ന്യൂദൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് യുവജന സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിനിടെ വ്യാപക അതിക്രമം.
സി.ജെ.പി സംഘടിപ്പിച്ച സമരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥിനികൾക്ക് നേരെ പൊലീസ് നോക്കിനിൽക്കെ സംഘപരിവാർ സംഘടനകൾ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടതായി പരാതി.
പ്രതിഷേധത്തിൽ പങ്കെടുത്ത കൗമാരക്കാരിയായ പെൺകുട്ടിയെ ഏതാനും പേർ ചേർന്ന് കൂട്ടംചേർന്ന് ആക്രമിക്കുകയും വസ്ത്രം വലിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്യമെങ്ങും കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന ഒരാളുടെ കയ്യിൽ കാവിക്കൊടിയുണ്ടായിരുന്നു. ഇയാൾ ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ നന്ദ കിഷോർ ഗുജ്ജാറിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പ്രമുഖ ഫാക്റ്റ് ചെക്കറായ മുഹമ്മദ് സുബൈർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പോലും തെരുവിൽ ക്രൂരമായ അതിക്രമങ്ങളാണ് അരങ്ങേറുന്നത്.
അതേസമയം, പ്രക്ഷോഭത്തെ തുടർന്ന് രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്. സമരവേദിയായ ജന്തർ മന്തറിലേക്ക് ആർക്കും പ്രവേശനമില്ലാത്ത വിധം വലിയ ബാരിക്കേഡുകളും വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ച് പ്രദേശം പൂർണമായും അടച്ചുപൂട്ടിയിരിക്കുകയാണ്.
നഗരമാകെ പൊലീസ് നിയന്ത്രണത്തിലാക്കിയതോടെ, പൊലീസിനെ വെട്ടിച്ച് ഐസ പ്രവർത്തകർ പ്രതിഷേധം അപ്രതീക്ഷിതമായി ദില്ലി ഹാട്ടിലേക്ക് മാറ്റി. ഈ നീക്കത്തിൽ പതറിയ പൊലീസ്, സ്ഥലത്തെത്തി വിദ്യാർത്ഥികളെ ബലംപ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചാണ് അവിടെനിന്ന് നീക്കം ചെയ്തത്.
Content Highlight:Sangh Parivar attacks protesters in Delhi; allegations that a female student’s clothes were torn off while police stood by as spectators.