| Sunday, 13th September 2026, 11:01 am

എനിക്ക് ഒരുപാട് അമ്മമാരുടെ സ്നേഹം കിട്ടിയ സിനിമയായിരുന്നു അത്: സംഗീത് പ്രതാപ്

നന്ദന. ടി

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് സംഗീത് പ്രതാപ്. എഡിറ്ററായി മലയാള സിനിമയിൽ എത്തിയ സംഗീത് 2024-ൽ ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്ററക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. എന്നാൽ അഭിനേതാവെന്ന നിലയിൽ താരം ശ്രദ്ധിക്കപ്പെടുന്നത് 2022-ൽ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിലൂടെയാണ്.

സംഗീതിനെ ഇൻഡസ്ട്രിയിൽ ആക്ടറെന്ന നിലയിൽ വലിയ രീതിയിൽ സഹായിച്ച ചിത്രമായിരുന്നു 2024-ൽ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രവും നസ്ലെനൊപ്പമുള്ള കോമ്പിനേഷനും സംഗീതിനെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ ഒരിക്കൽ കൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് താരം.

സംഗീത് പ്രതാപ്. Photo. Screen Grab/ Youtube

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കി സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തുന്ന ഇറ്റ് ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംഗീത്.

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ ഹൃദയപൂർവ്വത്തിലെ തന്റെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നതെന്ന് പറയുകയാണ് സംഗീത്.

മോഹൻലാലിന്റെ ഹോം നഴ്സായ ജെറി എന്ന കഥാപാത്രത്തെയായിരുന്നു സംഗീത് അവതരിപ്പിച്ചത്. ചിത്രത്തിലെ തന്റെ അഭിനയം കണ്ടിട്ട് ഒരുപാട് അമ്മമാരുടെ സ്നേഹം തനിക്ക് ലഭിച്ചിരുന്നു എന്നും സംഗീത് പറഞ്ഞു.

‘ഹൃദയപൂർവ്വം എനിക്ക് നെക്സ്റ്റ് പ്രേമലു പോലെയായിരുന്നു. കാരണം അത്രയും വലിയൊരു സ്വീകാര്യതയായിരുന്നു എനിക്ക് ആളുകളുടെ അടുത്ത് നിന്ന് കിട്ടിയത്. അത്രയും സ്നേഹം ആ കഥാപാത്രം ചെയ്തതിന് എനിക്ക് കിട്ടിയിരുന്നു.

പ്രേമലു കണ്ടത് കുറേ കുട്ടികളാണെങ്കിൽ ഹൃദയപൂർവ്വത്തിലെ അഭിനയം കണ്ടിട്ട് കുറേ അമ്മമാർ വന്നിട്ട് മോനേ, മോഹൻലാലിന്റെ കൂടെയുള്ള പടം കണ്ടൂട്ടോ, നല്ല രസമുണ്ട്, ഇങ്ങനെയൊരു ഹോം നഴ്സ് വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ ഭയങ്കര സന്തോഷമാണ് തോന്നിയത്,’ സംഗീത് പറഞ്ഞു.

മോഹൻലാലിന്റെ കൂടെ അഭിനയിച്ചതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷനിലെ ആരാധകരിൽ നിന്നടക്കം ഒരനിയനോടെന്ന പോലെ അവരുടെ സ്നേഹവും പിന്തുണയും ഇന്നും ലഭിക്കാറുണ്ടെന്നും സംഗീത് തുറന്നുപറഞ്ഞു.

സംഗീത് പ്രതാപ്. Photo. Screen Grab/ Youtube

‘നമ്മൾ എപ്പോഴും പറയാറുള്ള ഒരു ആർമിയാണ് ലാലേട്ടന്റെ ഫാൻസ്. അവരുടെ സ്നേഹവും ഭയങ്കരമാണ്. എന്റെ ഏത് പടം ഇറങ്ങിയാലും അവർ എനിക്ക് മെസ്സേജ് അയക്കാറുണ്ട്. ലാലേട്ടൻ എന്നെ എങ്ങനെ കാണാൻ തുടങ്ങിയോ അതേപോലെ അവരും കാണാൻ തുടങ്ങി. അവർക്ക് ഇന്നും ഞാൻ ഒരനിയനെപ്പോലെയാണ്. എന്റെ ഇനി റിലീസ് ആകാനിരിക്കുന്ന സിനിമയായ മെഡിക്കൽ മിറക്കിളിനൊക്കെ അവരുടെ ഭാഗത്തുനിന്ന് ഒരുപാട് സപ്പോർട്ട് കിട്ടിയിട്ടുണ്ട്,’ സംഗീത് പറഞ്ഞു.

Content Highlight: Sangeeth Prathap talks about the appreciations he received  from the audience for his character from the movie Hridayapoorvam
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more