മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് സംഗീത് പ്രതാപ്. എഡിറ്ററായി മലയാള സിനിമയിൽ എത്തിയ സംഗീത് 2024-ൽ ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്ററക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. എന്നാൽ അഭിനേതാവെന്ന നിലയിൽ താരം ശ്രദ്ധിക്കപ്പെടുന്നത് 2022-ൽ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിലൂടെയാണ്.
സംഗീതിനെ ഇൻഡസ്ട്രിയിൽ ആക്ടറെന്ന നിലയിൽ വലിയ രീതിയിൽ സഹായിച്ച ചിത്രമായിരുന്നു 2024-ൽ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രവും നസ്ലെനൊപ്പമുള്ള കോമ്പിനേഷനും സംഗീതിനെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റിലൂടെ ഒരിക്കൽ കൂടെ സിനിമാലോകത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് താരം.
സംഗീത് പ്രതാപ്. Photo. X.com
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കി സെപ്റ്റംബർ 18-ന് തിയേറ്ററുകളിലെത്തുന്ന ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംഗീത് പ്രതാപ്.
എഡിറ്റിങ്ങും ഡയറക്ഷനും ആയിരുന്നു തന്റെ പാഷൻ എന്നും, സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹത്തിൽ നിരവധി നിർമ്മാതാക്കളെ സമീപിച്ചിരുന്നെന്നും സംഗീത് പ്രതാപ് പറയുന്നു.
‘എന്റെ ഏറ്റവും വലിയ പാഷൻ എന്ന് പറയുന്നത് എഡിറ്റിങ്ങും ഡയറക്ഷനും ഒക്കെയായിരുന്നു. അതിനാൽ ആ മേഖലയിൽ എന്റേതായ ഒരു അടയാളപ്പെടുത്തൽ ഉണ്ടാക്കണമെന്ന് വലിയൊരു ആഗ്രഹമുണ്ടായിരുന്നു.
അങ്ങനെ ഒരു പടം ഡയറക്റ്റ് ചെയ്യാനായി ഞാൻ കുറെ ഓടി. ഇപ്പോൾ ഞാനും മമിതയും ലീഡ് റോളിലെത്തുന്ന ഒരു സിനിമ വരുന്നുണ്ട്. അതിന്റെ ഡയറക്ടർ ഡിനോയ് ചേട്ടന്റെ എഴുത്തിൽ ഞാൻ ഒരു സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി കുറഞ്ഞത് ഒരു നാൽപ്പത് പ്രൊഡ്യൂസർമാരെയെങ്കിലും പോയി കണ്ടിട്ടുണ്ടാകും,’ നടൻ പറഞ്ഞു.
ഏറെ ഇഷ്ടപ്പെട്ടിരുന്ന എഡിറ്റിങ്, സംവിധാന മേഖലയിൽ ഒരു അടയാളപ്പെടുത്തൽ നടത്താൻ കഴിയാതെ വരുകയും പിന്നീട വളരെ പെട്ടന്നായിരുന്നു തനിക്ക് വലിയ ബന്ധമില്ലാതിരുന്ന അഭിനയമേഖലയിലേക്ക് എത്തിയതെന്നും സംഗീത് വ്യക്തമാക്കി.
‘എന്റെ സിനിമ ഒരു ഫീമെയിൽ ഓറിയന്റഡ് പ്രോജക്റ്റ് ആയിരുന്നു. പക്ഷെ ആ സിനിമയുടെ കഥ മമിതയുടെ അടുത്ത് പോലും പറയാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അന്ന് പറ്റിയിരുന്നില്ല. അതല്ലാതെയും സിനിമയ്ക്ക് വേണ്ടി കുറെ ആളുകളുടെ അടുത്തൊക്കെ പോയിരുന്നു.
അങ്ങനെ നമുക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പ്രൊഫഷനിൽ ഒരു അടയാളപ്പെടുത്തൽ ഉണ്ടാക്കാൻ പറ്റാത്തതുകൊണ്ടാണ്, അത്രമേൽ ഇഷ്ടപ്പെടുന്ന ഒരു മേഖലയിൽ നിന്ന് മാറി നമുക്ക് ഒരു ബന്ധവുമില്ലാത്ത ആക്ടിംഗ് എന്ന പ്രൊഫഷൻ പെട്ടെന്ന് ചൂസ് ചെയ്യുന്നത്,’ സംഗീത് പ്രതാപ് പറഞ്ഞു.
സംഗീത് പ്രതാപ്. Photo. X.com
അഭിനയത്തിൽ പതുക്കെ സജീവമായി തുടങ്ങിയ സമയത്താണ് ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന ചിത്രത്തിലെ മികച്ച എഡിറ്റിങ്ങിന് തനിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതെന്നും, അത് ഏറെ സന്തോഷം നൽകിയ ഒന്നായിരുന്നു എന്നും സംഗീത് പറഞ്ഞു.
‘ആക്ടറൊക്കെയായി പതുക്കെ അതിലൊന്ന് ഉറച്ചു തുടങ്ങിയപ്പോഴായിരുന്നു എന്റെ പാഷനായ പ്രൊഫഷനിൽ ഒരു അടയാളപ്പെടുത്തൽ എന്നതുപോലെ എഡിറ്റിങ്ങിൽ ഒരു സ്റ്റേറ്റ് അവാർഡ് വരുന്നത്. അത് ഭയങ്കര ഒരു ബ്ലെസ്ഡ് ഫീൽ ആയിരുന്നു. നമ്മൾ അഞ്ചാറു വർഷം നിന്ന ഒരു ഫീൽഡിൽ നിന്ന് മാറിനിൽക്കുമ്പോൾ, അവിടെനിന്ന് തന്നെ ഒരു അംഗീകാരം തേടിയെത്തുക എന്നത് വലിയൊരു സന്തോഷം തന്നെയായിരുന്നു,’ സംഗീത പ്രതാപ് പറഞ്ഞു.