക്കുന്നുമുണ്ട്.
വാത്സല്യം എന്ന മലയാള സിനിമ സീതാരാമന്‍മാരുടെ കഥയാണെന്നും ബാബരി മസ്ജിദ് പൊളിച്ച ദിവസമാണ് താന്‍ ‘അലയും കാറ്റിന്‍ ഹൃദയം’ എന്ന പാട്ടെഴുതിയതെന്നുമാണ് കൈതപ്രം പറഞ്ഞത്.
ബാബരി മസ്ജിദ് പൊളിച്ച ദിവസം വളരെ വിഷമം തോന്നിയ ഒരു ദിവസമായിരുന്നുവെന്നും രാമന് പോലും സഹിക്കാന്‍ പറ്റാത്ത കാര്യമായിട്ടാണ് തനിക്ക് അതിനെ തോന്നിയതെന്നും കൈതപ്രം പറഞ്ഞിരുന്നു.
അഭിമുഖം ശ്രദ്ധിക്കപ്പെട്ടതോടെ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാര്‍ അനുകൂലികള്‍ കൈതപ്രത്തിനെതിരെ ആക്രമണം തുടങ്ങിയിരുന്നു. ഇപ്പോള്‍ അത് കൂടുതല്‍ ശക്തമാകുകയും ബഹിഷ്‌കരണാഹ്വാനം വരെ എത്തിനില്‍ക്കുകയുമാണ്.
Content Highlight: Sanghparivar’s cyber attack against Kaithapram