| Monday, 14th September 2026, 7:11 pm

ഹെലന്‍ എന്ന പടത്തില്‍ ഞാന്‍ അഭിനയിച്ചത് ആര്‍ക്കും അധികം അറിയില്ല, പൊക്കിയാല്‍ തീര്‍ന്നു: സംഗീത് പ്രതാപ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് സംഗീത് പ്രതാപ്. എഡിറ്ററായി മലയാള സിനിമയില്‍ എത്തിയ സംഗീത് 2024ല്‍ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. എന്നാല്‍ അഭിനേതാവെന്ന നിലയില്‍ സംഗീത് ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിലൂടെയാണ്.

സംഗീതിനെ ഇന്‍ഡസ്ട്രിയില്‍ ആക്ടറെന്ന നിലയില്‍ വലിയ രീതിയില്‍ സഹായിച്ച ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രവും നസ്‌ലെനൊപ്പമുള്ള കോമ്പിനേഷനും സംഗീതിനെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ ഒരിക്കല്‍ കൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് താരം. 300 കോടിയും പിന്നിട്ട് വലിയ കുതിപ്പാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നടത്തുന്നത്.

Photo: X.com

സംഗീത് നായകനായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ഇറ്റ്‌സ് എ മെഡിക്കിള്‍ മിറാക്കിള്‍. അടുത്തിടെ കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഹെലന്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് സംഗീത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ താന്‍ ചെറിയൊരു വേഷം അവതരിപ്പിച്ചത് ആരും തിരിച്ചറിഞ്ഞിട്ടില്ലെന്നും അറിഞ്ഞാല്‍ അത് ട്രോളാവുമെന്നും താരം പറയുന്നു.

‘ഹെലന്‍ എന്ന പടത്തില്‍ ഞാന്‍ അഭിനയിച്ചത് ആര്‍ക്കും അധികം അറിയില്ല. അത് ആരെങ്കിലും കണ്ടാല്‍ പ്രശ്‌നവുമാണ്. ട്രോളുകളൊക്കെ കിട്ടാന്‍ സാധ്യതയുണ്ട്. ആ സീനെല്ലാം ആരെങ്കിലും കുത്തിപൊക്കിയാല്‍ ഞാന്‍ തീര്‍ന്നു. അന്നാ ബെന്നിനെ കമന്റടിച്ചിട്ട് പിറ്റേ ദിവസം നോബിള്‍ ചേട്ടന്‍ വന്ന് അടി തരുന്നതാണ് എന്റെ റോള്‍. സ്‌കൂളില്‍ പോവുന്ന ഒരു പയ്യനായ മോഡേണ്‍ പൂവാലനായിരുന്നു. അടി കിട്ടുന്ന ഷോട്ടിന് രണ്ട് അഭിപ്രായങ്ങള്‍ വന്നു.

സംഗീത് പ്രതാപ്. Photo: Screen Grab/ Karthik Surya/ Youtube.com

എന്നെ വളരെ അടുത്തറിയുന്നവര്‍ക്ക് മാത്രമേ ആ റോള്‍ ചെയ്തത് ഞാനാണെന്ന് മനസിലായിട്ടുള്ളൂ. അവര്‍ തന്നെ രണ്ട് അഭിപ്രായം പറഞ്ഞിരുന്നു. ഒരു അഭിപ്രായം ജഗതി ചേട്ടന്റെ മാനറിസം പോലെ തോന്നിയെന്നും മറ്റൊരു അഭിപ്രായം ഞാന്‍ ഷോട്ടില്‍ ചിരിച്ചു എന്നുള്ളതുമായിരുന്നു. ,’ സംഗീത് പറഞ്ഞു.

Content Highlight: Sangeeth Prathap talks about his role in Helen Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more