| Saturday, 13th September 2025, 7:25 pm

ലാലേട്ടനൊപ്പമുള്ള ആ നിമിഷങ്ങളൊക്കെ നിധി പോലെയാണ്; ഹൃദയപൂർവ്വം ലൊക്കേഷനോർമ പങ്കുവെച്ച് സം​ഗീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഡിറ്റർ ആയി കരിയർ തുടങ്ങിയ സംഗീത് പ്രതാപ് ഇന്ന് എത്തിനിൽക്കുന്നത് മികച്ച അഭിനേതാവ് എന്ന നിലയിലാണ്. ഹൃദയം, പ്രേമലു, തുടരും, ഹൃദയപൂർവ്വം എന്നീ സിനിമകളിലൂടെ തന്നിലെ നടനെ അദ്ദേഹം കാണിച്ചുതന്നിട്ടുണ്ട്. പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രം ഇന്നും ആളുകൾ മറക്കില്ല.

തുടരും ചിത്രത്തിൽ കുറച്ച് ഭാഗത്ത് മാത്രമേയുള്ളുവെങ്കിലും ആ ചിത്രത്തിലെ കഥാപാത്രം എല്ലാവരും ശ്രദ്ധിച്ചിരുന്നു. തുടരും ലൊക്കേഷനിൽ വെച്ച് ആദ്യമായി മോഹൻലാലിനെ കാണുമ്പോൾ അദ്ദേഹം അന്ന് പ്രേമലു കണ്ടിട്ടില്ല. തരുൺ മൂർത്തി മോഹൻലാലിന് പരിചയപ്പെടുത്തി കൊടുത്ത് പ്രേമലുവിൽ അഭിനയിച്ച അമൽ ഡേവിസ് എന്നുപറഞ്ഞാണ്. അപ്പോൾ സംഗീത് തിരുത്തി
‘ഹൃദയത്തിൽ പ്രണവിനെ ഇടിച്ചു കൂട്ടിയ സീനിയറാണ്’ എന്നുപറഞ്ഞു,

അതുകേട്ട മോഹൻലാൽ ചിരിയോടെയാണ് സംഗീതിന് കൈ കൊടുത്തത്. തുടരും ചിത്രത്തിൽ വെറും മൂന്ന് ദിവസം മാത്രമായിരുന്നു സംഗീതിന് ഷൂട്ട് ഉണ്ടായിരുന്നത്. അതിനിടയിൽ മോഹൻലാലിനോട് അധികം സംസാരിച്ചില്ല സംഗീത്.

ബ്രൊമാൻസിന്റെ ലൊക്കേഷനിൽ നിൽക്കുമ്പോഴാണ് സംഗീതിനൊരു കോൾ വന്നത്. ഹൃദയപൂർവ്വം എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മുഴുനീള വേഷം ചെയ്യണം.

ഷൂട്ടിങ് ദിവസങ്ങളിൽ മുഴുവൻ സമയവും സംഗീത് മോഹൻലാലിന്റെ കൂടെയായിരുന്നു. ചിത്രീകരണത്തിന്റെ ഇടയിൽ സംഭവിച്ച കാര്യങ്ങളെപ്പറ്റി സംഗീത് ഇപ്പോഴും ഓർക്കുന്നുണ്ട്.

‘ഒരിക്കൽ കാറിൽ വച്ചുള്ള സീൻ എടുക്കുന്നു. ഷൂട്ടിങ്ങിനിടെ വിശക്കുന്നു എന്ന് ഞാൻ ഇടക്കിടെ പറയുന്നുണ്ട്. അതുകേട്ട് ലാലേട്ടനും പറഞ്ഞു, ശരിയാ… വിശക്കുന്നുണ്ട്. ഒരു മണിക്കൂറ് കൂടി കഴിഞ്ഞാണ് ഷൂട്ടിങ് തീർന്നത്. ഡ്രസ് മാറ്റി വീട്ടിലേക്ക് പോകാനിറങ്ങിയപ്പോൾ വിളി വന്നു. കാരവാനിൽ ചെന്നപ്പോൾ നല്ല ചൂടൻ കല്ലപ്പവും മീൻകറിയും റെഡി. ലാലേട്ടൻ തന്നെ വിളമ്പിത്തന്നു,’ സംഗീത് പറയുന്നു.

ആ നിമിഷങ്ങളൊക്കെ നിധി പോലെയാണ് സംഗീതിനിപ്പോഴും. പത്രോസിന്റെ പടപ്പുകളിലൂടെ സംഗീതിനെ
സ്വതന്ത്ര എഡിറ്ററാക്കിയ ഡിനോയ് പൗലോസ് തന്നെയാണ് നായകനാകാനും സംഗീതിന് ഗ്യാരന്റി. ഡിനോ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ സംഗീതും മമിതയുമാണ് പ്രധാനകഥാപാത്രങ്ങൾ.

മെഡിക്കൽ മിറക്കിൾ എന്ന മറ്റൊരു ചിത്രവും നായകനായി അനൗൺസ് ചെയ്തിട്ടുണ്ട്. ബേബി ഗേളും റിലീസാകാനുണ്ട്. അതിൽ ഒരു ഷോട്ടിൽ പോലും കോമഡി ഇല്ലാത്ത സീരിയസ് റോളാണ്. ടിക്കി ടാക്കയിലും മോളിവുഡ് ടൈംസിലും സംഗീത് അഭിനയിച്ചിട്ടുണ്ട്.

സംവിധാന മോഹത്തിൽ നിന്നാണ് സംഗീത് എല്ലാം തുടങ്ങിയത്. ആ മോഹം അങ്ങനെവിട്ടുകളയാനാവില്ല സംഗീതിന്. ഉറപ്പായും സിനിമ സംവിധാനം ചെയ്യുമെന്ന് തന്നെയാണ് സംഗീതിന്റെ ഉറച്ച വിശ്വാസം.

Content Highlight: Sangeeth Prathap Sharing memory with Mohanlal in Hridayapoorvam Cinema

We use cookies to give you the best possible experience. Learn more