| Sunday, 31st August 2025, 12:27 pm

ഹൃദയപൂര്‍വ്വം; സത്യന്‍ സാര്‍ അന്ന് എന്നെ കുറിച്ച് പറഞ്ഞത് കേട്ടതും പേടിയായി: സംഗീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ ചിത്രങ്ങളിലൂടെ നടനെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ വ്യക്തിയാണ് സംഗീത് പ്രതാപ്. എന്നാല്‍ എഡിറ്ററായിട്ടാണ് അദ്ദേഹം മലയാള സിനിമയിലേക്ക് കടന്നുവന്നത്.

2024ല്‍ പുറത്തിറങ്ങിയ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടാന്‍ സംഗീതിന് സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രമായ പ്രേമലുവാണ് സംഗീതിനെ ജനപ്രിയനാക്കിയത്.

പ്രണവ് മോഹന്‍ലാലിനൊപ്പം ഹൃദയം എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഹന്‍ലാലിനൊപ്പം തുടരും, ഹൃദയപൂര്‍വ്വം എന്നീ സിനിമകളിലും സംഗീത് അഭിനയിച്ചു. ഹൃദയപൂര്‍വ്വം സിനിമയില്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന മുഴുനീള വേഷമാണ് അദ്ദേഹം ചെയ്തത്.

മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട് കോമ്പോയുടെ കൂടെയാണ് വര്‍ക്ക് ചെയ്യാന്‍ പോകുന്നതെന്ന എക്‌സൈറ്റ്‌മെന്റ് തനിക്കുണ്ടായിരുന്നുവെന്ന് പറയുകയാണ് സംഗീത് പ്രതാപ്. ഏതോ ഇന്റര്‍വ്യൂവില്‍ സത്യന്‍ അന്തിക്കാട് മോഹന്‍ലാലുമായുള്ള തന്റെ കോമ്പോയെ ജഗതി, ശ്രീനിവാസന്‍ എന്നിവരുടെ കഥാപാത്രങ്ങളെ വെച്ച് കമ്പയര്‍ ചെയ്ത് സംസാരിച്ചതിനെ കുറിച്ചും സംഗീത് പറയുന്നു.

‘ശരിക്കും പറഞ്ഞപ്പോള്‍ എനിക്ക് ഭയം തുടങ്ങുന്നത് സത്യന്‍ സാറൊക്കെ എന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോഴാണ്. അതുവരെ എനിക്ക് പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. ജോലിയുടെ ഭാഗമായിട്ട് ഏറ്റവും സന്തോഷത്തോടെ ചെയ്ത് വരികയായിരുന്നു.

സത്യന്‍ സാര്‍ എന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞത് ശരിക്കും നല്ലൊരു മൊമന്റായിരുന്നു. ഞാന്‍ ഒരു ട്രോള്‍ മീമായിട്ടായിരുന്നു സത്യന്‍ സാര്‍ പറഞ്ഞ കാര്യങ്ങള്‍ വായിക്കുന്നത്,’ സംഗീത് പറയുന്നു.

പിന്നീട് ആളുകള്‍ ഇങ്ങനെ പറഞ്ഞു തുടങ്ങിയപ്പോള്‍ തനിക്ക് ടെന്‍ഷനാകാന്‍ തുടങ്ങിയെന്നും തിയേറ്ററില്‍ ആ ചിരി കിട്ടിയില്ലെങ്കില്‍ എന്തുചെയ്യുമെന്ന പേടി വന്നുവെന്നും നടന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത്.

‘ടീസര്‍ വന്നപ്പോള്‍ എന്റെ കഥാപാത്രത്തെ കുറിച്ച് ആളുകള്‍ സംസാരിച്ചിരുന്നു. ഡയലോഗൊന്നും ഇല്ലെങ്കില്‍ പോലും എവിടെയൊക്കെയോ അത് വര്‍ക്കായിയെന്ന് ആളുകള്‍ പറഞ്ഞു. അപ്പോള്‍ ചെറിയ കോണ്‍ഫിഡന്‍സ് തോന്നി. പക്ഷെ സിനിമ ഇറങ്ങുന്നതിന്റെ അവസാനത്തെ മൂന്ന് ദിവസം നല്ല പേടിയായിരുന്നു. പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന പേടി വന്നു,’ സംഗീത് പ്രതാപ് പറയുന്നു.


Content Highlight: Sangeeth Prathap Talks About Hridayapoorvam And Sathyan Anthikkad’s Comment

We use cookies to give you the best possible experience. Learn more