| Monday, 30th June 2025, 8:11 am

സുരേഷ് ഗോപി ചിത്രത്തിന് അനുമതി നിഷേധിച്ചതില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടന തപസ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സുരേഷ് ഗോപി ചിത്രമായ ജാനകി v/s സ്‌റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനുമായി സംഘപരിവാര്‍ സംഘടനയായ തപസ്യ.

സിനിമയ്ക്ക് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട് ബാലിശമാണെന്നും ഈ നിലപാടില്‍ നിന്ന് സി.ബി.എഫ്.സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) പിന്മാറണമെന്നും തപസ്യ ആവശ്യപ്പെട്ടു. തപസ്യയുടെ ഭരണസമിതി ഇത് സംബന്ധിച്ച ഒരു കത്തും സി.ബി.എഫ്.സി ചെയര്‍മാന് നല്‍കിയിട്ടുണ്ട്.

ഇത്തരത്തില്‍ നിസാരമായ തടസവാദങ്ങള്‍ ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്നും തപസ്യ കൂട്ടിച്ചേര്‍ത്തു. സിനിമയായാലും സാഹിത്യമായാലും അവയുടെ ശീര്‍ഷകങ്ങളുടേയും കഥാപാത്രങ്ങളുടേയും പേരുകള്‍ തീരുമാനിക്കാന്‍ അവകാശം സൃഷ്ടാക്കള്‍ക്ക് മാത്രമാണെന്നും പുരാണ കഥാപാത്രങ്ങളുടെ പേരുകള്‍ ഇടാന്‍ പാടില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും തപസ്യ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

മുമ്പും പുരാണകഥാപാത്രങ്ങളുടെ പേരില്‍ രാജ്യത്ത് സിനിമകള്‍ പുറത്ത് ഇറങ്ങിയിട്ടുണ്ടെന്നും എന്തിന് രാജ്യത്ത് ജാതി മത ഭേദമന്യേ പല ആളുകളുടേയും പേര് ഹിന്ദു പുരണാണങ്ങളിലെ കഥാപത്രങ്ങളുടെ പേരാണെന്നും അതിനാല്‍ ഇപ്പോള്‍ മാത്രം എന്തിനാണ് ഇത്തരമൊരു വിലക്കെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തക്കണമെന്നും സംഘപരിവാര്‍ സംഘടന ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ഹൈക്കോടതിയും സമാന വാദങ്ങള്‍ ഉന്നയിച്ച് സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിച്ചിരുന്നു.

സിനിമയ്ക്ക് ജാനകി എന്ന പേര് നല്‍കിയാല്‍ എന്താണ് കുഴപ്പമെന്നും മുമ്പും സമാനപേരില്‍ സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ടല്ലോയെന്നുമാണ് ഹൈക്കോടതിയും ചോദിച്ചത്. അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോള്‍ എന്തിനാണ് ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചിരുന്നു.

എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് ചിത്രത്തിന് പേര് നല്‍കിയതെന്നും 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കാണാന്‍ വിലക്കുണ്ട് എന്നുമാണ് സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കിയത്‌. ജാനകി എന്ന പേര് ഉപയോഗിക്കുന്നതില്‍ മതപരമായ പ്രശ്നങ്ങള്‍ ഉണ്ട് എന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. ഹരജി ഇന്ന് (തിങ്കളാഴ്ച) ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അതേസമയം സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഫെഫ്കയും താരസംഘടനയായ എ.എം.എം.എയും ഇന്ന് തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ ഓഫീസിന് മുന്നില്‍ സമരം നടത്തും.

പ്രവീണ്‍ നാരായണന്‍ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സുരേഷ് ഗോപിക്ക് പുറമെ അനുപമ പരമേശ്വരനും പുറമെ ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍ തുടങ്ങി നീണ്ട താരനിരയാണ് ഉള്ളത്.

Content Highlight: Sangh Parivar organization Tapasya strongly criticizes the Censor Board for denying permission to Suresh Gopi’s film Janaki v/s State of Kerala

We use cookies to give you the best possible experience. Learn more