| Tuesday, 8th September 2026, 12:13 pm

ഞാൻ കാരവാനിൽ നിന്ന് ഇറങ്ങിപ്പോകാനുള്ള കാരണം പറഞ്ഞ ഗോസിപ്പ് കേട്ട് കുറേ ചിരിച്ചു: സംഗീത് പ്രതാപ്

നന്ദന. ടി

നടൻ, എഡിറ്റർ എന്നീ നിലകളിൽ ശ്രദ്ധേയനായ താരമാണ് സംഗീത് പ്രതാപ്. ഹൃദയം എന്ന സിനിമയിലൂടെയാണ് സംഗീത് തൻ്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് 2024-ൽ ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിന് മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.

2024-ൽ ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നസ്‌ലെന്‍, മമിത ബൈജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രമാണ് നടൻ എന്ന രീതിയിൽ സംഗീതിനെ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രിയനാക്കിയത്. വീണ്ടും ഗിരീഷ് എ.ഡി.യുടെ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിൻ പോളിയുടെ അനിയനായ ജോയൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും മികച്ച പ്രതികരണങ്ങളാണ് സംഗീതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കാർത്തിക് സൂര്യയുമായുള്ള പോഡ്‌കാസ്റ്റിലൂടെ സിനിമയിൽ താനുമായി ബന്ധപ്പെട്ടു വരുന്ന ഗോസിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത് പ്രതാപ്.

സംഗീത് പ്രതാപ്. Photo. X.com

താൻ ചെയ്യാത്തതും പറയാത്തതുമായ കാര്യങ്ങളെക്കുറിച്ച് കേൾക്കുന്ന ഗോസിപ്പുകൾ എൻജോയ് ചെയ്യാറുണ്ട് എന്ന് പറയുകയാണ് സംഗീത് പ്രതാപ്. അത്തരത്തിൽ ഈയിടെ സുഹൃത്ത് തന്നെക്കുറിച്ച് നേരിട്ട് കേട്ട ഒരു രസകരമായ ഗോസിപ്പ് പങ്കുവെക്കുകയാണ് താരം.

‘എന്നെക്കുറിച്ചുള്ള ഗോസിപ്പുകൾ ഞാൻ എൻജോയ് ചെയ്യാറുണ്ട്. അത് നമ്മൾ ചെയ്യാത്തതും പറയാത്തതുമായ കാര്യങ്ങളാണെങ്കിൽ കേൾക്കാൻ ഭയങ്കര ഇൻട്രസ്റ്റ് ആണ്. ഈ അടുത്ത് എന്നെക്കുറിച്ചുള്ള ഒരു രസകരമായ ഗോസിപ്പ് എന്റെ ഫ്രണ്ട് കേട്ടിട്ട് എന്നെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. അവൻ ഒരു കഫേയിൽ പോയപ്പോൾ രണ്ടുപേർ സംസാരിക്കുന്നതിനിടയിൽ നിന്നും നേരിട്ട് കേട്ടതായിരുന്നു അത്,’ സംഗീത പറഞ്ഞു.

തനിക്ക് കാരവാൻ ഇഷ്ടപ്പെടാത്തതുകൊണ്ട് ഷൂട്ടിങ് സെറ്റിൽ നിന്നും ഇറങ്ങിപ്പോയെന്നും, കാരവാന്റെ നിറം ഇഷ്ടപ്പെടാത്തതായിരുന്നു ഇറങ്ങിപ്പോകാനുള്ള കാരണം എന്നുമുള്ള ഗോസിപ്പ് കേട്ടിട്ട് താൻ ഒരുപാട് ചിരിച്ചു എന്ന് പറയുകയാണ് സംഗീത്.

‘അവൻ വിളിച്ചിട്ട് എന്നോട് പറഞ്ഞത് ഞാൻ കാരവാൻ ഇഷ്ടമായില്ല എന്ന് പറഞ്ഞ് സെറ്റിൽ നിന്നും ഇറങ്ങിപ്പോയി എന്നാണ്. എന്നിട്ട് അവൻ തന്നെ പറയുകയാണ് എടാ അത് ഓക്കെ എന്ന് വിചാരിക്കാം, നീ ഇറങ്ങിപ്പോകാനുള്ള കാരണം കാരവാന്റെ കളർ ഇഷ്ടപ്പെടാത്തതാണ് എന്ന്. ഇത് കേട്ടിട്ട് ഞാൻ ഇരുന്ന് കുറെ ചിരിച്ചു. എന്നിട്ട് ഞാൻ അവനോട് പറഞ്ഞു ഇത് അങ്ങനെ തന്നെ നിന്നോട്ടെ, കേൾക്കുന്ന ആളുകൾക്ക് തന്നെ മനസിലാവും എന്ന്,’ നടൻ പറഞ്ഞു.

എഡിറ്റിങ് പോലുള്ള സാങ്കേതിക തലത്തിൽ നിന്നും വന്നതുകൊണ്ടുതന്നെ സെറ്റിലെ ഷൂട്ടിങ് പോലുള്ള ക്രിയേറ്റീവ് കാര്യങ്ങൾ കാണാനും അതിൽ ഇടപെടാനും ഇഷ്ടമുള്ള ഒരു വ്യക്തിയാണ് താനെന്നും പറയുകയാണ് സംഗീത്. ഈയൊരു കാരണം കൊണ്ടാണ് താൻ സെറ്റിൽ പോയാൽ കാരവാനിൽ സമയം ചെലവഴിക്കാത്തതെന്നും താരം തുറന്നുപറയുന്നു.

സംഗീത് പ്രതാപ്. Photo. X.com

‘ഞാൻ കാരവാനിൽ പോയി ഇരിക്കാത്തതിന്റെ സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ, നമ്മൾ ടെക്നിക്കൽ മേഖലയിൽ നിന്നും വന്നതുകൊണ്ട് എനിക്ക് ഈ ക്രിയേറ്റീവ് പരിപാടികളൊക്കെ കണ്ടിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് ഞാൻ ചിലപ്പോൾ മോണിറ്ററിന്റെ അടുത്ത് പോയിരിക്കും, ചിലപ്പോൾ ചില ഷോട്ടുകളിൽ എ.ഡി. ഇല്ലെങ്കിൽ ഞാൻ ആ കാര്യങ്ങൾ ചെയ്യും. അപ്പോൾ ആ ഒരു ഗിവ് ആൻഡ് ടേക്ക് ആണ് സെറ്റിൽ എന്റെ സന്തോഷം,’ സംഗീത് പ്രതാപ് പറഞ്ഞു.

Content Highlight: Sangeeth Prathap talks about the gossips about him

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more