| Thursday, 17th September 2026, 11:45 pm

ഒരു പെര്‍ഫോമറായിട്ടുള്ള രീതിയില്‍ എന്റെ തുടക്കമായിട്ടാണ് ചിത്രത്തെ കാണുന്നത്: ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളിനെ കുറിച്ച് സംഗീത് പ്രതാപ്

അശ്വിന്‍ രാജേന്ദ്രന്‍

ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ അഭിനേതാവെന്ന നിലയില്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് സംഗീത് പ്രാതാപ്. എഡിറ്ററായി സിനിമയില്‍ കരിയര്‍ ആരംഭിച്ച താരം സൈഡ് റോളുകളിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രം താരത്തിന്റെ കരിയറില്‍ വലിയ ബൂസ്റ്റായിരുന്നു നല്‍കിയത്.

പിന്നാലെ സത്യന്‍ അന്തിക്കാട് സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹൃദയപൂര്‍വം എന്ന ചിത്രത്തില്‍ മോഹന്‍ലാലുമൊത്തുള്ള താരത്തിന്റെ കോമ്പിനേഷനും വലിയ കൈയടി ലഭിച്ചിരുന്നു. 300 കോടി നേടി വന്‍ ഹിറ്റായി നില്‍ക്കുന്ന ബെത്‌ലഹേം കുടുംബ യുൂണിറ്റിലെ ജോയലായുള്ള പെര്‍ഫോമന്‍സ് വരെ എത്തിനില്‍ക്കുകയാണ് സംഗീതിന്റെ കരിയര്‍.

Photo: X.com

താരത്തിന്റെ കരിയറിലെ വലിയ ഒരു ചുവടുവെപ്പാണ് നാളെ (വെള്ളി) പുറത്തിറങ്ങാനിരിക്കുന്ന ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. ദുബൈയില്‍ വെച്ച് നടന്ന ചിത്രത്തിന്റെ പ്രീമിയറിന് പിന്നാലെ മികച്ച പ്രതികരണമാണ് പുറത്ത് വരുന്നത്. നായകനായി പുതിയ സിനിമയിലഭിനയിച്ചതിനെ കുറിച്ച് സംഗീത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ സത്യം പറഞ്ഞാല്‍ ഞാനെന്റെ ഒരു തുടക്കമായിട്ടാണ് ഇതിനെ കാണുന്നത്. ഇപ്പോഴുള്ള സ്ഥലത്ത് നിന്നും തിരിച്ച് പോയിട്ട് ഒന്നില്‍ നിന്നും തുടങ്ങാനുള്ള പരിപാടിയാണ്. അത് ലീഡ് ക്യാരക്ടേഴ്‌സ് ചെയ്യാനുള്ള തീരുമാനത്തിന്റെ തുടക്കമൊന്നുമല്ല, പക്ഷേ ഒരു പെര്‍ഫോമര്‍ എന്ന രീതിയിലും നമ്മള്‍ എടുക്കുന്ന റിസ്‌കുകളുടെ ഭാഗമെന്ന രീതിയിലുമെല്ലാം പുതിയ തുടക്കമായിട്ടിതിനെ കാണുന്നുണ്ട്.

ഈ സിനിമ ഒരു എക്‌സ്ട്രാ ഓര്‍ഡിനറിയായ ആള്‍ ഒരു ഓര്‍ഡിനറി സിറ്റുവേഷനില്‍ വരുന്ന കഥയാണ്. നമ്മളെപ്പോഴും പറക്കുക, കോര്‍പ്പറേറ്റുകളെ തകര്‍ക്കുക, ലോകത്തെ രക്ഷിക്കുക, എന്ന് പറയുന്നിടത്ത് നിന്നും മാറി, ഈ സൂപ്പര്‍ പവറുകള്‍ നമുക്ക് വന്ന് കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ എന്നുള്ളതാണ് നോക്കുന്നത്,’ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംഗീത് പറഞ്ഞു.

ഇറ്റ്‌സ് എ മെഡിക്കല്‍. Photo: X.com

നവാഗതനായ ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്യുന്ന ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളില്‍ ഷറഫുദ്ദീനും അഖില ഭാഗര്‍ഗവനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. നിലിന്‍ സാന്ദ്ര തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു മുജീബ് മജീദാണ്.

Content Highlight: Sangeeth Prathap talks about his upcoming movie in which he act as hero

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more