നായകന്റെ ചവിട്ടും ഇടിയും കൊള്ളാനും, കളിയാക്കലിന് ഇരയാകാനും വിധിക്കപ്പെട്ടവരായിരുന്നു ഒരുകാലത്ത് നായകനൊപ്പം നില്‍ക്കുന്ന കൂട്ടുകാരന്‍ കഥാപാത്രങ്ങളുടെ സ്ഥിരം വിധി. എന്നാല്‍ സമീപകാലത്ത് അതിനൊരു മാറ്റം വന്നിട്ടുണ്ട്. നായകനൊപ്പവും ചില സീനുകളില്‍ നായകനെക്കാളും സ്‌കോര്‍ ചെയ്യുന്ന ഇത്തരം കഥാപാത്രങ്ങള്‍ക്ക് പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്.
അതിലെ ലേറ്റസ്റ്റ് എന്‍ട്രിയാണ് സംഗീത് പ്രതാപിന്റെ സമീപകാല കഥാപാത്രങ്ങള്‍. എഡിറ്ററായി സിനിമാലോകത്തേക്ക് കടന്നുവന്ന സംഗീത് ഇന്ന് നടനെന്ന നിലയില്‍ മോളിവുഡില്‍ സ്വന്തമായൊരു സ്ഥാനം നേടിയിരിക്കുകയാണ്. ചെറിയ റോളുകളിലൂടെ ശ്രദ്ധ നേടിയ സംഗീതിന്റെ കരിയറില്‍ വഴിത്തിരിവായത് പ്രേമലുവായിരുന്നു. അമല്‍ ഡേവിസ് എന്ന കഥാപാത്രം ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായി.
തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിലും സംഗീത് കൈയടി നേടുന്നുണ്ട്. നിവിന്‍ പോളി അവതരിപ്പിച്ച ജസ്റ്റിന്‍ എന്ന കഥാപാത്രത്തിന്റെ സോഹദരന്‍ ജോയലായാണ് സംഗീത് വേഷമിടുന്നത്. പഠിത്തം കഴിഞ്ഞിട്ടും ഷോര്‍ട്ട് ഫിലിം എടുത്ത് നടക്കുന്ന, വലിയ ഉത്തരവാദിത്തമൊന്നുമില്ലാത്ത കഥാപാത്രമാണ് ജോയല്‍. സംഗീതിന്റെ സേഫ് സോണിലെ കഥാപാത്രമാണ് ജോയല്‍.
നിവിന്‍ പോളിയുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ സംഗീതിന്റെ പ്രകടനം എടുത്തുപറയേണ്ട ഒന്നാണ്. കോമഡിയിലായാലും ഇമോഷണല്‍ സീനിലായാലും നിവിനൊപ്പം സംഗീതും സ്‌കോര്‍ ചെയ്തിട്ടുണ്ട്. നിവിനുമായുള്ള സംഗീതിന് നല്ല കെമിസ്ട്രി പലരും എടുത്തുപറയുന്നുണ്ട്. ഇതിന് പിന്നാലെ സംഗീതിന്റെ മുന്‍ സിനിമകളിലെ കഥാപാത്രങ്ങളും ചര്‍ച്ചയാവുകയാണ്.
പ്രേമലുവില്‍ 25 വയസുള്ള നസ്‌ലെനുമായും ഹൃദയപൂര്‍വ്വത്തില്‍ 66 വയസുള്ള മോഹന്‍ലാലുമായും അപാര കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യിക്കാന്‍ സംഗീതിന് സാധിച്ചു. അമല്‍ ഡേവിസ് സോണിലുള്ള കഥാപാത്രമായിരുന്നു ഹൃദയപൂര്‍വത്തിലെ ജെറി. മോഹന്‍ലാല്‍ അവതരിപ്പിച്ച സന്ദീപിന്റെ ഹോം നേഴ്‌സായാണ് സംഗീത് വേഷമിട്ടത്.
ഇരുവരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഹൃദയപൂര്‍വ്വത്തില്‍ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തി. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ സന്ദീപ് ജെറിയോട് ‘നിനക്ക് എന്റെ കൂടെ നിന്നൂടെ, എന്റെ ബിസിനസൊക്കെ നോക്കി, നമുക്ക് ഒന്നിച്ച് പോകാം’ എന്ന് പറയുന്നതും അതിന് ജെറി നല്‍കുന്ന മറുപടിയും ഹൃദയസ്പര്‍ശിയായിരുന്നു.
ഇമോഷണല്‍ സീനിലും കോമഡി സീനിലും ഒരുപോലെ തിളങ്ങാന്‍ പറ്റുന്ന സംഗീതിനെ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ഇനിയും തിളങ്ങുമെന്ന് ഉറപ്പാണ്. സഹനടന്‍ റോളുകളില്‍ നിന്ന് നായകവേഷത്തിലേക്ക് ഉയരുകയാണ് സംഗീത് ഇനി. നായകനായും സംഗീത് തിളങ്ങുമെന്ന് ഉറപ്പാണ്.
Content Highlight: Sangeeth Prathap’s chemistry with Nivin, Naslen and Mohanlal