| Tuesday, 22nd September 2026, 7:23 pm

നസ്‌ലെന്‍ ടവ്വലൂരുന്ന സീനിന് ഞാനിട്ട റിയാക്ഷന്‍ വേണ്ടെന്ന് ഗിരീഷേട്ടന്‍ പറഞ്ഞു, അദ്ദേഹം പറഞ്ഞപോലെ ചെയ്തപ്പോഴാണ് കൈയടി വീണത്: സംഗീത് പ്രതാപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ അഭിനേതാവെന്ന നിലയില്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് സംഗീത് പ്രാതാപ്. എഡിറ്ററായി സിനിമയില്‍ കരിയര്‍ ആരംഭിച്ച താരം സൈഡ് റോളുകളിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ സംഗീതിന് വലിയ ജനപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രം താരത്തിന്റെ കരിയറില്‍ വലിയ ബൂസ്റ്റായിരുന്നു നല്‍കിയത്.

പിന്നാലെ സത്യന്‍ അന്തിക്കാട് സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹൃദയപൂര്‍വം എന്ന ചിത്രത്തില്‍ മോഹന്‍ലാലുമൊത്തുള്ള താരത്തിന്റെ കോമ്പിനേഷനും വലിയ കൈയടി ലഭിച്ചിരുന്നു. 300 കോടി നേടി വന്‍ ഹിറ്റായി നില്‍ക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ജോയലായുള്ള പെര്‍ഫോമന്‍സിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാല്‍ സഹനടന്‍ റോളുകളില്‍ നിന്നും മാറി നായകനായി സംഗീത് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇറ്റ്സ് എ മെഡിക്കല്‍ മിറാക്കിള്‍.

സംഗീത് പ്രതാപ്. Photo: X.com

ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും സംഗീതിന്റെ പ്രകടനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍ ഒന്നടങ്കം. അടുത്തിടെ കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പ്രേമലുവിലെ ഷൂട്ടിനിടെയുണ്ടായ അനുഭവത്തെ കുറിച്ച് സംഗീത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഒരു സംവിധായകനെന്ന നിലയില്‍ എങ്ങനെയാണ് ഗിരീഷ് എ.ഡി തന്റെ ചിത്രങ്ങളെ സമീപിക്കുന്നത് എന്നതിനെ കുറിച്ചാണ് സംഗീത് അഭിമുഖത്തില്‍ സംസാരിച്ചത്. ചിത്രത്തില്‍ നസ്‌ലെന്‍ അവതരിപ്പിച്ച കഥാപാത്രം തന്റെ ടവ്വലൂരി നൃത്തം ചെയ്യുന്നതിന് തന്നോട് സംവിധായകന്‍ ചെയ്യാന്‍ പറഞ്ഞ റിയാക്ഷനെ കുറിച്ചാണ് സംഗീത് സംസാരിച്ചത്.

‘ഭയങ്കര ജെനുവിനായിട്ടുള്ള ഫിലിം മേക്കറാണ് ഗിരീഷേട്ടന്‍. ഒരു സീന്‍ ചെയ്യുമ്പോള്‍ സാധാരണ സിനിമയില്‍ കാണുന്ന ഫോര്‍മാറ്റുകളോ പെര്‍ഫോമന്‍സുകളോ, ഷോട്ടുകളോ ഒന്നും അദ്ദേഹത്തിന് വേണ്ട. ഭയങ്കര റോ ആയിട്ടുള്ള റിയല്‍ ആയിട്ടുള്ള സംഭവങ്ങളാണ് ഗിരീഷേട്ടന് വേണ്ടത്. ഒരു സ്‌ക്രിപ്റ്റ് വായിച്ച് നമ്മള്‍ നമ്മുടെ എക്‌സ്പീരിയന്‍സ് കൊണ്ട് അത് കോമഡിയാക്കി ചെയ്യും. പക്ഷേ ഗിരീഷേട്ടന്‍ വന്ന് അത് നോര്‍മലാക്കി നമ്മളെ കൊണ്ട് ചെയ്യിപ്പിക്കും. അതിനായിരിക്കും തിയേറ്ററില്‍ കൈയടി ലഭിക്കുന്നത്.

പ്രേമലു.. Photo: X.com

കാരണം ഭയങ്കര ഫ്രെഷായിരിക്കും അത്. പ്രേമലുവിലെ ഒരു രംഗം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അതില്‍ നസ്‌ലെന്‍ ടവ്വലൂരി കാണിക്കുമ്പോള്‍ സാധാരണയായി നമ്മളെല്ലാവരും കാണിക്കാന്‍ സാധ്യതയുള്ള ഒരു റിയാക്ഷന്‍ ഉണ്ട്. ആ റിയാക്ഷനടക്കം രണ്ട് മൂന്ന് റിയാക്ഷന്‍ ഞാനിട്ടു. എല്ലാം കണ്ടതിന് ശേഷം ടേക്ക് പോയി നോക്കാം എന്ന് പറഞ്ഞു. അതെല്ലാം എടുത്തുകഴിഞ്ഞ് അദ്ദേഹം എന്റെ അടുത്ത് വന്നു. നീ ഒരു റിയാക്ഷനും ഇടേണ്ട, എന്നും കാണുന്ന പോലെ നിന്നാല്‍ മതി എന്നും പറഞ്ഞു.

അദ്ദേഹം പറഞ്ഞ പോലെ സ്റ്റക്ക് ആയി നിന്നു, ഒരു റിയാക്ഷനും ഇട്ടില്ല. എനിക്കിപ്പോഴും ഓര്‍മയുണ്ട് തിയേറ്ററില്‍ ജസ്റ്റ് ആ റിയാക്ഷന് ചിരിയുണ്ടായിരുന്നു. ഗിരീഷേട്ടന്‍ അങ്ങനെയാണ് എല്ലാ സീനിനെയും എല്ലാ ഡയലോഗിനെയും അപ്രോച്ച് ചെയ്യുന്നത്. പിന്നെ നമുക്ക് കുറച്ച് കാലം കഴിഞ്ഞാല്‍ നമുക്കിതിന്റെ ഹാക്ക് കിട്ടും,’ സംഗീത് പറഞ്ഞു.

Content Highlight: Sangeeth Prathap talks about Girish AD and his directorial techniques

We use cookies to give you the best possible experience. Learn more