| Saturday, 24th January 2026, 9:11 am

മമിതയെക്കുറിച്ചുള്ള ട്രോളൊക്ക ഞങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ട് എന്‍ജോയ് ചെയ്യാറുണ്ട്, പക്ഷേ വേദനിപ്പിക്കുന്നത് മറ്റൊന്ന്: സംഗീത് പ്രതാപ്

അമര്‍നാഥ് എം.

പ്രേമലു എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ കോമ്പോയാണ് സംഗീത് പ്രതാപ്- മമിത ബൈജു എന്നിവരുടേത്. അമല്‍ ഡേവിസിനെയും റീനുവിനെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. വരാനിരിക്കുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ്, ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന പ്രൊജക്ട് എന്നിവയിലും ഈ കോമ്പോ ഒന്നിക്കുന്നുണ്ട്.

കേരളത്തിന് പുറത്തും വലിയ രീതിയില്‍ ശ്രദ്ധ നേടിയ മമിത ബൈജു കഴിഞ്ഞദിവസം ട്രോള്‍ പേജുകളില്‍ നിറഞ്ഞിരുന്നു. ജന നായകന്റെ ഓഡിയോ ലോഞ്ചില്‍ ‘നാളൈ നാളൈ’ എന്ന് മമിത പാടിയ പാട്ട് ട്രോളന്മാര്‍ ഏറ്റെടുത്തു. പല ട്രോള്‍ പേജുകളിലും മമിതയായിരുന്നു കുറച്ചുദിവസം നിറഞ്ഞുനിന്നത്. ഇത്തരം ട്രോളുകളെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത് പ്രതാപ്.

താനും മമിതയുമെല്ലാം ഉറ്റ സുഹൃത്തുക്കളാണെന്നും ട്രോളുകളെല്ലാം ചില സമയത്ത് ഒരുമിച്ചിരുന്ന് കാണാറുണ്ടെന്നും സംഗീത് പറഞ്ഞു. ട്രോളാനായി പലപ്പോഴും താനും കൂട്ടുകാരും മുന്നില്‍ നില്‍ക്കാറുണ്ടെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു. പല ട്രോള്‍ വീഡിയോകളും താന്‍ തന്നെ മമിതയെ കാണിക്കാറുണ്ടെന്നും താരം പറയുന്നു. ബേബി ഗേളിന്റെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംഗീത് പ്രതാപ്.

‘ട്രോള്‍ വീഡിയോ പലതും ഞാനും അവളുമൊക്കെ എന്‍ജോയ് ചെയ്യാറുണ്ട്. നല്ല വീഡിയോസൊക്കെ എടുത്ത് കാണിക്കും. പക്ഷേ, വീഡിയോയുടെ താഴെ ചില ഹേറ്റ് കമന്റുകള്‍ ചിലര്‍ ഷെയര്‍ ചെയ്യും. അതിന് നമുക്കൊന്നും ചെയ്യാനാകിലല്ലോ. ഓരോ വീഡിയോയും കാണിക്കുമ്പോള്‍ അതിന്റെ താഴെയുള്ള ഹേറ്റ് കമന്റുകള്‍ കാണിക്കാതിരിക്കാന്‍ നമ്മള് പരമാവധി ശ്രമിക്കും. ഹാംലെസ്സായിട്ടുള്ള ട്രോളുകള്‍ എന്‍ജോയ് ചെയ്യും. പക്ഷേ, ഹേറ്റ് കമന്റുകള്‍ നമ്മളെ ഡൗണാക്കും,’ സംഗീത് പറയുന്നു.

പാന്‍ ഇന്ത്യന്‍ വിളിയെക്കുറിച്ചും താരം സംസാരിച്ചു. അങ്ങനെ വിളിക്കുന്നത് എന്തിനാണെന്ന് തനിക്കറിയില്ലെന്ന് സംഗീത് പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി താന്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങനെയുള്ള ട്രോളുകള്‍ കാണാറുണ്ടെന്നും എന്താണ് അതിന് കാരണമെന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘പാന്‍ ഇന്ത്യന്‍ വിളി ട്രോളാണെന്നാണ് എനിക്ക് തോന്നുന്നത്. എയറില്‍ പോവാന്‍ എനിക്ക് പേടിയാണ്. എന്തെങ്കിലും ചെയ്തിട്ട് എയറില്‍ പോയാല്‍ കുഴപ്പമില്ല. സ്റ്റേറ്റ് അവാര്‍ഡിന് രാജുവേട്ടനെപ്പോലെ പോയതിന് അല്ലറ ചില്ലറ ട്രോളുകള്‍ കിട്ടിയിരുന്നു. പടം ചെയ്തിട്ട് എയറില്‍ പോകുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം,’ സംഗീത് പറയുന്നു.

Content Highlight: Sangeeth Pratap saying he and Mamitha enjoy the trolls about her

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more