| Thursday, 27th August 2026, 12:26 pm

പ്രേമലുവിന് ഓഡിഷൻ വിളിച്ചപ്പോൾ ഗിരീഷേട്ടന് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് വിചാരിച്ചു: സംഗീത് പ്രതാപ്

നന്ദന. ടി

നടൻ, എഡിറ്റർ എന്നീ നിലകളിൽ ശ്രദ്ധേയനായ താരമാണ് സംഗീത് പ്രതാപ്. ഹൃദയം എന്ന സിനിമയിലൂടെയാണ് സംഗീത് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് 2024-ൽ ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിലെ എഡിറ്റിങ്ങിന് മികച്ച എഡിറ്ററിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.

2024-ൽ ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ നെസ്‌ലെന്, മമിത ബൈജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രമാണ് നടൻ എന്ന രീതിയിൽ സംഗീതിനെ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രിയനാക്കിയത്.

വീണ്ടും ഗിരീഷ് എ.ഡി.യുടെ ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിൻ പോളിയുടെ അനിയനായ ജോയൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും മികച്ച പ്രതികരണങ്ങളാണ് സംഗീതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമയിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംഗീത് പ്രതാപ്.

സംഗീത് പ്രതാപ്. Photo. X.com

ഹൃദയം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സംഗീത് പ്രതാപിന് പിന്നീട് ലഭിച്ച അവസരങ്ങളായിരുന്നു ഗിരീഷ് എ.ഡിയുടെ സൂപ്പർ ശരണ്യയും പ്രേമലുവും. ഗിരീഷിനൊപ്പമുള്ള ആദ്യ ഓഡിഷൻ അനുഭവത്തെക്കുറിച്ചും പ്രേമലുയിലേക്ക് എത്തിയതിനെക്കുറിച്ചും സംഗീത് പറയുന്നു.

ഞാൻ അഭിനയിച്ച ആദ്യ സിനിമ ഹൃദയം ആണ്. അതിൽ റാഗിംങ് ചെയ്യുന്ന ഒരു സീനിയർ കഥാപാത്രമായിരുന്നു, അതും വളരെ കുറച്ചു സമയം മാത്രമേ സ്ക്രീനിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീട് പ്രേമലു കഴിഞ്ഞപ്പോഴാണ് കുറച്ചുകൂടി ശ്രദ്ധിക്കപ്പെടുന്നത്.

പ്രേമലുവിലേക്ക് ഗിരീഷേട്ടൻ ഓഡിഷന് വിളിച്ചപ്പോഴാണ് ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു ഓഡിഷൻ അറ്റൻഡ് ചെയ്യുന്നത്. സൂപ്പർ ശരണ്യയിൽ സ്ക്രിപ്റ്റ് പോലും പറഞ്ഞു തരാതെ, അഭിനയിക്കാൻ ഇരിക്കുമ്പോഴാണ് ഇതാണ് സീൻ എന്ന് പറയുന്നത്. അത്രയ്ക്കും ട്രസ്റ്റ് ഉള്ള ഗിരീഷേട്ടൻ പിന്നീട് പ്രേമലുവിന് വേണ്ടി ഓഡിഷൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ അല്പം കൺഫ്യൂസ്ഡ് ആയി.

ഓഡിഷൻ ഒന്നും ഇല്ലാതെയാണ് സൂപ്പർ ശരണ്യയിൽ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നിരിക്കെ പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിനായി ഗിരീഷ് എ.ഡി. വീണ്ടും ഓഡിഷൻ വിളിച്ചപ്പോൾ സംവിധായകന് തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ആദ്യം കരുതിയതെന്നും സംഗീത് ഓർത്തെടുക്കുന്നു.

സംഗീത് പ്രതാപ്. Photo. Screen grab/ Youtube

‘പ്രേമലുവിലേക്ക് വിളിക്കുമ്പോൾ ആ സിനിമയിൽ ഉടനീളമുള്ള ഒരു കഥാപാത്രമായിരിക്കും എന്നൊന്നും ഞാൻ ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. പക്ഷെ ആ സിനിമക്ക് വേണ്ടി എന്നെ ഓഡിഷന് വിളിച്ചപ്പോൾ ഗിരീഷേട്ടന് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് ഞാൻ വിചാരിച്ചത്.

അങ്ങനെ ഓഡിഷൻ ഒക്കെ കഴിഞ്ഞ്, കാർ ഓടിക്കാൻ പഠിക്കണം എന്ന് പറഞ്ഞപ്പോഴാണ് ഞാൻ ആ സിനിമയിലേക്ക് സെലക്ട് ആയിട്ടുണ്ട് എന്ന് അറിയുന്നത്. ചെയ്യുന്നതെല്ലാം പാളിപ്പോകുന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് പ്രേമലു ലഭിക്കുന്നത്. പിന്നെ ഗിരീഷേട്ടന്റെ പടം എന്ന് പറയുമ്പോൾ ഒരു മിനിമം ഗ്യാരന്റിയും സന്തോഷവും ഉണ്ടല്ലോ, സംഗീത് പ്രതാപ് പറഞ്ഞു.

Content Highlight: Sangeeth Prathap opens up about his journey from Hridayam  to Premalu and his experiences working with Girish A.D

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more