| Saturday, 12th September 2026, 2:33 pm

കണ്ണാടിയിൽ നോക്കിയുള്ള തയാറെടുപ്പുകൾ ചെയ്യാറില്ല, എനിക്കത് ഭയങ്കര പാടാണ്: സംഗീത് പ്രതാപ്

നന്ദന. ടി

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് സംഗീത് പ്രതാപ്. എഡിറ്ററായി മലയാള സിനിമയില്‍ എത്തിയ സംഗീത് 2024ല്‍ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. എന്നാല്‍ അഭിനേതാവെന്ന നിലയില്‍ താരം ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിലൂടെയാണ്.

സംഗീതിനെ ഇന്‍ഡസ്ട്രിയില്‍ ആക്ടറെന്ന നിലയില്‍ വലിയ രീതിയില്‍ സഹായിച്ച ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രവും നസ്ലെനൊപ്പമുള്ള കോമ്പിനേഷനും സംഗീതിനെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ ഒരിക്കല്‍ കൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് താരം.

സംഗീത് പ്രതാപ്. Photo. Screen Grab/ Youtube

കാർത്തിക് സൂര്യയുമായുള്ള പോഡ്‌കാസ്റ്റിൽ ഒരു കഥാപാത്രത്തിനു വേണ്ടി താൻ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത് പ്രതാപ്.

സ്‌ക്രിപ്റ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഓരോ കഥാപാത്രത്തിനും തയ്യാറെടുക്കുന്നതെന്നും, ഷൂട്ടിങ്ങിന് മുമ്പ് കഥാപാത്രത്തെക്കുറിച്ച് തന്റേതായൊരു ധാരണ രൂപപ്പെടുത്താറുണ്ടെന്നും സംഗീത് പ്രതാപ് പറയുന്നു. എന്നാൽ സംവിധായകന്റെ കാഴ്ചപ്പാടിനനുസരിച്ച് ആ തയ്യാറെടുപ്പുകളിൽ മാറ്റം വരുത്താറുണ്ടെന്നും താരം വ്യക്തമാക്കി.

‘ഞാൻ എപ്പോഴും സ്‌ക്രിപ്റ്റിൽ ഫോക്കസ് ചെയ്തിട്ടാണ് പഠിക്കുന്നത്. ഒരു സിനിമ കിട്ടിയാൽ അതിന്റെ സ്‌ക്രിപ്റ്റ് നാലോ അഞ്ചോ തവണയെങ്കിലും ഞാൻ വായിച്ചു നോക്കാറുണ്ട്. അങ്ങനെ സ്‌ക്രിപ്റ്റ് വായിച്ച് ഷൂട്ടിന് എത്തുന്നതിനു മുന്നേ ആ കഥാപാത്രത്തെക്കുറിച്ച് നമ്മളുടേതായ ഒരു നോട്ടും ഉണ്ടാക്കും.

പക്ഷേ ഇതെല്ലാം ജസ്റ്റ് നമ്മുടെ ഒരു എക്സസൈസ് പോലെ മാത്രമാണ്. കാരണം, ആ കഥാപാത്രവുമായി ഡയറക്ടറുടെ അടുത്തെത്തുമ്പോൾ നമ്മൾ തയാറാക്കിയ എല്ലാ ട്രെയ്റ്റുകളും ഡയറക്ടർക്ക് ആവശ്യമുണ്ടാകണമെന്നില്ല, ചിലപ്പോൾ ഇതിൽ നിന്നും വ്യത്യസ്തമായി പുതിയൊരു കാര്യമായിരിക്കും വേണ്ടിവരുക.

പിന്നെ നമ്മൾ കണ്ടിട്ടുള്ള ചില വിഷ്വൽ ലൈബ്രറികളൊക്കെ സ്‌പൊണ്ടേനിയസ് ആയിട്ട് വർക്ക് ചെയ്യും, അതായത് നമ്മൾ കണ്ടിട്ടുള്ള ചില സാധനങ്ങളൊക്കെ പെട്ടെന്ന് അവിടെ പ്രയോഗിക്കുകയും അത് വർക്ക് ആവുകയും ചെയ്യുമ്പോൾ പിന്നെ അതിൽ പിടിച്ച് മുന്നോട്ട് പോവുകയാണ് ചെയ്യാറുള്ളത്,’ സംഗീത് പറഞ്ഞു.

ഒരു കഥാപാത്രത്തെ പൂർണമായി മനസിലാക്കാൻ ആദ്യത്തെ അഞ്ച് ദിവസങ്ങൾ ആവശ്യമാണെന്ന് പറയുകയാണ് സംഗീത്. കണ്ണാടിക്ക് മുന്നിലുള്ള പരിശീലനം പോലുള്ള രീതികൾ തനിക്ക് ബുദ്ധിമുട്ടാണെങ്കിലും, അത്തരം തയ്യാറെടുപ്പുകൾ ഏറെ പ്രയോജനകരമാണെന്നും താരം പറയുന്നു.

സംഗീത് പ്രതാപ്. Photo. Screen Grab/ Youtube

‘ബേസിക്കലി എനിക്ക് മനസിലായത്, ആദ്യത്തെ ഒരു അഞ്ചു ദിവസം കൊണ്ടാണ് നമുക്ക് കിട്ടിയ ഒരു കഥാപാത്രത്തെ പഠിക്കുന്നതും മനസിലാക്കുന്നതുമൊക്കെ. പിന്നെ കണ്ണാടിയിലൊക്കെ നോക്കിയിട്ടുള്ള തയാറെടുപ്പുകൾ ഒന്നും ഞാൻ നടത്താറില്ല, കാരണം അത് ഭയങ്കര പാടാണ്, എന്നാൽ നല്ല ഉപകാരവുമാണ്. ഞാൻ പോയിട്ടുള്ള വർക്ക്‌ഷോപ്പുകളിലൊക്കെ നമ്മൾ നമ്മളെത്തന്നെ കണ്ടുകഴിഞ്ഞാൽ കുറച്ചുകൂടി റിഫൈൻ ചെയ്യാനും മോൾഡ് ചെയ്യാനും ഒക്കെ പറ്റുമെന്ന് കേട്ടിട്ടുണ്ട്, പക്ഷേ എനിക്കത് ഭയങ്കര പാടാണ്,’ സംഗീത പ്രതാപ് പറഞ്ഞു.

Content Highlight: Sangeeth Prathap talks about his character prepartions

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more