പ്രേമലുവിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംഗീത് അത് ഊട്ടിയുറപ്പിക്കുകയാണ് ഹൃദയപൂർവ്വത്തിലൂടെ. പ്രേമലുവിൽ അമൽ ഡേവിസായി കസറിയപ്പോൾ ഹൃദയപൂർവ്വത്തിൽ ജെറിയായും സംഗീത് പ്രേക്ഷകരുടെ മനസിൽ ഇടം നേടി.
എഡിറ്ററായിട്ടാണ് സംഗീത് സിനിമയിലേക്ക് പ്രവേശിച്ചത്. 2024ൽ പുറത്തിറങ്ങിയ ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിലെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുമുണ്ട് സംഗീത്.
ഹൃദയം, പത്രോസിന്റെ പടപ്പുകൾ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സംഗീതിന്റെയുള്ളിലെ നടനെ അടയാളപ്പെടുത്തിയ സിനിമയായിരുന്നു പ്രേമലു. ചിത്രത്തിലെ അമൽ ഡേവിസായി സംഗീത് അഴിഞ്ഞാടി. സിനിമ കണ്ടിറങ്ങിയ എല്ലാവർക്കും അവൻ അമൽ ഡേവിസായി.
മോഹൻലാലിന്റെ കൂടെ തുടരും ചിത്രത്തിലും അസാമാന്യ പെർഫോമൻസാണ് സംഗീത് കാഴ്ച വെച്ചത്. ക്ലൈമാക്‌സിൽ വരുന്ന സീനിലെ കരച്ചിൽ എല്ലാവരുടെയും ഉള്ളുതൊടുന്നതായിരുന്നു. റിലീസ് സമയത്ത് ആരുമാരും ചർച്ച ചെയ്യാതെ പോയപ്പോൾ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് പിന്നാലെയാണ് വൈകാരിക രംഗം ചർച്ചയാകുന്നത്. കോമഡി മാത്രമല്ല ഇമോഷൻസും തനിക്ക് പറ്റുമെന്ന് സംഗീത് ഒറ്റചിത്രത്തിലൂടെ തെളിയിച്ചു.
എന്നാലും, ഇപ്പോഴും സംഗീതിനെ പലരും വിളിക്കുന്നത് അമൽ ഡേവിസ് എന്നാണ്. ആ പേര് മാറാൻ പോകുന്നില്ലെന്ന് സംഗീത് തന്നെ പറഞ്ഞിട്ടുമുണ്ട്. അമൽ ഡേവിസ് എന്ന പേര് മാറാൻ പോകുന്നില്ലെങ്കിലും ഹൃദയപൂർവ്വത്തിലെ ജെറിക്ക് അമൽ ഡേവിസിന്റെ ഛായ ഉണ്ട്.
അതിനൊരു കാരണവുമുണ്ട്. സത്യൻ അന്തിക്കാടിന് വേണ്ടിയിരുന്നത് പ്രേമലുവിൽ ഉണ്ടായിരുന്ന അമൽ ഡേവിസിന്റെ ഓറ റീക്രീയേഷനായിരുന്നു. അങ്ങനെ തന്നെയാണ് തന്നോട് കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ചതെന്നും തിരക്കഥയിൽ അത് വ്യക്തമായിരുന്നെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ജെറിയെന്ന ഹോം നഴ്‌സ് ആദ്യമെത്തുന്നത് മോഹൻലാൽ അവതരിപ്പിച്ച സന്ദീപ് എന്ന കഥാപാത്രത്തെ ശുശ്രൂഷിക്കാനാണ്. എന്നാൽ പിന്നീട് സന്ദീപിന്റെ ജീവിതത്തിലെ പ്രധാനിയായി മാറുന്നതും ഇതേ ജെറിയാണ്. അഭിനയത്തിൽ മോഹൻലാലിനൊപ്പം പിടിച്ചുനിൽക്കാൻ സംഗീതിന് അനായാസം സാധിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള കോമഡികളും കൊടുക്കൽ വാങ്ങലുകളും പ്രേക്ഷകരെ ചിരിപ്പിക്കും.
സംഗീത് പ്രതാപ് എന്ന നടൻ മികച്ചൊരു അഭിനേതാവാണ്. അക്കാര്യത്തിൽ ഒരു സംശയും വേണ്ട.
സംഗീതിന്റെ ഇനി വരുന്ന സിനിമകൾ ആസിഫ് അലിയുടെ കൂടെയുള്ള ടിക്കി ടാക്കയും, മമിത ബൈജുവിനൊപ്പമുള്ള ചിത്രവുമാണ്.
‘ഞാനെന്നെ ഏറ്റവും സ്റ്റൈലിഷായിട്ട് കണ്ട, എന്റെ കൂടെയുള്ള എല്ലാ ആക്ടേഴ്‌സിനെയും സ്റ്റെലിഷായിട്ട കണ്ട സിനിമയാണ്’ എന്നാണ് ടിക്കി ടാക്കയെക്കുറിച്ച് സംഗീത് വിശേഷിപ്പിച്ചത്. പ്രേക്ഷകരും കാത്തിരിക്കുകയാണ് സംഗീത് എന്ന നടന്റെ പെർഫോമൻസിനെ.
Content Highlight: Sangeeth Prathap established himself in Malayalam cinema