| Monday, 8th June 2026, 2:26 pm

അമല്‍ ഡേവിസിന്റെ ബാധ ഒഴിഞ്ഞു... കോമഡി മാത്രമല്ല, ഇവിടെ വില്ലത്തരവും പറ്റുമെന്ന് തെളിയിച്ച് സംഗീത്; മോളിവുഡ് ടൈംസില്‍ ഞെട്ടിച്ച അര്‍ജുന്‍ ഹരിദാസ്

അമര്‍നാഥ് എം.

ക്യാമറക്ക് പിന്നില്‍ നിന്ന് മുന്നിലേക്ക് വന്നവരില്‍ വളരെ വേഗം ശ്രദ്ധ നേടിയയാളാണ് സംഗീത് പ്രതാപ്. എഡിറ്ററായി രംഗപ്രേവശം ചെയ്ത സംഗീത് പിന്നീട് ചെറിയ വേഷങ്ങളിലൂടെ മോളിവുഡിന്റെ മുന്‍നിരയിലെത്തി. പ്രേമലുവിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രം കേരളത്തിന് പുറത്തും റീച്ച് നേടി. ഒന്നിന് പിന്നാലെ ഒന്നായി മികച്ച വേഷങ്ങള്‍ സംഗീതിനെ തേടിയെത്തി.

പ്രേമലുവിന് ശേഷം സംഗീത് ചെയ്ത കഥാപാത്രങ്ങളിലെല്ലാം അമല്‍ ഡേവിസിന്റെ ഷെയ്ഡുണ്ടായിരുന്നു. ബ്രൊമാന്‍സിലെ ഹരിഹരസുതന്‍, ഹൃദയപൂര്‍വത്തിലെ ജെറി, തുടരുമിലെ കിരണ്‍ തുടങ്ങിയ റോളുകളിലെല്ലാം അമല്‍ ഡേവിസിന്റെ വകഭേദം കാണാന്‍ സാധിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ മോളിവുഡ് ടൈംസില്‍ വ്യത്യസ്തമായ വേഷമാണ് സംഗീതിന്റേത്.

അര്‍ജുന്‍ ഹരിദാസ് എന്ന കഥാപാത്രമായാണ് സംഗീത് മോളിവുഡ് ടൈംസില്‍ വേഷമിട്ടത്. അങ്ങേയറ്റം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് അര്‍ജുന്‍ ഹരിഹരന്‍. ആദ്യ സീനില്‍ തന്നെ ആ കഥാപാത്രം എത്രമാത്രം ഈഗോയുള്ള വ്യക്തിയാണെന്ന് സംവിധായകന്‍ കാണിച്ചുതരുന്നുണ്ട്. ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ നായകനായ വിനീതിന്റെ ഷോര്‍ട്ട് ഫിലിമിനൊപ്പം അര്‍ജുന്റെ ഷോര്‍ട്ട് ഫിലിമും ഫൈനല്‍ റൗണ്ടില്‍ എത്തുന്നുണ്ട്.

വിനീതിനാകും ഒന്നാം സമ്മാനമെന്ന് എല്ലാവരും കരുതുമ്പോള്‍ ആ സമ്മാനം അര്‍ജുന് ലഭിക്കുകയാണ്. സമ്മാനദാന സമയത്ത് തന്നെക്കാള്‍ കൈയടി വിനീതിന് ലഭിക്കുന്നത് കണ്ടിട്ട് അര്‍ജുന്‍ അസ്വസ്ഥനാകുന്നുണ്ട്. തൊട്ടടുത്ത നിമിഷം വാചകമടി കൊണ്ട് സദസിനെ കൈയിലെടുക്കുന്ന അര്‍ജുന്‍ വിനീതിനെക്കാള്‍ സ്‌കോര്‍ ചെയ്തു.

പിന്നീട് വിനീതിനെക്കാള്‍ മികച്ചവനാണെന്ന് എല്ലാവരെക്കൊണ്ടും പറയിപ്പിക്കാനുള്ള ശ്രമത്തിലാണ് അര്‍ജുന്‍. വിനീതിനെക്കാള്‍ മുമ്പ് സിനിമ സംവിധാനം ചെയ്യാനുള്ള അവസരം അര്‍ജുന് ലഭിക്കുന്നുണ്ട്. എന്നാല്‍ അപ്പോഴൊക്കെ വിനീത് തന്നെക്കാള്‍ വലുതാകുമോ എന്ന ഭയം അര്‍ജുന് ഉണ്ട്. അതൊന്നും പുറത്തുകാണിക്കാതെയാണ് അര്‍ജുന്‍ എല്ലാവരോടും പെരുമാറുന്നത്.

വിനീതിന്റെ അതേ ടാലന്റ് തന്നെയാണ് അര്‍ജുനുമുള്ളത്. എന്നാല്‍ ആളുകളെ സുഖിപ്പിച്ചും തമാശ പറഞ്ഞ് ചിരിപ്പിച്ചും എല്ലാവരുടെയും ഇഷ്ടം സ്വന്തമാക്കുകയാണ് അര്‍ജുന്‍. ഇതൊന്നും പോരാതെ വിനീത് മാധവന്റെ ഡ്രസ്സിങ് സ്‌റ്റൈല്‍ വരെ അര്‍ജുന്‍ അടിച്ചുമാറ്റുന്നുണ്ട്. അലറി വിളിക്കലോ, സൈക്കോ പെരുമാറ്റമോ ഒന്നുമില്ലാതെ നല്ല ഗംഭീര വില്ലനിസമാണ് അര്‍ജുന്‍ എന്ന കഥാപാത്രം കാഴ്ചവെച്ചത്.

അമല്‍ ഡേവിസിന്റെ ബാധയില്ലാതെ സംഗീതിനെ ക്യാമറക്ക് മുന്നില്‍ കൊണ്ടുവരാന്‍ അഭിനവ് സുന്ദര്‍ നായകിന് സാധിച്ചു. മോളിവുഡ് ടൈംസിലെ മികച്ച പെര്‍ഫോമര്‍മാരില്‍ ഒരാള്‍ സംഗീത് പ്രതാപാണെന്ന് സംശയമില്ലാതെ പറയാം.

Content Highlight: Sangeeth Prathap’s performance in Mollywood Times movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more