രാജ്യമൊട്ടാകെ ജന്തര്‍ മന്തറിലേക്ക് ഉറ്റുനോക്കുകയാണ്. നീറ്റ് പേപ്പര്‍ ലീക്കില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ക്രോക്ക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭത്തെ കേന്ദ്ര സേന അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ രാജ്യത്തുടനീളമുള്ള യുവജനത കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി.
സിനിമാ- സാംസ്‌കാരിക രംഗത്തെ പലരും വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് പങ്കുവെച്ച പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. മലയാളത്തില്‍ നിന്ന് ടൊവിനോ തോമസ്, ഹനുമാന്‍ കൈന്‍ഡ്, ഹാഷിര്‍ എന്നിങ്ങനെ പലരും സമരത്തെ പിന്തുണച്ചു. മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സമരത്തെ പിന്തുണച്ചത് പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിസ്മയ പ്രതിഷേധമറിയിച്ചത്. സ്വന്തം രാജ്യത്തെ പൗരന്മാരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നായിരുന്നു വിസ്മയയുടെ ചോദ്യം. ഇറ്റ്‌സ് മീ എസ്.കെ എന്ന പേജ് പങ്കുവെച്ച പോസ്റ്റാണ് താരം ഷെയര്‍ ചെയ്തത്. ഇതിന് പിന്നാലെ വിസ്മയക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന തുടക്കം റിലീസിന് തയാറെടുക്കുകയാണ്. ആദ്യ സിനിമയുടെ പ്രൊമോഷന്‍ നടത്താന്‍ വേണ്ടിയാണ് ഈ പ്രതിഷേധമറിയിക്കല്‍ എന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ കണ്ടുപിടിത്തം. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ‘രാജ്യദ്രോഹിയ സുഡാപ്പി’ ടാഗ് വിസ്മയക്ക് നല്‍കാനും ഇക്കൂട്ടര്‍ മടിക്കുന്നില്ല.
‘പുതിയ സിനിമ റിലീസാകുന്നുണ്ട്. പത്തുപൈസയുടെ ചെലവില്ലാതെ അതിന്റെ പരസ്യം നാട്ടാരുടെയടുത്ത് എത്തിക്കണം. അതിനാണ് ഈ തിളപ്പ്’, ‘യുദ്ധഭൂമിയില്‍ പുതിയ സുഡാപ്പി ഏതാ’, ‘നല്ലൊരു മനുഷ്യനാണ് മോഹന്‍ലാല്‍. അയാളുടെ വില കൂടി ഇവള്‍ കളഞ്ഞുകുളിക്കും’, ‘ആശാവര്‍ക്കര്‍മാരുടെ സമരത്തിന്റെ സമയത്ത് കണ്ടില്ലല്ലോ, രാജ്യദ്രോഹികളുടെ സമരത്തിന് മാത്രം കറക്ടായി വന്നിട്ടുണ്ട്’ എന്നിങ്ങനെയാണ് വിസ്മയയെ അധിക്ഷേപിച്ചുകൊണ്ടുള്ള കമന്റുകള്‍.
എന്നാല്‍ വിസ്മയയുടെ നിലപാടിനെ അഭിനന്ദിച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്. ‘മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന് കരുതാതെ സ്വന്തം നിലപാട് വിളിച്ചുപറയാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു’ എന്നാണ് മറ്റ് കമന്റുകള്‍. വിസ്മയക്ക് മാത്രമല്ല, സമരത്തെ അനുകൂലിക്കുന്ന സെലിബ്രിറ്റികളെയെല്ലാം സംഘപരിവാര്‍ അനുകൂലികള്‍ അങ്ങേയറ്റം മോശമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.
Content Highlight: Sangh Parivar supporters criticizing Vismaya Mohanlal for questioning Central government