ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ അഭിനേതാവെന്ന നിലയിൽ മലയാള സിനിമയിൽ തന്റെ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് സംഗീത് പ്രതാപ്. എഡിറ്ററായി സിനിമയിൽ കരിയർ ആരംഭിച്ച താരം സൈഡ് റോളുകളിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാൽ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ പ്രേമലു. ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രം താരത്തിന്റെ കരിയറിൽ വലിയൊരു ബൂസ്റ്റാണ് നൽകിയത്.
ബോക്സ് ഓഫീസ് വിജയം നേടിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ജോയലായുള്ള പെർഫോമൻസ് വരെ എത്തിനിൽക്കുകയാണ് സംഗീത്. താരത്തിന്റെ കരിയറിലെ വലിയൊരു ചുവടുവെപ്പാണ് ഇപ്പോൾ തിയേറ്ററുകളിൽ എത്തിയ ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ. നവാഗതനായ ശ്യാമിൻ ഗിരീഷിന്റെ സംവിധാനത്തിൽ ഷറഫുദ്ദീൻ, അഖില ഭാർഗവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സംഗീത് പ്രതാപ്. Photo: Screen grab/ Youtube.com
ഹാപ്പി ഫ്രെയിംസ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിനയത്തോടുള്ള തന്റെ ഇഷ്ടം ഇപ്പോൾ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണെന്ന് നടൻ സംഗീത് പ്രതാപ് പറഞ്ഞു. ജീവിതത്തിൽ എപ്പോഴും ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും അതാണ് തന്റെ മുന്നോട്ടുള്ള യാത്രയെന്നും സംഗീത് പറഞ്ഞു. ഇപ്പോഴുള്ളതിൽ മാത്രം സംതൃപ്തനാകാതെ എപ്പോഴും അതിന് മുകളിലുള്ള എന്തെങ്കിലും ആഗ്രഹിക്കുന്ന സ്വഭാവമാണ് തനിക്കെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആക്ടിങ് ഇപ്പോൾ ഞാൻ ഭയങ്കരയിട്ട് ഇഷ്ടപ്പെട്ടു തുടങ്ങി. എന്റെ ജീവിതം എപ്പോഴും ഭയങ്കര പ്രഷറിലും ഡിസ്റ്റർബ്ഡ് ആയിട്ടുമായിരിക്കും മുന്നോട്ട് പോകുന്നത്. അങ്ങനെ ഒരു ഉയർച്ചയും താഴ്ചയും എപ്പോഴും ഉണ്ടാകാറുണ്ട് അതാണ് എന്റെ മൂവ്മെന്റ്. ഇപ്പോഴുള്ളതുകൊണ്ട് ജീവിതത്തിൽ സംതൃപ്തനാവാൻ എനിക്ക് സാധിക്കാറില്ല. വേറെ എന്തെങ്കിലും അല്ലെങ്കിൽ അതിനു മുകളിൽ ഉള്ള എന്തോ ആഗ്രഹിച്ചുകൊണ്ടോ ഇരിക്കാറുണ്ട്. അതിങ്ങനെ നമ്മളെ പിന്നിൽ നിന്ന് തള്ളുകയും ഡൗൺ ആക്കുകയും നമ്മളെ വൾണറബിൾ ആക്കുകയും ചെയ്യും,’ സംഗീത് പറഞ്ഞു.
ഒരു നടൻ എന്ന നിലയിൽ ഇപ്പോൾ ആ യാത്രയിലൂടെയാണ് മുന്നോട്ടുപോകുന്നതെന്നും അഭിനയത്തോട് വലിയ പാഷൻ തോന്നിത്തുടങ്ങിയെന്നും സംഗീത് പറയുന്നു. ആളുകൾക്ക് തന്നെ ആവശ്യമുണ്ടെന്ന് തോന്നുന്നിടത്തോളം ഈ ജോലി പാഷനോടെയും കഠിനാധ്വാനത്തോടെയും തുടരണമെന്നാണ് ആഗ്രഹമെന്നും നടൻ വ്യക്തമാക്കി.
പ്രേമലു,ഹൃദയപൂർവ്വം. Photo. IMDb
ഹാർഡ് വർക്കിനും ടാലന്റിനുമൊപ്പം തന്റെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള സമയവും തനിക്ക് നൽകണമെന്നും സംഗീത് പറഞ്ഞു. ‘ഒരു പ്രാവശ്യം നമ്മൾ ട്രൈ ചെയ്ത് ഫെയിൽ ആയിട്ട്, ഒരു പ്രാവശ്യം കൂടി തിരിച്ചുവരാനുള്ള സമയം തന്നാൽ നമ്മൾ ബെറ്റർ ആക്കാൻ നോക്കും. അവിടെയും പറ്റിയില്ലെങ്കിൽ നിങ്ങൾ വിട്ടോളൂ, ഞാൻ എന്റെ പഴയ എഡിറ്റിങ്ങിലേക്ക് തിരിച്ചു പോയിക്കോളാം,’ താരം കൂട്ടിച്ചേർത്തു.
Content Highlight: Sangeeth Prathap opens up about his journey in the film industry