നടൻ, എഡിറ്റർ എന്നീ നിലകളിൽ ശ്രദ്ധേയനായ താരമാണ് സംഗീത് പ്രതാപ്. സൂപ്പർ ശരണ്യയിലൂടെയാണ് സംഗീത് തൻ്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് 2024-ൽ ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിന് മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.
2024-ൽ ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നസ്‌ലെന്‍, മമിത ബൈജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രമാണ് നടൻ എന്ന രീതിയിൽ സംഗീതിനെ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രിയനാക്കിയത്.
വീണ്ടും ഗിരീഷ് എ.ഡി.യുടെ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിൻ പോളിയുടെ അനിയനായ ജോയൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും മികച്ച പ്രതികരണങ്ങളാണ് സംഗീതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സംഗീത് പ്രതാപ്. Photo. Screen Grab/ Youtube
കാർത്തിക് സൂര്യയുമായുള്ള പോഡ്‌കാസ്റ്റിലൂടെ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത് പ്രതാപ്.
തന്നെക്കുറിച്ച് വരുന്ന ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നും, അവ ഉണ്ടാക്കുന്നവരെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും പറയുകയാണ് സംഗീത്. എന്നാൽ ചില സമയങ്ങളിൽ ഇതിൽ നിന്നും മാറി, ഒരു വ്യക്തി എന്ന നിലയിൽ ജീവിക്കാൻ പോലും അർഹതയില്ല എന്ന തരത്തിലുള്ള ചില കമന്റുകൾ വിഷമിപ്പിക്കാറുണ്ടെന്നും താരം പറഞ്ഞു.
‘ഈ ട്രോളുകൾ നമുക്കെതിരെ ഉള്ളതാണെങ്കിലും ഞാൻ എൻജോയ് ചെയ്യാറുണ്ട്. ചില ട്രോളുകൾ കണ്ട് ഞാൻ അവർക്ക് മെസേജ് അയക്കുകയും ഫോളോ ചെയ്യുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷേ ചില സമയങ്ങളിൽ കാര്യങ്ങൾ അതിൽ നിന്നും മാറിപ്പോകാറുണ്ട്.
ഇവനൊന്നും ജീവിക്കാൻ അർഹതയുള്ളവനല്ല എന്ന തരത്തിലൊക്കെയുള്ള കമന്റുകൾ കാണുമ്പോൾ വിഷമം തോന്നാറുണ്ട്. അതുപോലെ ഇവനൊക്കെ നായകനാകേണ്ട ആവശ്യമുണ്ടോ, വേറെ വല്ല പണിക്കും പോയ്ക്കൂടേ എന്നൊക്കെ കേൾക്കുന്നത് കുറച്ച് പെയിൻഫുൾ ആണ്,’ നടൻ പറഞ്ഞു.
ഓരോ സീനിലും ‘ആക്ഷൻ’ പറയുന്നതിന് മുമ്പ് ഒരുപാട് കഠിനാധ്വാനത്തിലൂടെ കടന്നുപോകുകയും, അതിനോടൊപ്പം ഉള്ളിലെ ഒരുപാട് സംഘർഷങ്ങളെ മറികടന്നു അഭിനയിക്കാൻ നിൽക്കുമ്പോഴും ഇത്തരം കമന്റുകൾ വീണ്ടും ഓർമ വരുമെന്നും, അത് അഭിനയിക്കുന്ന സമയത്ത് ഇൻസെക്യൂരിറ്റി കൂട്ടാറുണ്ടെന്നും ചൂണ്ടിക്കാണിക്കുകയാണ് നടൻ.
‘നമുക്ക് അഭിനയിക്കാൻ പറ്റുമോ, ഒരു സീൻ കിട്ടിയാൽ അത് എങ്ങനെ ചെയ്യും, എന്നെക്കൊണ്ട് ഇതൊക്കെ പറ്റുമോ എന്ന തരത്തിലുള്ള ഒരുപാട് ഇന്റേണൽ കോൺഫ്ലിക്റ്റുകൾ മറികടന്നാണ് നമ്മൾ അവിടെ എത്തുത്തുന്നത്.
സംഗീത് പ്രതാപ്. Photo. Screen Grab/ Youtube
ഒരു തുടക്കക്കാരനാകുമ്പോൾ കുറെ ഹാർഡ് വർക്ക് ചെയ്ത്, പ്രിപ്പറേഷൻസ് നടത്തി ആക്ഷന് മുമ്പ് നിൽക്കുമ്പോൾ, ഡയറക്ടർ വന്നിട്ട് ഒന്ന് ഇങ്ങനെ ചിരിക്കണം കേട്ടോ എന്ന് പറയുമ്പോഴായിരിക്കും ഇവന്റെയൊക്കെ ചിരി കണ്ടാൽ ഭ്രാന്ത് പിടിക്കും എന്ന് പറഞ്ഞുകൊണ്ടുള്ള മുമ്പ് കണ്ട ചില കമന്റുകൾ നമ്മളെ ഹിറ്റ് ചെയ്യുന്നത്. പിന്നെ അത്തരം ചിന്തകളോട് കൂടി ഫൈറ്റ് ചെയ്ത് വേണം നമ്മൾ ആക്ഷനിലേക്ക് കടക്കാൻ,’ സംഗീത് പറഞ്ഞു.