ഓസ്‌കര്‍ അവാര്‍ഡിന്റെ ഫൈനല്‍ നോമിനേഷന്‍ ലിസ്റ്റ് കഴിഞ്ഞദിവസം അക്കാദമി പുറത്തുവിട്ടിരുന്നു. ചരിത്രത്തിലാദ്യമായി 16 നോമിനേഷന്‍ നേടി സിന്നേഴ്‌സ് ചരിത്രമെഴുതിയ പട്ടികയായിരുന്നു ഇത്. മികച്ച അന്താരാഷ്ട്ര സിനിമയുടെ ലിസ്റ്റില്‍ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇടംപിടിച്ചത്. ഷോര്‍ട്‌ലിസ്റ്റില്‍ ഇടംനേടിയ ഹോംബൗണ്ട് ഫൈനല്‍ ലിസ്റ്റില്‍ നിന്ന് പുറത്തായി.
ഹോംബൗണ്ടിന്റെ പുറത്താകല്‍ ആഘോഷമാക്കുകയാണ് സംഘപരിവാര്‍ അനുകൂല ഹാന്‍ഡിലുകള്‍. എക്‌സില്‍ ഹോംബൗണ്ടിനെ വിമര്‍ശിച്ചുകൊണ്ട് ധാരാളം പോസ്റ്റുകളാണ് പങ്കുവെക്കപ്പെടുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി നീരജ് ഗായ്‌വാന്‍ ഒരുക്കിയ ഹോംബൗണ്ടിനെ ജയ് ഭീം ഗ്രൂപ്പിന്റെ പ്രൊപ്പഗണ്ട ചിത്രം എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി വിവേചനവും ഇസ്‌ലാമോഫോബിയയും കൃത്യമായി വരച്ചുകാട്ടിയ ഹോംബൗണ്ട് സംഘപരിവാറിനെ നന്നായി പൊള്ളിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. ഇന്ത്യയുടെ സാമൂഹിക ഘടനയെ നശിപ്പിക്കാന്‍ സാധ്യതയുള്ള ഇത്തരം സിനിമകള്‍ ഇനി പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അശ്വിന വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് രവി ഗുപ്ത എന്നയാള്‍ പങ്കുവെച്ച കുറിപ്പ് വൈറലായി.
‘ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലും വിവേചനവും കാണിക്കുന്ന ഇത്തരം സിനിമകള്‍ അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് അയക്കുന്നത് എന്ന് നിര്‍ത്തും? ഇതുപോലുള്ള വ്യാജ പ്രൊപ്പഗണ്ട സിനിമ പുറത്തായതില്‍ സന്തോഷം’ ഡ്യൂഡ് ഇറ്റ്‌സ് ഓക്കെ എന്ന പേജ് പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ഹോംബൗണ്ട് പറയുന്ന ശക്തമായ രാഷ്ട്രീയത്തെ പിന്തുണച്ചുകൊണ്ടും ഇത്തരം പോസ്റ്റുകള്‍ക്ക് മറുപടിയുമായി ചിലര്‍ രംഗത്തെത്തുന്നുണ്ട്.
‘ജവാന്‍, കേരള സ്റ്റോറി, ആ ഫയല്‍, ഈ ഫയല്‍ എന്നിങ്ങനെയുള്ള സിനിമകള്‍ക്ക് അവാര്‍ഡ് കൊടുക്കുന്ന ആളുകള്‍ക്ക് ഹോംബൗണ്ട് എന്ന സിനിമ പൊള്ളുമെന്ന് ഉറപ്പാണ്’, ‘ഇന്ത്യയില്‍ ദളിതര്‍ വിവേചനം അനുഭവിക്കുകയും ഇസ്‌ലാമോഫോബിയ എന്ന വസ്തുത നിലനില്‍ക്കുന്നുമുണ്ട്. പക്ഷേ, അന്ധ് ഭക്തര്‍ക്ക് ഫയല്‍സും സ്റ്റോറിയുമൊക്കെയാണ് യഥാര്‍ത്ഥ സിനിമകള്‍’ എന്നിങ്ങനെയാണ് പലരും മറുപടി പങ്കുവെക്കുന്നത്.
2020ല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ‘ടേക്കിങ് അമൃത് ഹോം’ എന്ന ആര്‍ട്ടിക്കിളാണ് ഹോംബൗണ്ടിന് ആധാരം. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് അന്യനാട്ടില്‍ നിന്ന് പാലായനം ചെയ്യേണ്ടിവന്ന തൊഴിലാളികളുടെ ദുരിതമാണ് ഹോംബൗണ്ടിന്റെ പ്രമേയം. ചന്ദന്‍, ഷോയബ് എന്നീ യുവാക്കളുടെ സുഹൃദ്ബന്ധവും സമൂഹത്തില്‍ അവര്‍ നേരിടേണ്ടിവരുന്ന വിവേചനവും ആദ്യാവസാനം ഹോംബൗണ്ടില്‍ വരച്ചുകാട്ടുന്നുണ്ട്.
എസ്.സി വിഭാഗത്തില്‍ പെടുന്ന ചന്ദന്‍ ഓരോ അപ്ലിക്കേഷന്‍ ഫോമിലും ജനറല്‍ കാറ്റഗറി എന്ന് എഴുതേണ്ടി വരുന്നത് തന്റെ ഗതികേടാണെന്ന് സിനിമയില്‍ പറയുന്നുണ്ട്. മുസ്‌ലിം നാമധാരിയായ ഷോയബ് ഇന്ത്യ- പാകിസ്ഥാന്‍ ഫൈനലിന് ശേഷം പാകിസ്ഥാന്‍കാരനെന്ന വിളി കേള്‍ക്കുന്നുണ്ട്. ഇത്തരം വിവേചനം പച്ചയായി വരച്ചുകാട്ടിയ ഹോംബൗണ്ട് 2025ലെ മികച്ച സിനിമകളിലൊന്നാണ്.
Content Highlight: Sangh Parivar handles celebrates after Homebound outs from Oscar Final list