| Tuesday, 16th September 2025, 5:00 pm

ഹൃദയത്തില്‍ പ്രണവിനെ ഇടിച്ചുകൂട്ടിയ സീനിയറിന് ലാലേട്ടന്‍ ചിരിയോടെ കൈ തന്നു: സംഗീത് പ്രതാപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഡിറ്റര്‍ ആയി കരിയര്‍ തുടങ്ങുകയും പിന്നീട് അഭിനേതാവെന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ് സംഗീത് പ്രതാപ്. പ്രേമലുവിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അദ്ദേഹം മലയാളികളുടെ മനസിലേക്ക് ചേക്കേറിയത്.

തുടരുമില്‍ മോഹന്‍ലാലിനെ കാണാന്‍ വേണ്ടിയാണ് താന്‍ അഭിനയിച്ചതെന്ന് പറഞ്ഞ സംഗീതിനെ പിന്നെ കാണുന്നത് ഹൃദയപൂര്‍വ്വത്തില്‍ മോഹന്‍ലാലിന്റെ കോമ്പോയായാണ്. സിനിമയില്‍ ജെറിയെന്ന കഥപാത്രത്തെ അവതരിപ്പിച്ചും അദ്ദേഹം പ്രേക്ഷകരുടെ മനസില്‍ ഇടം നേടി.

ഹൃദയത്തില്‍ പ്രണവിനെ ഇടിച്ചുകൂട്ടിയ സീനിയറിനെ തുടരുമില്‍ മോഹന്‍ലാല്‍ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ സംഗീത്. ലൊക്കേഷനില്‍ വച്ച് ആദ്യമായി കാണുമ്പോള്‍ ലാലേട്ടന്‍ പ്രേമലു കണ്ടിട്ടില്ലെന്ന് സംഗീത് പറയുന്നു.

‘സംവിധായകന്‍ പ്രേമലുവിന്റെ പേരു പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ ഞാന്‍ തിരുത്തി, ‘ഹൃദയത്തില്‍ പ്രണവിനെ ഇടിച്ചു കൂട്ടിയ സീനിയറാണ്’ എന്ന്. അദ്ദേഹം ചിരിയോടെ കൈ തന്നു,’ സംഗീത് പറഞ്ഞു.

മൂന്നു ദിവസം മാത്രമായിരുന്നു തന്റെ ഷെഡ്യൂളെന്നും അതിനിടെ മോഹന്‍ലാലിനോട് അധികമൊന്നും സംസാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രൊമാന്‍സിന്റെ ലൊക്കേഷനില്‍ നില്‍ക്കുമ്പോഴാണ് അടുത്ത കോള്‍ വന്നതെന്നും ഹൃദയപൂര്‍വത്തില്‍ മോഹന്‍ലാലിനൊപ്പം മുഴുനീളന്‍ വേഷമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഷൂട്ടിങ് ദിവസങ്ങളില്‍ മുഴുവന്‍ ലാലേട്ടന്റെ കൂടെയായിരുന്നു. ഒരിക്കല്‍ കാറില്‍ വച്ചുള്ള സീന്‍ എടുക്കുന്നു. ഷൂട്ടിങ്ങിനിടെ വിശക്കുന്നു എന്ന് ഞാന്‍ ഇടയ്ക്കിടെ പറയുന്നുണ്ട്. അതുകേട്ട് ലാലേട്ടനും പറഞ്ഞു. ശരിയാ..വിശക്കുന്നുണ്ട് എന്ന്. ഒരു മണിക്കൂറു കൂടി കഴിഞ്ഞാണ് ഷൂട്ടിങ് തീര്‍ന്നത്. ഡ്രസ് മാറ്റി വീട്ടിലേക്ക് പോകാനിറങ്ങിയപ്പോള്‍ വിളി വന്നു. കാരവാനില്‍ ചെന്നപ്പോള്‍ നല്ല ചൂടന്‍ കല്ലപ്പവും മീന്‍കറിയും റെഡി. ലാലേട്ടന്‍ തന്നെ വിളമ്പിത്തന്നു. ആ നിമിഷങ്ങളൊക്കെ നിധി പോലെയാണ്,’ സംഗീത് പറഞ്ഞു.

Content highlight: Sangeeth Pratap shares his experience on the sets with Mohanlal

Latest Stories

We use cookies to give you the best possible experience. Learn more