| Friday, 25th July 2025, 7:39 am

ചെറുപ്പത്തിൽ എക്സൈറ്റഡ് ആയി കണ്ടു, ഇപ്പോൾ തോളത്ത് കൈ ഇട്ട് സംസാരിക്കുന്നു: സംഗീത് പ്രതാപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഡിറ്ററായി മലയാള സിനിമയിലേക്ക് കടന്നുവന്ന സംഗീത് പ്രതാപ് പിന്നീട് അറിയപ്പെട്ടത് നടനായിട്ടാണ്. ഹിറ്റ് ചിത്രം പ്രേമലുവിലെ അമൽ ഡേവിസ്, പ്രണവ് മോഹൻലാലിനൊപ്പം ഹൃദയം, മോഹൻലാൽ ചിത്രമായ തുടരും എന്നീ ചിത്രങ്ങളിലെ സംഗീതിന്റെ അഭിനയം കയ്യടി നേടി.

2024 പുറത്തിറങ്ങിയ ലിറ്റിൽ മിസ് റാവുത്തർ എന്ന സിനിമയിലെ പ്രവർത്തനത്തിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം സ്വന്തമാക്കി. മോഹൻലാലിനൊപ്പം അടുത്ത ചിത്രമായ ഹൃദയപൂർവ്വം ഓണത്തിന് റിലീസ് ചെയ്യാൻ പോകുകയാണ്. ഇപ്പോൾ മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

മോഹൻലാൽ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമെന്ന് സംഗീത് പ്രതാപ് പറയുന്നു. ഹൃദയപൂർവം സിനിമ നടക്കുന്ന സമയത്ത് താൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് മോഹൻലാലിനോടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ലാലേട്ടൻ ഫുൾ ടൈം സംസാരിച്ചുകൊണ്ടിരിക്കും. ഷോട്ടിന് മുമ്പ് എന്റെ അടുത്ത് ഉണ്ടെങ്കിൽ ഫുൾ ടൈം എന്റെ അടുത്ത് സംസാരിച്ചുകൊണ്ടിരിക്കും. നമ്മൾ രണ്ട് അല്ലെങ്കിൽ മൂന്ന് വയസ് തുടങ്ങി എക്‌സൈറ്റഡ് ആയിട്ട് കണ്ടുകൊണ്ടിരുന്ന ആൾ നമ്മുടെ തോളത്ത് കൈ ഇട്ട് നമ്മളോട് ഇത്രയും ക്ലോസ് ആയിട്ട് ഒരു ഡേ മൊത്തം സംസാരിക്കുകയാണ്. സിനിമയുടെ സമയത്ത് ഞാൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് ലാലേട്ടനോട് ആണ്. അപ്പോൾ അത് തരുന്നൊരു ഹൈ ഉണ്ട്,’ സംഗീത് പ്രതാപ് പറയുന്നു.

ഹൃദയപൂർവ്വം

സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് ഹൃദയപൂർവ്വം. ചിത്രം ഓഗസ്റ്റ് 28ന് തിയേറ്ററിലെത്തും. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് സിനിമ നിർമിക്കുന്നത്. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്.

Content Highlight: Sangeeth Prathap Talking about Mohanlal

We use cookies to give you the best possible experience. Learn more