| Wednesday, 3rd September 2025, 6:46 am

സച്ചിനും അമല്‍ ഡേവിസും പോലെ; അദ്ദേഹം പറഞ്ഞത് കേട്ട് ഞാന്‍ പേടിച്ചു: സംഗീത് പ്രതാപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഡിറ്ററായി തന്റെ സിനിമാകരിയര്‍ ആരംഭിക്കുകയും ഒടുവില്‍ ചുരുങ്ങിയ ചിത്രങ്ങളിലൂടെ നടനെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനുമായ വ്യക്തിയാണ് സംഗീത് പ്രതാപ്. 2024ല്‍ പുറത്തിറങ്ങിയ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടാന്‍ സംഗീതിന് സാധിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രമായ പ്രേമലുവാണ് സംഗീതിനെ ജനപ്രിയനാക്കിയത്. പ്രണവ് മോഹന്‍ലാലിനൊപ്പം ഹൃദയം എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഹന്‍ലാലിനൊപ്പം തുടരും, ഹൃദയപൂര്‍വ്വം എന്നീ സിനിമകളിലും സംഗീത് അഭിനയിച്ചു.

ഹൃദയപൂര്‍വ്വം സിനിമയില്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന മുഴുനീള വേഷമാണ് അദ്ദേഹം ചെയ്തത്. ഇപ്പോള്‍ ഹൃദയപൂര്‍വ്വത്തില്‍ അഭിനയിച്ചതിനെ കുറിച്ചും സത്യന്‍ അന്തിക്കാടിനെ കുറിച്ചും പറയുകയാണ് സംഗീത് പ്രതാപ്.

ഹൃദയപൂര്‍വ്വം സിനിമയില്‍ ഞാന്‍ ജെറിയെന്ന കഥാപാത്രമാണ് ചെയ്തത്. ലാലേട്ടന്റെ കൂടെ തോളോട് ചേര്‍ന്ന് ഈ സിനിമയില്‍ ഞാന്‍ ത്രൂ ഔട്ട് നടക്കുന്നുണ്ട്. എന്നോട് അനൂപേട്ടനും അഖിലേട്ടനുമാണ് ആദ്യമായി ഈ പടത്തിനെ കുറിച്ച് പറയുന്നത്.

അടുത്ത പടത്തില്‍ നീയുണ്ടെന്ന് പറയുകയായിരുന്നു. ആ കഥാപാത്രത്തെ കുറിച്ച് പറയുമ്പോള്‍ ‘അമല്‍ ഡേവിസ് അവിടുന്ന് വരും. നടന്നുവന്ന് ഇങ്ങനെ ചെയ്തിട്ട് പോകും’ എന്നൊക്കെയാണ് സത്യന്‍ സാര്‍ പറഞ്ഞത്,’ സംഗീത് പ്രതാപ് പറയുന്നു.

മോഹന്‍ലാലിനൊപ്പം പിടിച്ചു നില്‍ക്കുന്ന കാര്യം പറഞ്ഞ് തന്നെ എല്ലാവരും പേടിപ്പിച്ചിട്ടാണ് ഹൃദയപൂര്‍വ്വം സിനിമയുടെ സെറ്റിലേക്ക് വിട്ടതെന്നും നടന്‍ പറഞ്ഞു. താന്‍ അതിനുമുമ്പ് തുടരും സിനിമയില്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടെന്നും അതില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ താന്‍ അദ്ദേഹത്തിന്റെ കൂടെ വളരെ കംഫേര്‍ട്ടബിളായിരുന്നുവെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടന്‍.

ഹൃദയപൂര്‍വ്വത്തില്‍ നിറയെ കോമഡിയാണ്. മാത്രമല്ല ത്രൂ ഔട്ട് ലാലേട്ടന്റെയും എന്റെയും റാപ്പോ വര്‍ക്കാക്കി എടുക്കണം. സത്യന്‍ സാര്‍ അതും ഇടക്കിടെ പറയുമായിരുന്നു. ‘നിങ്ങളുടെ കോമ്പിനേഷനാണ് വര്‍ക്കാകേണ്ടത്. സച്ചിനും അമല്‍ ഡേവിസും വര്‍ക്കായത് പോലെ ഈ സിനിമയില്‍ ലാലിന്റെയും നിന്റെയും കഥാപാത്രം വര്‍ക്കാകണം’ എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ പേടിയിലാണ് ഞാന്‍ സത്യത്തില്‍ ലൊക്കേഷനില്‍ എത്തിയത്,’ സംഗീത് പ്രതാപ് പറയുന്നു.


Content Highlight: Sangeeth Prathap Talks About His Experience In Hridayapoorvam Movie And Sathyan Anthikkad

We use cookies to give you the best possible experience. Learn more