പ്രേമലു കഴിഞ്ഞ് പല സിനിമകള്‍ക്കും നോ പറയേണ്ടി വന്നതിന്റെ പ്രധാന കാരണം ടൈപ്കാസ്റ്റിങ് ആണെന്ന് നടന്‍ സംഗീത് പ്രതാപ്. കഥാപാത്രങ്ങളിലെ വ്യത്യസ്തത എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും എന്നാല്‍ നോ പറയാനുള്ള മാനസികാവസ്ഥതന്നെയാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും സംഗീത് പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മള്‍ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സംവിധായകര്‍ ഉള്‍പ്പെടെയുള്ളവരോട്, ഇത്തരത്തിലുള്ള കാരണങ്ങളാല്‍ പറ്റില്ലെന്ന് പറയേണ്ടി വന്നിട്ടുണ്ട്. അവര്‍ ഒരുപക്ഷേ, അത് അപ്പോള്‍ തന്നെ മറന്നേക്കാം. എന്നാല്‍, അവര്‍ പിന്നീട് വിളിക്കില്ലേ, അവര്‍ എന്തു കരുതിക്കാണും എന്നുതുടങ്ങിയ മാനസിക സംഘര്‍ഷങ്ങള്‍ എന്നെ അലട്ടാന്‍ തുടങ്ങും.
ചില അവസരങ്ങളില്‍ നമ്മള്‍ നോ പറയുന്നതും അത് ചെയ്യാതിരിക്കുന്നതും തന്നെയാണ് അവര്‍ക്കും നമുക്കും ആ സിനിമയ്ക്കും നല്ലത്,’ സംഗീത് പറയുന്നു.
ഭാര്യയും അച്ഛനും അമ്മയും ഒക്കെത്തന്നെയാണ് സിനിമയില്‍ തന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുതവണ ഒരു ഇന്റര്‍വ്യൂവില്‍ അവരെയും പിടിച്ചിരുത്തിയെന്നും ആദ്യമൊക്കെ സംസാരിക്കാന്‍ മടിച്ചിരുന്ന അവര്‍ പിന്നീട് വാതോരാതെ സംസാരിച്ചു തുടങ്ങിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ അവരുടെ സന്തോഷം കാണുന്നത് തന്നെയാണ് തന്റെയും സന്തോഷമെന്നും സംഗീത് പറഞ്ഞു.
പ്രേമലുവിലെ അമല്‍ ഡേവിസ് എന്ന കഥപാത്രം സംഗീതിന് ഒരു കരിയര്‍ ബ്രേക്ക് കൊടുത്തിരുന്നു. ഹൃദയപൂര്‍വ്വമാണ് സംഗീതിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ ജെറിയെന്ന കഥാപാത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എഡിറ്ററായി കരിയര്‍ തുടങ്ങിയ നടന്‍ ഇപ്പോള്‍ അഭിനേതാവെന്ന നിലയിലും ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധേയനാണ്.
Content highlight: Sangeeth Prathap says typecasting is the main reason he had to say no to many films after Premalu