മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംഗീത. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സംഗീത ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിരക്കുള്ള നടിയായിരുന്നു. മലയാളികള്‍ എപ്പോഴും സംഗീതയെ ഓര്‍ത്തെടുക്കുന്നത് ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെയാണ്.
സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സംഗീതയെ തേടിയെത്തിയിരുന്നു. കല്യാണത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നടി വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. ഹൃദയപൂര്‍വ്വമാണ് സംഗീതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത് ചിത്രം.
പക്വതയുള്ള വേഷങ്ങളിലാണ് സംഗീതയെ പ്രേക്ഷകര്‍ കൂടുതലും കണ്ടിട്ടുള്ളത്. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ചെറിയ പ്രായത്തില്‍ത്തന്നെ അത്തരം വേഷങ്ങള്‍ തെരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് നടി സംസാരിക്കുന്നു.
‘എനിക്ക് വന്ന കഥാപാത്രങ്ങളെല്ലാം അത്തരത്തിലുള്ളവയാണ്. പിന്നെ, സാരിയില്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളായിരുന്നു. വസ്ത്ര ധാരണത്തിന്റെ കാര്യത്തിലും മറ്റും ഞാന്‍തന്നെ എനിക്ക് ചില പരിധികള്‍ നിശ്ചയിച്ചിരുന്നു. എക്‌സ്‌പോസ്ഡ് ആയിട്ടുള്ള ഗ്ലാമര്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ അസൗകര്യമുണ്ടായിരുന്നു. മോഡേണ്‍ വസ്ത്രങ്ങളണിയാന്‍ താത്പര്യമുണ്ടായിരുന്നില്ല. ശരിയാണ്
എന്നെത്തേടി വന്നതെല്ലാം പക്വതയുള്ള കഥാപാത്രങ്ങളുമാണ്,’ സംഗീത പറയുന്നു.
കുടുംബജീവിതത്തിലെ തിരക്കുകളില്‍ മുഴുകുമ്പോള്‍ എപ്പോഴെങ്കിലും ശ്യാമളയുടെ രീതികളോ ശരീരഭാഷയോ സംസാരമോ കടന്നുവന്നിട്ടുണ്ടോ എന്ന ചോദ്യത്തോടും സംഗീത പ്രതികരിച്ചു.
‘ഇടയ്ക്കിടെ ഉള്ളില്‍നിന്ന് ശ്യാമള വന്നുപോകും. ഇത് ശ്യാമളയാണോ ഞാനാണോ എന്ന് തോന്നും. കുടുംബത്തില്‍ ഉത്തരവാദിത്വങ്ങളേറെയുണ്ടല്ലോ. ആ കഥാപാത്രം ഞാന്‍ അവതരിപ്പിച്ചതുകൊണ്ട് ചില കാര്യങ്ങള്‍ എനിക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാന്‍ സാധിക്കും. പത്തൊന്‍പത് വയസുള്ളപ്പോഴാണ് രണ്ട് കുട്ടികളുടെ അമ്മയായ ശ്യാമളയായി ഞാന്‍ അഭിനയിച്ചത്,’ സംഗീത പറഞ്ഞു.
Content highlight: Sangeetha talks about the roles she has been given and the film Chinthavishtayaya Shyamala