വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ ലഭിക്കുന്ന അനുഭവത്തേക്കാൾ തന്റെ ആത്മവിശ്വാസം യഥാർഥത്തിൽ രൂപപ്പെടുന്നത് സിനിമ തിയേറ്ററിലെത്തിയ ശേഷമാണെന്ന് നടൻ സംഗീത് പ്രതാപ്. ഒരു സിനിമയുടെ ഷൂട്ടിങ്, എഡിറ്റിങ് തുടങ്ങിയ ഘട്ടങ്ങളിൽ താൻ ഇപ്പോഴും പല കാര്യങ്ങളിലും കൺഫ്യൂസ്ഡ് ആയിരിക്കുമെന്നും എന്നാൽ ചിത്രം തിയേറ്ററിൽ പ്രേക്ഷകർക്കൊപ്പം കാണുമ്പോൾ എന്താണ് ശരിയായി വർക്ക് ചെയ്തതെന്നും എവിടെയാണ് പിഴച്ചതെന്നും വ്യക്തമായി മനസിലാകുമെന്നും സംഗീത് പറഞ്ഞു.
സിനിമയുടെ പ്രോസസിനിടെ ഒരു സീൻ ശരിയായ രീതിയിലാണോ, താൻ ആവർത്തിക്കുകയാണോ, ഒരു പെർഫോമൻസ് എത്രത്തോളം സ്വാഭാവികമാണ് തുടങ്ങിയ കാര്യങ്ങളിൽ തനിക്ക് സംശയങ്ങളുണ്ടാകാറുണ്ട്. പ്രത്യേകിച്ച് പുതിയ രീതിയിലുള്ള രംഗങ്ങൾ ചെയ്യുമ്പോൾ അത് കൂടുതൽ അനുഭവപ്പെടുമെന്നും താരം വ്യക്തമാക്കി.
സംഗീത് പ്രതാപ്. Phot: Facebook.com
എന്നാൽ സിനിമ തിയേറ്ററിലെത്തുമ്പോൾ ആ സംശയങ്ങൾക്കുള്ള പല ഉത്തരങ്ങളും ലഭിക്കും. പ്രതീക്ഷിക്കാതെ ചെയ്ത കാര്യങ്ങൾ പോലും പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുന്നു എന്നത് അവിടെ നിന്ന് മനസിലാക്കാൻ സാധിക്കുമെന്നും സംഗീത് പറഞ്ഞു.
‘എനിക്ക് തോന്നുന്നത് പ്രോസസ്സിന്റെ സമയത്തേക്കാൾ സിനിമ തിയേറ്ററുകളിൽ എത്തുമ്പോഴാണ് നമുക്ക് ആ കോൺഫിഡൻസ് വരുന്നത് എന്നാണ്. കാരണം പ്രോസസ്സിൽ നമ്മൾ ഇപ്പോഴും കൺഫ്യൂസ്ഡ് ആയിരിക്കും. ഇത് കറക്റ്റാണോ, ഞാൻ റിപീറ്റ് ചെയ്യുകയാണോ, ഇത് എത്രത്തോളം ലാഗാണ് എന്നൊക്കെയുള്ള സംശയങ്ങൾ ഉണ്ടാകും. ചിലപ്പോൾ പുതിയ പരിപാടികളായിരിക്കും നമ്മൾ ഒരു സീനിൽ ചെയ്യുന്നത്,’ സംഗീത് പറഞ്ഞു.
തന്റെ പ്രകടനം വിലയിരുത്തുന്നതിൽ പ്രേക്ഷകരുടെ പ്രതികരണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും സംഗീത് വ്യക്തമാക്കി. സ്വന്തം സിനിമകൾ തിയേറ്ററിൽ പോയി രണ്ടും മൂന്നും തവണ വരെ കാണാറുണ്ടെന്നും അങ്ങനെ കാണുമ്പോഴാണ് പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതെന്നും താരം പറഞ്ഞു.
‘ഞാൻ കൂടുതൽ പഠിക്കുന്നത് ഓഡിയൻസിൽ നിന്നാണ്. തിയേറ്ററിൽ പോയി ഇരുന്ന് ഞാൻ വിലയിരുത്തും. രണ്ടും മൂന്നും പ്രാവശ്യം വരെ എന്റെ എല്ലാ പടങ്ങളും കാണാറുണ്ട്. അങ്ങനെ കാണുമ്പോൾ തന്നെ നമുക്ക് മനസിലാകും എന്താണ് വർക്ക് ചെയ്യുന്നത്, എന്തിലാണ് പ്രശ്നം വരുന്നത് എന്നൊക്കെ,’ സംഗീത് പറഞ്ഞു.
ഒരു രംഗം ഓഡിയൻസിൽ വർക്ക് ആകുന്നുണ്ടോ ഇല്ലയോ എന്നറിയാൻ പ്രത്യേകിച്ച് ആരുടെയും മുഖത്തേക്ക് നോക്കേണ്ട ആവശ്യമില്ലെന്നും തിയേറ്ററിലെ അന്തരീക്ഷത്തിൽ നിന്ന് തന്നെ അത് തിരിച്ചറിയാൻ സാധിക്കുമെന്നും സംഗീത് പറയുന്നു. ഒരു രംഗത്തിൽ പ്രേക്ഷകരുടെ ശ്രദ്ധ നഷ്ടപ്പെടുന്നുണ്ടെങ്കിൽ അതിന്റെ ഒരു പ്രത്യേക ‘ഓറ’ തിയേറ്ററിൽ അനുഭവപ്പെടും.
സംഗീത് പ്രതാപ്. Photo: Screen grab/ Youtube.com
‘മജോറിറ്റി തിയേറ്ററിനകത്ത് തന്നെ ഒരു ഓറ ഉണ്ടാകും. നമ്മൾ ചെയ്യുന്നത് വർക്കിംങ് ആണോ, പ്രശ്നമുണ്ടോ എന്നുള്ളത് അവിടെ നിന്ന് തന്നെ മനസിലാകും. ചുറ്റും നോക്കേണ്ടി പോലും വരില്ല. അവിടെ ആ ഓറ നമുക്ക് കിട്ടും. ഇവിടെ ലാഗ് ചെയ്യുന്നുണ്ട് എന്ന് നമുക്ക് മനസിലാകും. അതിന് പ്രത്യേകിച്ച് ഒരു ഇൻഡിക്കേറ്റർ ഒന്നുമില്ല. അത് നമുക്ക് ഫീൽ ചെയ്യും,’ സംഗീത് വ്യക്തമാക്കി.
താൻ എഡിറ്റ് ടേബിളിൽ ഇരുന്ന് നടത്തിയ വിലയിരുത്തലുകളും തിരുത്തലുകളും പിന്നീട് തിയേറ്ററിൽ പ്രേക്ഷകരോടൊപ്പം സിനിമ കാണുമ്പോഴാണ് കൂടുതൽ വ്യക്തത നേടുന്നതെന്നും താരം കൂട്ടിച്ചേർത്തു. ഒരു രംഗം തനിക്ക് മാത്രമല്ല, തിയേറ്ററിലുള്ള ഭൂരിഭാഗം പ്രേക്ഷകർക്കും ഒരേ രീതിയിൽ അനുഭവപ്പെടുന്നുണ്ടെന്ന് തിരിച്ചറിയുന്നതാണ് താൻ മനസിലാക്കിയ പ്രധാന കാര്യമെന്നും സംഗീത് പറഞ്ഞു.
Content Highlight: Sangeeth Prathap talks about the success of his film career and how he came to recognize it