| Thursday, 10th September 2026, 10:25 pm

നസ്‌ലെനും മമിതയും അടിപൊളിയാകുമെന്ന് അന്നേ തോന്നിയിരുന്നു: സംഗീത് പ്രതാപ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് സംഗീത് പ്രതാപ്. എഡിറ്ററായി മലയാള സിനിമയില്‍ എത്തിയ സംഗീത് 2024ല്‍ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. എന്നാല്‍ അഭിനേതാവെന്ന നിലയില്‍ സംഗീത് ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിലൂടെയാണ്.

പ്രേമലു. Photo: IMDB

സംഗീതിനെ ഇന്‍ഡസ്ട്രിയില്‍ ആക്ടറെന്ന നിലയില്‍ വലിയ രീതിയില്‍ സഹായിച്ച ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. സംഗീതിനൊപ്പം തന്നെ നസ്‌ലെന്‍, മമിത തുടങ്ങിയവരുടെയും കരിയര്‍ മാറ്റിമറിച്ച ചിത്രമായിരുന്നു പ്രേമലു. ചിത്രത്തിലെ റീനുവായും സച്ചിനായുമുള്ള ഇരുവരുടെയും പ്രകടനം സൗത്ത് ഇന്ത്യന്‍ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും സ്റ്റാര്‍ വാല്യൂവുള്ള അഭിനേതാക്കാളായി ഇവരെ മാറ്റുകയും ചെയ്തിരുന്നു.

ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളായ തണ്ണീര്‍ മത്തന്‍ ദിനങ്ങളും, സൂപ്പര്‍ ശരണ്യയുമായിരുന്നു ഇരുവരുടെയും കരിയറിന്റെ ആരംഭത്തില്‍ സഹായിച്ച ചിത്രങ്ങള്‍. അന്ന് മുതല്‍ തന്നെ അവരില്‍ വലിയ അഭിനേതാക്കാളാവാനുള്ള പൊട്ടന്‍ഷ്യലുണ്ടെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് പറയുകയാണ് സംഗീത് പ്രതാപ്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം,’ സംഗീത് പറഞ്ഞു.

‘നസ്‌ലെനെ ആദ്യം കാണുന്നത് തണ്ണീര്‍ മത്തനില്‍ വെച്ചിട്ടാണ്. അന്ന് ഞാന്‍ സ്‌പോട്ട് എഡിറ്ററായിരുന്നു. ഇവനെന്തായാലും ഇവിടെ ഭയങ്കര അടിപൊളിയായിരിക്കും എന്ന് അന്ന് തന്നെ തോന്നിയിരുന്നു. അതുപോലെ തന്നെയായിരുന്നു മമിതയെ കണ്ടപ്പോഴും. സൂപ്പര്‍ ശരണ്യയില്‍ ഞങ്ങള്‍ രണ്ട് പേരും കോമ്പിനേഷന്‍ ഉള്ള ഒരൊറ്റ സീനാണ് ഉള്ളത്. അത് കണ്ടപ്പോള്‍ തന്നെ ഭയങ്കര രസമുണ്ടല്ലോ ഈ കുട്ടി എന്ന് തോന്നിയിരുന്നു. കഥയെനിക്ക് അറിയാമായിരുന്നുവെങ്കിലും എന്ത് വേഷമാണ് ചിത്രത്തില്‍ ചെയ്യുന്നത് എന്നൊന്നും അറിയില്ലായിരുന്നു.

Photo: X.com

പക്ഷേ പ്രേമലുവിലേക്കെത്തിയപ്പോഴേക്കും ഇവര്‍ രണ്ട് പേരും അവരുടെ കഴിവ് തെളിയിച്ച് കഴിഞ്ഞിരുന്നു. അവര്‍ ഏറ്റവും ഉയരത്തില്‍ എത്തി നില്‍ക്കുന്ന സമയത്ത് തന്നെയാണ് ഈ സിനിമകള്‍ ചെയ്തത്. അതില്‍ നിന്നുമുള്ള ഗ്രോത്താണ് പിന്നീട് കണ്ടത്,’ സംഗീത് പറഞ്ഞു.

Content Highlight: Sangeeth Prathap talks about Mamitha Baiju and Naslen

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more