മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് സംഗീത് പ്രതാപ്. എഡിറ്ററായി മലയാള സിനിമയില്‍ എത്തിയ സംഗീത് 2024ല്‍ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. എന്നാല്‍ അഭിനേതാവെന്ന നിലയില്‍ സംഗീത് ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിലൂടെയാണ്.
സംഗീതിനെ ഇന്‍ഡസ്ട്രിയില്‍ ആക്ടറെന്ന നിലയില്‍ വലിയ രീതിയില്‍ സഹായിച്ച ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രവും നസ്‌ലെനൊപ്പമുള്ള കോമ്പിനേഷനും സംഗീതിനെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റിലൂടെ ഒരിക്കല്‍ കൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് താരം.
Photo: X.com
ഈ വര്‍ഷം താരത്തിന്റെതായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ മോളിവുഡ് ടൈംസ്. നസ്‌ലെന്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം ഒ.ടി.ടി റിലീസിന് ശേഷം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട കഥാപാത്രങ്ങളാണ് ചിത്രത്തിലേതെന്ന സംവിധായകന്റെ വാക്കുകളായിരുന്നു ഇതിന്റെ കാരണം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും മലയാള സിനിമയിലെ പ്രമുഖരുമായി താരതമ്യം ചെയ്തുള്ള ചര്‍ച്ചകളും വൈറലായിരുന്നു.
മോളിവുഡ് ടൈംസില്‍ അര്‍ജുന്‍ ഹരിദാസ് എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയായിരുന്നു സംഗീത് അവതരിപ്പിച്ചത്. ഇപ്പോഴിതാ ബെതലഹേമുമായി ബന്ധപ്പെട്ട് ദി ഫോര്‍ത്ത് വാളിന് നല്‍കിയ അഭിമുഖത്തില്‍ കഥാപാത്രം ചെയ്യുന്നതിന് മുമ്പ് തനിക്കുണ്ടായ ആശങ്കയെ കുറിച്ച് സംസാരിക്കുകയാണ് സഗീത് പ്രതാപ്.
‘മോളിവുഡ് ടൈസിന്റെ കഥ കേട്ട് കഴിഞ്ഞപ്പോള്‍ അര്‍ജുന്‍ ഹരിദാസ് ശരിക്കും ആരാണെന്ന് അഭി ചേട്ടനോട് ഞാന്‍ ചോദിച്ചിരുന്നു. അത് ഒരാളല്ലെന്നും പല ആളുകള്‍ ചേര്‍ന്നതാണെന്നുമായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. നമ്മുടെ കരിയറില്‍ നമ്മള്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഒരുപാട് പേരുടെ ഫേസാണ് അതെന്ന് അഭി ചേട്ടന്‍ വിശദീകരിച്ചു. പക്ഷേ ആ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ട്രെയ്‌സില്‍ ഞാന്‍ കിടക്കുന്നുണ്ട് എന്നതായിരുന്നു എന്റെ ആശങ്ക.
Photo: IMDB
പിന്നില്‍ നിന്നും കുത്തുന്ന ഭാഗമല്ല. അര്‍ജുന്‍ ഹരിദാസ് ചിരിച്ച് തമാശയെല്ലാം പറയുന്നത് എന്റെ സ്വഭാവവുമായി എനിക്ക് സാമ്യത തോന്നി. എന്നെ ഈ കഥാപാത്രവുമായി അസോസിയേറ്റ് ചെയ്യുമോ എന്നും സിനിമ ഇറങ്ങിക്കഴിഞ്ഞ് ഞാന്‍ പുറത്ത് പോയി ഒരാളോട് വളരെ ജെനുവിനായി സംസാരിക്കുമ്പോള്‍ ഇവന്‍ അര്‍ജുന്‍ ഹരിദാസ് ആണോ എന്ന സംശയം ആള്‍ക്കാര്‍ക്കുണ്ടാകുമോ എന്നുമുള്ള ചിന്ത എനിക്കുണ്ടായിരുന്നു. പക്ഷേ റിസ്‌ക് എടുക്കാനായിരുന്നു ഞാന്‍ തീരുമാനിച്ചത്. കാരണം ആ ഒരു ഷേഡ് ചെയ്യുക എന്ന് പറയുന്നത് നമുക്ക് എപ്പോഴും കിട്ടുന്ന ഭാഗ്യമല്ല,’ സംഗീത് പ്രതാപ് പറഞ്ഞു.
Content Highlight: Sangeeth Prathap talks about his character in Mollywood Times movie