| Friday, 18th September 2026, 7:48 am

ഇതുവരെ ഷൂട്ടിന് മുമ്പ് പ്രിപ്പെയര്‍ ചെയ്യുന്ന ആളല്ലായിരുന്നു, പക്ഷേ ഇപ്പോള്‍ വേണ്ടി വന്നു: സംഗീത് പ്രതാപ്

നന്ദന. ടി

ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ അഭിനേതാവെന്ന നിലയിൽ മലയാള സിനിമയിൽ തന്റെ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് സംഗീത് പ്രതാപ്. എഡിറ്ററായി സിനിമയിൽ കരിയർ ആരംഭിച്ച താരം സൈഡ് റോളുകളിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാൽ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ പ്രേമലു. ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രം താരത്തിന്റെ കരിയറിൽ വലിയൊരു ബൂസ്റ്റാണ് നൽകിയത്.

പിന്നാലെ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയപൂർവ്വം എന്ന ചിത്രത്തിൽ മോഹൻലാലുമൊത്തുള്ള താരത്തിന്റെ കോമ്പിനേഷനും വലിയ കയ്യടി ലഭിച്ചിരുന്നു. പിന്നീട് ബോക്സ് ഓഫീസ് വിജയം നേടിയ ബെത്‌ലഹേം കുടുംബയൂണിറ്റിലെ ജോയലായുള്ള പെർഫോമൻസ് വരെ എത്തിനിൽക്കുകയാണ് സംഗീതിന്റെ കരിയർ.

സംഗീത് പ്രതാപ്. Photo. X.com

താരത്തിന്റെ കരിയറിലെ വലിയൊരു ചുവടുവെപ്പാണ് ഇന്ന് തീയേറ്ററുകളിൽ എത്തുന്ന ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ. നവാഗതനായ ശ്യാമിൻ ഗിരീഷിന്റെ സംവിധാനത്തിൽ ഷറഫുദ്ദീൻ, അഖില ഭാർഗവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ചിത്രത്തിൽ ആദ്യമായി നായകനായതിനെക്കുറിച്ചും കഥാപാത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും സംഗീത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

പൊതുവെ താൻ അഭിനയിക്കുന്നതിന് മുമ്പ് പ്രിപ്പെറേഷൻസ് നടത്തുന്ന ആളല്ലെന്നും, എന്നാൽ ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിളിലെ റൂബിൻ എന്ന കഥാപാത്രത്തിന് വേണ്ടി ഷൂട്ടിന് മുമ്പ് ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും പറയുകയാണ് സംഗീത് പ്രതാപ്. പ്രത്യേക കേൾവിശക്തി ലഭിക്കുന്ന റൂബിൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ കുറച്ചധികം പണിയെടുക്കേണ്ടി വന്നിട്ടുണ്ടെന്നും നടൻ പറയുന്നു.

‘ഞാൻ അങ്ങനെ ഷൂട്ടിന് മുമ്പ് പ്രിപ്പെയർ ചെയ്യുന്ന ആളല്ലായിരുന്നു. പക്ഷേ ഈ സിനിമയ്ക്ക് വേണ്ടി കുറെ പ്രിപ്പെയര്‍ ചെയ്തിട്ടുണ്ട്. എന്ന് പറഞ്ഞാൽ നമ്മൾ വേറെ എവിടെയും പോയിട്ടൊന്നുമല്ല, പകരം നമ്മുടെ വീട്ടിലിരുന്ന് തന്നെ സിനിമയുടെ സ്ക്രിപ്റ്റും അതിലേക്ക് വേണ്ട കാര്യങ്ങളും പ്ലാൻ ചെയ്യുകയായിരുന്നു.

സിനിമയുടെ ട്രെയിലർ കണ്ടവർക്കറിയാം, ഒരു മുറിയിൽ ആരും ശ്രദ്ധിക്കാത്ത വളരെ ചെറിയ സൗണ്ടുകൾ പോലും ഞാൻ ചെയ്ത റൂബിൻ എന്ന ക്യാരക്ടർ ഫോക്കസ് ചെയ്യുന്ന സാഹചര്യങ്ങൾ കഥയിലുണ്ട്. അപ്പോൾ ആ ഒരു കാര്യം പ്ലേ ചെയ്യാൻ എനിക്ക് കുറച്ച് പാടായിരുന്നു. ആ ഒരു സെൻസ് ഓഫ് അവെയർനെസ്സ് കൂട്ടാൻ വേണ്ടിയൊക്കെ കുറച്ച് പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. ഈ സിനിമയിലെ ഏറ്റവും വലിയ ചലഞ്ചും അതായിരുന്നു,’ നടൻ പറഞ്ഞു.

സിനിമയിലെ തന്റെ ആദ്യ നായക കഥാപാത്രത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകൾ ഇനി ജീവിതത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ പോലും ചെയ്യാൻ സാധിക്കുമോ എന്ന് തനിക്ക് അറിയില്ല എന്നും സംഗീത് കൂട്ടിച്ചേർത്തു.

ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ

‘ഈ സിനിമ അതിന്റെ ഭംഗിയിൽ തന്നെ എക്സിക്യൂട്ട് ചെയ്യാൻ വേണ്ടി ശാരീരികമായി കുറച്ച് എഫർട്സ് ഒക്കെ എടുക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ അതൊക്കെ എനിക്ക് ഓക്കെയാണ്, കാരണം ഇനിയും അങ്ങനെയുള്ള സിനിമകളൊക്കെ ചെയ്യേണ്ടി വരും. പക്ഷെ ഈ ഹീറോയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ ഇനി ലൈഫിൽ മറ്റൊരു കഥാപാത്രത്തിന് വേണ്ടി ചെയ്യാൻ പറ്റുമോ എന്നറിയില്ല. കാരണം അത്രയും ലെയേഴ്സ് ആ സിനിമയ്ക്കുള്ളത് പോലെ തന്നെ എനിക്കും ചെയ്യേണ്ടി വന്നിട്ടുണ്ട്, അത് ഭയങ്കര പാടായിരുന്നു,’ സംഗീത് പ്രതാപ് പറഞ്ഞു.

Content Highlight: Sangeeth Prathap talks about his character preparation for his first movie as a lead, ‘It’s a Medical Miracle

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more