എഡിറ്ററായി സിനിമാരംഗത്തേക്ക് പ്രവേശനം. പിന്നീട് ചെറിയ റോളിലൂടെ അഭിനയത്തിലേക്ക് കടന്ന നടനാണ് സംഗീത് പ്രതാപ്. പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ സംഗീത് കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും അറിയപ്പെട്ടു.
അവസാനമായി മോഹൻലാലിന്റെ കൂടെ ഹൃദയപൂർവ്വത്തിലും എത്തി. അതും സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ. ഇപ്പോൾ അന്തരിച്ച നടൻമാരായ ശങ്കരാടി, നെടുമുടി വേണു, തിലകൻ എന്നിവരെക്കുറിച്ചും സത്യൻ അന്തിക്കാടിനെക്കുറിച്ചും സംസാരിക്കുകയാണ് സംഗീത്.
‘ശങ്കരാടി, നെടുമുടി വേണു, തിലകൻ തുടങ്ങിയവരുടെ സ്ഥാനത്താണ് എന്നെ സത്യൻ അന്തിക്കാട് സാർ പ്രതിഷ്ഠിച്ചത് എന്ന് പലരും പറയുന്നുണ്ട്. എന്നാൽ അവരൊക്കെ മഹാരഥൻമാരാണ്. അവർ ചെയ്തുവെച്ചിരിക്കുന്ന കഥാപാത്രങ്ങൾ കാലമെത്ര കഴിഞ്ഞാലും ആരും മറക്കില്ല. അത്രയ്ക്ക് വലിയ സംഭവങ്ങളാണ് അവർ ചെയ്തുവെച്ചിരിക്കുന്നത്.
സത്യൻ അന്തിക്കാട് സാറിന്റെ സിനിമകളിലെ സ്ഥിരം താരങ്ങളായിരുന്നു അവർ. പക്ഷേ അവരൊന്നും ഇപ്പോൾ നമ്മോടൊപ്പമില്ലെന്നത് ഒരു വിഷമമാണ്. എന്നെപ്പോലൊരാളിന് സത്യൻ സാറിന്റെ സിനിമയിൽ ഒരു സ്‌പെയ്സ് കിട്ടി എന്നത് വലിയ അനുഗ്രഹമാണ്,’ സംഗീത് പ്രതാപ് പറയുന്നു.
താൻ കഥ കേട്ടത് സത്യൻ അന്തിക്കാടിന്റെ വീട്ടിൽ വെച്ചിട്ടാണെന്നും തന്നോട് കഥ പറഞ്ഞത് അദ്ദേഹമായിരുന്നെന്നും സംഗീത് പറഞ്ഞു. തിയേറ്ററിൽ വർക്കൗട്ട് ആകുന്ന ഷുവർ ഷോട്ട് തോന്നിക്കുന്ന ഇപ്പോൾ കയ്യടി നേടിക്കൊണ്ടിരിക്കുന്ന സീക്വൻസ് ഡയലോഗുകൾ തനിക്ക് നറേഷനിൽ തന്നെ ഫീൽ ചെയ്തുവെന്നും സത്യൻ അന്തിക്കാടിന്റെ നരേഷൻ കേട്ടപ്പോൾ ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നുവെന്നും നടൻ പറഞ്ഞു.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തെക്കുറിച്ച് പറയാൻ താൻ അർഹനല്ലെന്നും അവർ ഫിലിമിൽ ഷൂട്ട് ചെയ്തിരുന്ന ആളുകളാണെന്നും എന്തുവേണം എന്തുവേണ്ട എന്ന് അറിവുള്ളവരാണെന്നും ക്ലാരിറ്റിയുള്ള സംവിധായകനാണ് സത്യൻ അന്തിക്കാടെന്നും സംഗീത് കൂട്ടിച്ചേർത്തു.
Content Highlight: Sangeeth Prathap Talking about formar legend actors