പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ നടനാണ് സംഗീത് പ്രതാപ്. ഹൃദയപൂർവം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കൂടെയും ശ്രദ്ധേയമായ കഥാപാത്രത്തെ താരം അവതരിപ്പിച്ചു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഒരു വലിയ ഫാൻ ബേസ് ഉണ്ടാകാൻ നടൻ സാധിച്ചുട്ടുണ്ട്. ഗിരീഷ് എ.ഡിയുടെ ഏറ്റവും പുതിയ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിലും മികച്ച പെർഫോമൻസാണ് താരം കാഴ്ച വെച്ചത്. ചിത്രം 250 കോടിയോളം നേടി തീയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ സംഗീത് നായകനായി എത്തുന്ന ആദ്യ ചിത്രം ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ റിലീസിനൊരുങ്ങുകയാണ്. എന്നാൽ സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ കലാരംഗത്ത് സജീവമായിരുന്നു താരം. മിമിക്രിയിലും നാടോടിനൃത്തത്തിലുമെല്ലാം ചെറുപ്പം മുതൽ തന്നെ വേദികളിൽ എത്തിയിരുന്ന സംഗീത്, തന്റെ പഴയകാല ഓർമകൾ പോർട്ടയൽസ് ബൈ ഗദ്ധാഫി എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയാണ്.
സംഗീത് പ്രതാപ്. Photo: Screen grab/ Youtube.com
മിമിക്രി പരിപാടികളിൽ ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ, സന്തോഷ് പണ്ഡിറ്റ്, പൃഥ്വിരാജ് തുടങ്ങിയവരുടെ അനുകരണങ്ങൾ അവതരിപ്പിച്ചിരുന്നതായി സംഗീത് പറയുന്നു. അക്കാലത്ത് പരിപാടികളിൽ ഏറ്റവും കൂടുതൽ കയ്യടി ലഭിച്ചിരുന്ന ഐറ്റങ്ങളിലൊന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ മിമിക്രിയായിരുന്നെന്നും പറയുകയാണ് നടൻ.
‘ആ സമയത്ത് മിമിക്രി ചെയ്തിരുന്നത് ഉമ്മൻചാണ്ടി, അച്യുതാനന്ദൻ, സന്തോഷ് പണ്ഡിറ്റ്, പൃഥ്വിരാജ്… അങ്ങനെ കുറെ പേരെ ചെയ്തിട്ടുണ്ട്. അന്ന് പരിപാടികളിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയിരുന്നത് സന്തോഷ് പണ്ഡിറ്റിനായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ ആദ്യം ചെയ്തത് ഞാനാണോ എന്ന് വരെ എനിക്ക് ഡൗട്ടുണ്ട്. ആ സമയത്ത് നമ്മൾ ആ ഐറ്റമായിട്ട് ചെല്ലുമ്പോൾ വേറെ ആരും ചെയ്തിട്ടുണ്ടായിരുന്നില്ല. അത് അന്ന് ഫ്രഷായിരുന്നു,’ സംഗീത് പറഞ്ഞു.
അക്കാലത്തെ മിമിക്രി വേദികളിൽ സന്തോഷ് പണ്ഡിറ്റിനെ അനുകരിക്കുന്നത് തന്നെ സംബന്ധിച്ച് വ്യത്യസ്തമായൊരു അനുഭവമായിരുന്നുവെന്നും സംഗീത് ഓർത്തെടുത്തു. പുതുമയുള്ളൊരു ഐറ്റമായി അവതരിപ്പിക്കാൻ സാധിച്ചതും പ്രേക്ഷകരുടെ പ്രതികരണവും വലിയ സന്തോഷം നൽകിയിരുന്നു എന്നും നടൻ പറഞ്ഞു.
മിമിക്രിക്ക് പുറമെ സ്കൂൾകാലത്ത് നാടോടിനൃത്തത്തിലും സജീവമായിരുന്നു. പത്താം ക്ലാസ് വരെ നാടോടിനൃത്തം ചെയ്തിരുന്നുവെന്നും അമ്മയ്ക്ക് അതിനോട് വലിയ ഇഷ്ടമായിരുന്നുവെന്നും താരം പറയുന്നു.
‘പത്താം ക്ലാസ് വരെ ഞാൻ ഭയങ്കര നാടോടിനൃത്തമൊക്കെയായിരുന്നു. അമ്മയ്ക്ക് ഈ നാടോടിനൃത്തമൊക്കെ കളിപ്പിക്കുന്നത് ഭയങ്കര ഇഷ്ടമായിരുന്നു. ഞാൻ എൽ.കെ.ജി തുടങ്ങി ഏഴാം ക്ലാസ് വരെ തുടർച്ചയായി എല്ലാ കൊല്ലവും കളിച്ചിട്ടുണ്ട്. പാമ്പാട്ടിയായിട്ടും പപ്പടക്കാരനായിട്ടുമൊക്കെ കുറെ കളിച്ചിട്ടുണ്ട്,’ സംഗീത് പറഞ്ഞു.
സ്കൂൾതലത്തിലെ മത്സരങ്ങളിൽ നിന്ന് സംസ്ഥാനതലം വരെയും സംഗീത് എത്തിയിരുന്നു. നടൻ സൂരജ് ഉൾപ്പെടെയുള്ളവരോടൊപ്പം മത്സരിച്ചിരുന്നു എന്നും താരം പറഞ്ഞു.
സംഗീത് പ്രതാപ്,Photo: Facebook
‘സൂരജ് ഇല്ലേ, ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ ഒക്കെയുള്ള … സൂരജും ഞാനും ഒരുമിച്ച് സ്റ്റേറ്റിൽ മത്സരിച്ചിട്ടുണ്ട്. തൃശൂർ വെച്ചിട്ടായിരുന്നു മത്സരം നടന്നത്. ഞാൻ പരിപാടി അവതരിപ്പിച്ചു. എന്റെ പരിപാടിക്ക് അത്യാവശ്യം കയ്യടിയും കിട്ടി. എന്റെ ഐറ്റം കഴിഞ്ഞ് ഞാൻ ഇറങ്ങുന്ന സമയത്ത് ഭയങ്കര കയ്യടി വന്നു. പ്രോഗ്രാം കഴിഞ്ഞതിൽ എനിക്കുള്ള കയ്യടിയാണെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. പിന്നെയാണ് റിയലൈസ് ചെയ്യുന്നത്, സൂരജ് അടുത്തത് കയറിയതിന്റെ കയ്യടിയാണെന്ന്,’ സംഗീത് പറഞ്ഞു.
Content Highlight: Sangeeth Prathap shares his memories of participating in the Kalolsavam