| Monday, 8th September 2025, 1:45 pm

ഒരു ദിവസം അപ്രതീക്ഷിതമായി ആ കോള്‍ വന്നു; എനിക്കല്ല അയാള്‍ക്കല്ലേ റിസ്‌ക് തോന്നേണ്ടതെന്ന് ഞാനും വിചാരിച്ചു: സംഗീത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പരിചിതയായ നടിയാണ് സംഗീത. ബാലതാരമായി സിനിമാരംഗത്തേക്ക് വന്ന സംഗീത ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിരക്കുള്ള നടിയായിരുന്നു. തന്റെ കരിയറില്‍ നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് കഴിഞ്ഞിരുന്നു.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്ത സംഗീത ഇപ്പോള്‍ വീണ്ടും വെള്ളിത്തിരയില്‍ സജീവമായിരിക്കുകയാണ്. ഹൃദയപൂര്‍വ്വമാണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമാകാന്‍ തീരുമാനിച്ചതിന് പിന്നില്‍ കുടുംബമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടി. ഇടയ്ക്ക് നാട്ടില്‍ വരുമ്പോള്‍ കസിന്‍സും കുടുംബക്കാരുമെല്ലാം വീണ്ടും അഭിനയിക്കാന്‍ പറയുമായിരുന്നുവെന്ന് സംഗീത പറയുന്നു.

‘അവര്‍ക്കെല്ലാം ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടമാണ്. മലപ്പുറത്താണ് അച്ഛന്റെ വീട്. അമ്മ പാലക്കാട്ടുകാരിയാണ്. ഞാന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. രണ്ടുകൊല്ലമായിട്ട് സിനിമയില്‍ വരുന്നതിനെപ്പറ്റി കാര്യമായ ചിന്തയിലായിരുന്നു. അഭിനയിച്ചാലോ എന്ന് ഇടയ്ക്കിടെ തോന്നും. ആ സമയത്തുതന്നെയാണ് വളരെ അപ്രതീക്ഷിതമായി ടിനു വിളിച്ചതും. എനിക്ക് ടിനുവിന്റെ സിനിമകള്‍ ഇഷ്ടമാണ്,’ സംഗീത പറയുന്നു.

അദ്ദേഹത്തിന്റെ സിനിമാ സംവിധാനരീതി ഇഷ്ടമാണെന്നും അപ്പോള്‍ അഭിനയിച്ചു നോക്കാമെന്ന് കരുതിയെന്നും നടി കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒരു റിസ്‌കുമില്ലല്ലോ, ടിനുവിനാണല്ലോ റിസ്‌ക് തോന്നേണ്ടതെന്ന് താന്‍ ചിന്തിച്ചുവെന്നും സംഗീത പറഞ്ഞു. അങ്ങനെയാണ് താന്‍ ചാവേറില്‍ അഭിനയിക്കുന്നതെന്നും അതുകഴിഞ്ഞ് ആനന്ദ് ശ്രീബാല, പരാക്രമം തുടങ്ങിയ ചിത്രങ്ങളും പിന്നാലെ വന്നിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

ചാവേര്‍

ജോയ് മാത്യു എഴുതി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചാവേര്‍. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും കാവ്യ ഫിലിം കമ്പനിയുടെയും ബാനറില്‍ അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് ഈ സിനിമ നിര്‍മിച്ചത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, അര്‍ജുന്‍ അശോകന്‍, സംഗീത, തുടങ്ങിയവരാണ് അഭിനയിച്ചത്.

Content highlight: Sangeetha talks about her comeback to films and about director Tinu Pappachan

We use cookies to give you the best possible experience. Learn more