ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ അഭിനേതാവെന്ന നിലയിൽ മലയാള സിനിമയിൽ തന്റെ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് സംഗീത് പ്രതാപ്. എഡിറ്ററായി സിനിമയിൽ കരിയർ ആരംഭിച്ച താരം സൈഡ് റോളുകളിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാൽ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ പ്രേമലു. ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രം താരത്തിന്റെ കരിയറിൽ വലിയൊരു ബൂസ്റ്റാണ് നൽകിയത്.
ബോക്സ് ഓഫീസ് വിജയം നേടിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ജോയലായുള്ള പെർഫോമൻസ് വരെ എത്തിനിൽക്കുകയാണ് സംഗീത്. താരത്തിന്റെ കരിയറിലെ വലിയൊരു ചുവടുവെപ്പാണ് ഇപ്പോൾ തിയേറ്ററുകളിൽ എത്തിയ ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ. നവാഗതനായ ശ്യാമിൻ ഗിരീഷിന്റെ സംവിധാനത്തിൽ ഷറഫുദ്ദീൻ, അഖില ഭാർഗവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സംഗീത് പ്രതാപ്. Photo: Screen grab/ Youtube.com
ഇപ്പോഴിതാ ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ തങ്ങളുടെ മൂന്നുപേരുടെയും കരിയറിലെ നിർണായക സിനിമയാണെന്ന് പറയുകയാണ് നടൻ സംഗീത് പ്രതാപ്. ചിത്രം സംവിധാനം ചെയ്ത ശ്യാമിൻ ഗിരീഷിനും തിരക്കഥ ഒരുക്കിയ നിലീൻ സാന്ദ്രയ്ക്കുമൊപ്പം സിനിമയുടെ തുടക്കം മുതൽ ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും ചിത്രത്തോട് തങ്ങൾക്കുണ്ടായ വൈകാരിക അടുപ്പത്തെക്കുറിച്ചും സംഗീത് തുറന്നുപറഞ്ഞു.
‘നമ്മൾ ആദ്യം ഇത് തുടങ്ങുമ്പോഴുള്ള നമ്മുടെ വിഷൻ എന്ന് പറയുന്നത് നമ്മുടെ കരിയർ തന്നെയാണ്. നമ്മുടെ കരിയറിലെ നെക്സ്റ്റ് സ്റ്റെപ്പ് തന്നെയാണ്. പിന്നീട് ഇതിലേക്ക് സ്ട്രഗിൾസ് എന്നൊരു എക്സ്റ്റേണൽ ഫാക്ടർ കടന്നുവരുന്നു. അപ്പോൾ നമ്മൾ ഡെഡ് എൻഡിൽ എത്തുന്നു. ഈ ഡെഡ് എൻഡിൽ എത്തുമ്പോഴാണ് ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ റിലേഷൻഷിപ്പ് സ്റ്റാർട്ട് ആകുന്നത്,’ സംഗീത് പറഞ്ഞു.
സിനിമയുടെ ഭാഗമായാണ് തങ്ങൾ പരിചയപ്പെട്ടതെങ്കിലും, പിന്നീട് പരസ്പരം പിന്തുണയ്ക്കുന്ന സുഹൃത്തുക്കളായി മാറിയെന്നും സംഗീത് പറയുന്നു. പരാജയങ്ങളിലൂടെ കടന്നുപോകുന്ന സമയങ്ങളിൽ മൂന്നുപേരും ഒരുമിച്ചായിരുന്നുവെന്നും ആ സൗഹൃദം സിനിമയ്ക്കപ്പുറത്തേക്ക് വളർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘അതുവരെ നമ്മൾ കോവർക്ക് ചെയ്യുന്നവരാണ്. പക്ഷെ സ്ട്രഗിൾ വരുന്ന സമയത്ത് നമ്മൾ പതുക്കെ ഫ്രണ്ട്സ് ആയി മാറുകയാണ്. ഒരു ഫെയിലിയർ ഉണ്ടാകുമ്പോൾ അതിന്റെ പിറ്റേന്ന് തുടങ്ങി അതിന്റെ പെയിൻ മാറുന്നതുവരെ കൂട്ടുകാർ എല്ലാവരും ഒരുമിച്ചായിരിക്കും. ഞങ്ങൾ അങ്ങനെയായിരുന്നു,’ സംഗീത് ഓർത്തെടുത്തു.
താൻ സിനിമയുടെ ഷൂട്ടിങ്ങുമായി മുന്നോട്ടുപോകുമ്പോഴും വൈകുന്നേരങ്ങളിൽ ഇവരെ കാണുക എന്നത് തന്റെ പ്രധാന ലക്ഷ്യമായി മാറിയെന്നും സംഗീത് പറയുന്നു. സിനിമ തങ്ങളുടെ കരിയറിന് മാത്രമല്ല, പരസ്പരം അനുഭവിച്ച വേദനകളിൽ നിന്ന് പുറത്തുകടക്കാനുള്ള ഒരു വഴികൂടിയായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
‘എന്റെ ഷൂട്ടൊക്കെ നടക്കുന്നുണ്ടായിരുന്നു. പക്ഷെ എന്റെ എയിം എന്ന് പറയുന്നത് വൈകുന്നേരം ഇവരെ കാണുക എന്നൊക്കെയായി മാറിത്തുടങ്ങി. സിനിമയ്ക്ക് അപ്പുറത്തേക്ക് നമ്മുടെ എല്ലാവരുടെയും പെയിനിന് ഒരു ഹീലിങ് ഉണ്ടാകണം. അതിനുവേണ്ടി സിനിമ നടക്കണം എന്നായി. ഞങ്ങൾ ഒരുമിച്ച് കലൂർ പള്ളിയിൽ പോയിട്ട് നേർച്ച നേർന്നു. ഇപ്പോഴും ആ നേർച്ച പടം ഹിറ്റ് ആയി കഴിഞ്ഞാൽ തീർക്കാനുണ്ട്.
അപ്പോൾ ഇത് നമ്മുടെ പടമായി. എനിക്ക് ഒരിക്കലും ഇത് എന്റെ കരിയർ മാത്രമല്ല. ഇത് ശ്യാമിന്റെയും കരിയറാണ്, സാന്ദ്രയുടെയും കരിയറാണ്. ഇപ്പോൾ ഈ സിനിമ ഞങ്ങളുടെ മൂന്നുപേരുടെയും സിനിമയാണ്,’ സംഗീത് പ്രതാപ് പറഞ്ഞു.
Content Highlight: Sangeeth Prathap opens up about his upcoming film It’s a Medical Miracle