നടൻ, എഡിറ്റർ എന്നീ നിലകളിൽ ശ്രദ്ധേയനായ താരമാണ് സംഗീത് പ്രതാപ്. ഹൃദയം എന്ന സിനിമയിലൂടെയാണ് സംഗീത് തൻ്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് 2024-ൽ ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിലെ എഡിറ്റിങ്ങിന് മികച്ച എഡിറ്ററിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.
2024-ൽ ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നസ്‌ലെന്‍, മമിത ബൈജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രമാണ് നടൻ എന്ന രീതിയിൽ സംഗീതിനെ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രിയനാക്കിയത്. വീണ്ടും ഗിരീഷ് എ.ഡി.യുടെ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിൻ പോളിയുടെ അനിയനായ ജോയൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും മികച്ച പ്രതികരണങ്ങളാണ് സംഗീതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സംഗീത് പ്രതാപ്. Photo. X.com
ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമയിൽ ബെത്‌ലഹേം കുടുംബ യൂണിറ്റ് സിനിമ കണ്ടശേഷം നടൻ അജു വർഗീസ് സന്തോഷത്തോടെ തന്നെ ഫോണിൽ വിളിച്ച കാര്യം ഓർത്തെടുക്കുകയാണ് സംഗീത് പ്രതാപ്.
ചിത്രത്തിലെ അഭിനയത്തെ അഭിനന്ദിച്ചതിനൊപ്പം, ഒരു ഉപദേശവും അജു വർഗീസ് നാടാണ് നൽകിയിരുന്നു എന്ന് പറയുകയാണ്. ഭാവിയിൽ അഭിനയശൈലി മാറ്റാനോ കോമഡി കഥാപാത്രങ്ങളിൽ നിന്ന് മാറി മറ്റു പരീക്ഷണങ്ങൾ നടത്താനോ പലരും ആവശ്യപ്പെട്ടേക്കാം എന്നും, എന്നാൽ ആ ഉപദേശങ്ങൾ സ്വീകരിക്കരുതെന്നുമാണ് നടൻ പറഞ്ഞിരുന്നതായി പറയുകയാണ് സംഗീത്.
‘ബെത്‌ലഹേം കണ്ടിട്ട് എന്നെ അജു ചേട്ടൻ വിളിച്ചിട്ടുണ്ടായിരുന്നു. ഭയങ്കര ക്ലൗഡഡ് ആയിട്ടിരുന്ന എനിക്ക് ഒരു ഡോർ ഓപ്പണിങ് ആയിരുന്നു അജു ചേട്ടന്റെ ആ കോൾ. ഭയങ്കര സന്തോഷത്തിലായിരുന്നു ചേട്ടൻ.
എന്നോട് ചേട്ടൻ ഒരൊറ്റ കാര്യമാണ് ഒരു ഉപദേശം പോലെ പറഞ്ഞത്. അതെന്താണെന്നു വെച്ചാൽ, ഇനി കുറേ ആളുകൾ വിളിച്ചിട്ട് നിന്നോട് പറയും, നീ ഇപ്പോൾ ചെയ്യുന്ന പരിപാടി മാറ്റ്, റിപ്പീറ്റ് ചെയ്യരുത് എന്നൊക്കെ. പക്ഷേ നിനക്ക് ഇപ്പോൾ ഒരു മോഡുലേഷൻ ഉണ്ട്, നിന്റെതായ കുറേ റിയാക്ഷൻസും ബോഡി ലാംഗ്വേജുമൊക്കെയുണ്ട്. ഈ റിഥം ആണ് ആളുകൾക്ക് ഇഷ്ടപ്പെട്ടത്. അതു കണ്ടാൽ ആളുകൾ ചിരിക്കുന്ന ഒരവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്, അതു നീ വിട്ടുകളയരുത് എന്ന്,’ സംഗീത് പറഞ്ഞു.
മോളിവിഡ് ടൈംസിൽ ഒരു വ്യത്യസ്ത രീതിയിൽ കോമഡി അവതരിപ്പിച്ചതെങ്കിലും, ബെത്‌ലഹേം പോലുള്ള കംഫർട്ട് സിനിമകളിൽ അത്തരം പരീക്ഷണങ്ങൾ നടത്താതിരിക്കുന്നതാണ് സിനിമയ്ക്ക് ഗുണകരമെന്നും സംഗീത് പറഞ്ഞു.
അജു വർഗീസ് . Photo. Screen grab/ Youtube
‘എന്നെ സംബന്ധിച്ചിടത്തോളം ഈ കോമഡി ചെയ്യുമ്പോൾ ആണെങ്കിലും ആ റിഥം വർക്കാവുന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ തന്നെയാണ് കൂടുതൽ ഇഷ്ടം. ഉദാഹരണത്തിന് മോളിവിഡ് ടൈംസിൽ ആ ഒരു റിഥം ബ്രേക്ക് ചെയ്തിട്ടുള്ള കോമഡി കഥാപാത്രമായിരുന്നു, കുറച്ചു ക്വിർക്കിനെസ് പരിപാടിയൊക്കെ വെച്ചായിരുന്നു ആ വേഷം ചെയ്തത്. പക്ഷേ അതല്ലാത്ത ബെത്‌ലഹേം പോലുള്ള നമ്മുടെ കംഫർട്ട് സോൺ പടങ്ങളിൽ കൂടുതൽ എക്സ്പീരിമെന്റ്സ് നടത്താതെ നമ്മളുടെ ടെയ്‌ലർ മെയ്ഡ് സാധനങ്ങൾ കൊടുക്കുന്നതാണ് ആ സിനിമയ്ക്ക് ഗുണം ചെയ്യുക,’ സംഗീത് പറഞ്ഞു.