ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ അഭിനേതാവെന്ന നിലയിൽ മലയാള സിനിമയിൽ തന്റെ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് സംഗീത് പ്രതാപ്. എഡിറ്ററായി സിനിമയിൽ കരിയർ ആരംഭിച്ച താരം സൈഡ് റോളുകളിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാൽ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ പ്രേമലു. ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രം താരത്തിന്റെ കരിയറിൽ വലിയൊരു ബൂസ്റ്റാണ് നൽകിയത്.
ബോക്സ് ഓഫീസ് വിജയം നേടിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ജോയലായുള്ള പെർഫോമൻസ് വരെ എത്തിനിൽക്കുകയാണ് സംഗീത്. താരത്തിന്റെ കരിയറിലെ വലിയൊരു ചുവടുവെപ്പാണ് ഇപ്പോൾ തിയേറ്ററുകളിൽ എത്തിയ ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ. നവാഗതനായ ശ്യാമിൻ ഗിരീഷിന്റെ സംവിധാനത്തിൽ ഷറഫുദ്ദീൻ, അഖില ഭാർഗവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സംഗീത് പ്രതാപ്. Photo. Facebook.com
ഇപ്പോഴിതാ താനും ഭാര്യ മായയും മാതാപിതാക്കളാകാൻ പോകുന്ന വിവരം അറിഞ്ഞ നിമിഷത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ സംഗീത് പ്രതാപ്. അപ്രതീക്ഷിതമായി ലഭിച്ച ആ സന്തോഷവാർത്ത തങ്ങളെ ഒരേസമയം സന്തോഷിപ്പിക്കുകയും വൈകാരികരാക്കുകയും ചെയ്തുവെന്ന് സംഗീത് പറഞ്ഞു. ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാജിക് ഫ്രെയിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെപ്രതികരണം.
‘ഭയങ്കര സന്തോഷമായിരുന്നു ഞങ്ങൾക്ക് രണ്ടുപേർക്കും. നമ്മൾ പല കാര്യങ്ങളിലൂടെയും കടന്നുപോകുന്ന സമയത്താണ് ഇങ്ങനെയൊരു സന്തോഷമുള്ള കാര്യം അറിയുന്നത്. ഒരു ദിവസം രാവിലെ മായ വിളിച്ച് ഉണർത്തിയിട്ട് പ്രഗ്നൻസി ടെസ്റ്റ് കാണിക്കുകയായിരുന്നു. അവൾ ഭയങ്കര കരച്ചിലിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഞാൻ പേടിച്ചു,’ സംഗീത് പറഞ്ഞു.
ടെസ്റ്റിലെ രണ്ട് വരകൾ കണ്ടിട്ടും അതിന്റെ അർത്ഥം കൃത്യമായി അറിയാത്തതിനാൽ മായ എന്തിനാണ് കരയുന്നതെന്ന് താൻ ചോദിച്ചെന്നും സംഗീത് വ്യക്തമാക്കി.
‘എനിക്ക് ടെസ്റ്റിൽ രണ്ട് വരയാണോ ഒരു വരയാണോ പോസിറ്റീവ് എന്ന് അറിയില്ലായിരുന്നു. രണ്ടുവര കണ്ടപ്പോൾ പ്രശ്നമൊന്നുമില്ലല്ലോ, പിന്നെ എന്തിനാണ് കരയുന്നതെന്ന് ഞാൻ ചോദിച്ചു. സത്യത്തിൽ ഞങ്ങൾക്ക് തൽക്കാലം കുഞ്ഞിനെക്കുറിച്ച് പ്ലാനൊന്നും ഉണ്ടായിരുന്നില്ല. കുറച്ചുകൂടി കഴിഞ്ഞിട്ട് മതി എന്നായിരുന്നു ഞങ്ങൾ തീരുമാനിച്ചത്,’ സംഗീത് പറഞ്ഞു.
ഫലം ഉറപ്പാക്കുന്നതിനുമുമ്പ് അമിതമായി പ്രതീക്ഷിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതു കൊണ്ട് വീട്ടിൽപ്പോലും വിവരം പറഞ്ഞിരുന്നില്ല. ടെസ്റ്റിന്റെ ചിത്രം നടി മമിത ബൈജുവിന് അയച്ചുകൊടുത്തതിനെക്കുറിച്ചും സംഗീത് വ്യക്തമാക്കി.
‘ഇത് കണ്ട പാടെ ഞാൻ ചാറ്റ് ജിപിടിയോടാണ് ചോദിച്ചത്. വളരെ ക്ലിയറായിട്ടുള്ള രണ്ട് വരകളായിരുന്നു. അതുകൊണ്ട് 95 ശതമാനം ഉറപ്പാണെന്നാണ് ചാറ്റ് ജിപിടി പറഞ്ഞത്. ഞാൻ മായയോട് അഞ്ച് ശതമാനം മാത്രമേ ചാൻസുള്ളൂ എന്ന് പറഞ്ഞു. ബാക്കി സാധ്യത എന്തിനാണെന്ന് പറഞ്ഞില്ല. നമുക്ക് ഉറപ്പില്ലല്ലോ, അതുകൊണ്ട് പ്രതീക്ഷിക്കേണ്ടെന്നും ടെസ്റ്റ് ചെയ്തശേഷം ഉറപ്പാക്കാമെന്നും കരുതിയാണ് അങ്ങനെ പറഞ്ഞത്,’ സംഗീത് പറഞ്ഞു.
തുടർന്ന് പരിശോധന നടത്താൻ തീരുമാനിച്ചെന്നും ആരോടും വിവരം പറയാതെയാണ് മുന്നോട്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മമിതയോട് കാര്യങ്ങൾ എല്ലാം അപ്പോൾ തന്നെ പറഞ്ഞിരുന്നെന്നും താരം വ്യക്തമാക്കി.
മമിത. Photo. Screen Grab/ Youtube
‘മമിത അന്ന് ബെത്‌ലഹേം സിനിമയുടെ ഷൂട്ടിലായിരുന്നു. ഞാൻ മമിതയ്ക്ക് ഫോട്ടോ അയച്ചപ്പോൾ അവൾ എക്സൈറ്റ്മെന്റ് കൊണ്ട് ഉടൻ വിളിച്ചു. ഞാൻ പറഞ്ഞു, ‘മിണ്ടല്ലേ, ഉറപ്പിച്ചിട്ട് വിളിക്കാം’ എന്ന്. പിന്നീട് ഞാനും മായയും ഭയങ്കര ഇമോഷണലായി. കാരണം ഞങ്ങൾ അതിനായി തയ്യാറെടുത്തിരുന്നില്ല. പക്ഷേ ഇപ്പോഴും ഓർമ്മയുണ്ട്, ആ യാത്ര ഭയങ്കര ബ്യൂട്ടിഫുൾ ആയിരുന്നു,’ സംഗീത് കൂട്ടിച്ചേർത്തു.
Content Highlight: Sangeeth Prathap opens up about his friendship with Mamitha Baiju