| Tuesday, 30th September 2025, 12:24 pm

ഈ കഥയൊക്കെ എങ്ങനെയെഴുതിയെന്നാണ് ആ മലയാളസിനിമ കണ്ടപ്പോള്‍ തോന്നിയത്, മറ്റ് ഇന്‍ഡസ്ട്രികളില്‍ ഇതൊന്നും നടക്കില്ല: സാന്‍ഡി മാസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങളായി കൊറിയോഗ്രഫി രംഗത്തെ നിറസാന്നിധ്യമാണ് സാന്‍ഡി എന്ന സന്തോഷ് കുമാര്‍. നിരവധി ചിത്രങ്ങള്‍ക്ക് കൊറിയോഗ്രഫി ചെയ്ത അദ്ദേഹം അഭിനേതാവെന്ന നിലയിലും ശ്രദ്ധേയനാണ്. വിജയ് ചിത്രം ലിയോയിലെ വില്ലന്‍ വേഷത്തിലൂടെയാണ് സാന്‍ഡി സിനിമാലോകത്ത് ശ്രദ്ധ നേടിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു.

മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്ത് മുന്നേറുന്ന ലോകഃയിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യമറിയിക്കാന്‍ സാന്‍ഡിക്ക് സാധിച്ചു. നാച്ചിയപ്പ എന്ന വില്ലനായി അതിഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ലോകഃക്ക് പിന്നാലെ ജയസൂര്യ നായകനാകുന്ന കത്തനാരിലും സാന്‍ഡി ഭാഗമാകുന്നുണ്ട്.

മലയാളസിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹമിപ്പോള്‍. കഥക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് മലയാളത്തില്‍ പല സിനിമകളും പുറത്തിറങ്ങുന്നതെന്ന് അദ്ദേഹം പറയുന്നു. മറ്റ് ഇന്‍ഡസ്ട്രികളില്‍ അങ്ങനെ കാണാന്‍ സാധിക്കാറില്ലെന്നും മലയാളത്തില്‍ അങ്ങനെ കാണുന്നത് തനിക്ക് സന്തോഷം നല്‍കാറുണ്ടെന്നും സാന്‍ഡി കൂട്ടിച്ചേര്‍ത്തു.

‘ചില സിനിമകള്‍ കാണുമ്പോള്‍ എങ്ങനെയാണ് ഇതൊക്കെ എഴുതി ഉണ്ടാക്കിയതെന്ന് ആലോചിക്കാറുണ്ട്. അത്രമാത്രം ഗംഭീരമായിട്ടുള്ള സിനിമകളാണ് എല്ലാം. അതില്‍ എടുത്തുപറയേണ്ട ഒന്നാണ് കിഷ്‌കിന്ധാ കാണ്ഡം. ആ പടത്തിന്റെ കഥയൊക്കെ എങ്ങനെ എഴുതിവെച്ചു എന്ന് ആലോചിച്ച് വണ്ടറടിച്ചു. മറ്റ് ഇന്‍ഡസ്ട്രിയിലൊന്നും ഇങ്ങനെ കാണാന്‍ സാധിക്കാറില്ല.

2018 എന്ന പടവും മേക്കിങ് കൊണ്ട് എന്നെ അത്ഭുതപ്പെടുത്തി. നടന്മാരുടെ കാര്യത്തില്‍ ടൊവിനോ സാറിന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ പലപ്പോഴും ഞെട്ടിക്കാറുണ്ട്. തല്ലുമാല ചെയ്ത അതേ നടന്‍ പിന്നീട് നരിവേട്ട പോലൊരു സിനിമ ചെയ്യുന്നതാണ് കണ്ടത്. എഡിറ്റിങ് കൊണ്ട് വേറൊരു ലെവലിലേക്ക് കൊണ്ടുപോയ പടമാണ് തല്ലുമാല. തിയേറ്ററില്‍ നിന്നാണ് ഞാന്‍ ആ പടം കണ്ടത്.

നരിവേട്ടയിലേക്ക് വന്നാല്‍ കഥക്കാണ് പ്രാധാന്യം. ആ കഥയെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് നമ്മളെ പിടിച്ചിരുത്തിയത്. കഥക്ക് പ്രാധാന്യം കൊടുക്കുന്ന കാര്യത്തില്‍ മലയാളം ഇന്‍ഡസ്ട്രിയോളം മറ്റൊന്നും വരില്ലെന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടാണ് മലയാളത്തില്‍ ഒരു സിനിമ റിലീസാകുമ്പോള്‍ ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാകുന്നത്,’ സാന്‍ഡി മാസ്റ്റര്‍ പറഞ്ഞു.

Content Highlight: Sandy Master about the quality of Malayalam Cinema

We use cookies to give you the best possible experience. Learn more