| Friday, 25th September 2026, 4:41 pm

അന്ന് കാറിലും കാരവാനിലുമൊക്കെ ഇരുന്നാണ് ഞങ്ങൾ ഉറങ്ങിയത്, രാവിലെ മമിതയെയൊക്കെ വിളിച്ചുണർത്തലായിരുന്നു; സംഗീത്‌ പ്രതാപ്

അജ്മല്‍ കെ

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ മലയാളം റൊമാന്റിക് കോമഡി ചിത്രമാണ് പ്രേമലു. നസ്‌ലെനും മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ സംഗീത് പ്രതാപ്, ശ്യാം മോഹൻ, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ് എന്നിവരുൾപ്പെടെയുള്ള അഭിനേതാക്കളും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എല്ലാവരും ഒരുമിച്ച് താമസിച്ചിരുന്ന കാലത്തെ രസകരമായ അനുഭവങ്ങളാണ് അഖിലയും സംഗീത് പ്രതാപും പങ്കുവെക്കുന്നത്. ഹാപ്പി ഫ്രെയിംസ് ചാനലിന് നൽകിയ അഭിമുഖത്തിലായിരിക്കുന്നു താരങ്ങൾ തുറന്നു സംസാരിച്ചത്.

പ്രേമലു. Photo. IMDb. Screen Grab/ Youtube

ഷൂട്ട് നേരത്തെ കഴിഞ്ഞാലും താമസസ്ഥലത്ത് എത്തിയ ശേഷം മണിക്കൂറുകളോളം എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നെന്ന് സംഗീത് പറയുന്നു.

‘ഷൂട്ട് കഴിഞ്ഞിട്ട് ട്രാവൽ ചെയ്ത് എത്തുമ്പോൾ ഏകദേശം രാത്രി 11 മണിയൊക്കെയാകും. എന്നാലും ഒരു നാലോ അഞ്ചോ മണിവരെ വെറുതെ ഇങ്ങനെ സംസാരിച്ചിരിക്കും. ഞങ്ങളുടെ അപ്പാർട്ട്മെന്റിന്റെ മുകളിൽ ടെറസ് ഉണ്ടായിരുന്നു. എല്ലാവരും കൂടെ മുകളിലെ റൂമിലോ ബാൽക്കണിയിലോ ഇരുന്ന് സീനുകളെക്കുറിച്ചും മറ്റുമൊക്കെ സംസാരിക്കുമായിരുന്നു. അതൊക്കെ നല്ല ഓർമകളാണ്,’ സംഗീത് പറഞ്ഞു.

ചെറിയ ബാൽക്കണിയിൽ ആറോ ഏഴോ പേർ ഒരുമിച്ചിരുന്ന് സമയം ചെലവഴിച്ചിരുന്നതായും അഖില ഓർത്തെടുത്തു. ചായ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമൊക്കെയാണ് പലപ്പോഴും താഴേക്ക് ഇറങ്ങിയിരുന്നത്. ബാക്കിയുള്ള സമയമത്രയും ടെറസിലും ബാൽക്കണിയിലുമായിരുന്നു ഞങ്ങൾ എല്ലാവരും സമയം ചിലവഴിച്ചിരുന്നതെന്നു താരം പറഞ്ഞു.

‘ഷൂട്ടിങ് പുലർച്ചെ ആറിന് ആരംഭിച്ച് രാത്രി ഒൻപത് മണിയോടെ അവസാനിച്ച ദിവസങ്ങളിലും ഈ പതിവിന് മാറ്റമുണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ ആറുമണിക്ക് വീണ്ടും ഷൂട്ടിന് പോകണമെങ്കിലും രാത്രി രണ്ട്, മൂന്ന് മണിവരെ ടെറസിൽ ഇരുന്ന് സംസാരിക്കും. ടെറസിൽ നല്ല കാറ്റായിരുന്നു. അപ്പുറത്തും ഇപ്പുറത്തുമൊക്കെ നോക്കിയിരുന്ന് സംസാരിച്ചിരിക്കും,’ അഖില പറഞ്ഞു.

പ്രേമലു. Photo. IMDb

ഉറക്കം വളരെ കുറവായിരുന്ന ആ ദിവസങ്ങളിൽ രാവിലെ ആറുമണിക്ക് എല്ലാവരെയും എഴുന്നേൽപ്പിക്കുന്ന ചുമതല തനിക്കായിരുന്നെന്നും അഖില പറഞ്ഞു. ‘മമിതയെ ‘എണീക്ക്, എണീക്ക്’ എന്ന് പറഞ്ഞ് ഞാൻ പോയി ഡോറിൽ തട്ടി വിളിക്കുമായിരുന്നു. കാറിൽ ഇരുന്നും കാരവാനിൽ കിടന്നുമൊക്കെയായിരുന്നു പലപ്പോഴും ഉറങ്ങിയിരുന്നത്. ആ സമയത്ത് ഉറക്കം ഭയങ്കര കുറവായിരുന്നു. അതൊക്കെയായിരുന്നു ‘പ്രേമലു’ സമയത്തെ രസകരമായ അനുഭവങ്ങൾ,’ അഖില കൂട്ടിച്ചേർത്തു.

Content Highlight: Sangeeth Prathap and Akhila share insights about ‘Premalu’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more