ലോകയില്‍ ചന്ദ്രയ്‌ക്കൊപ്പം തന്നെ മികച്ചുനിന്ന കഥാപാത്രമായിരുന്നു സാന്‍ഡി അവതരിപ്പിച്ച നാച്ചിയപ്പ. സിനിമയിലെ പൊലീസുകാരന്റെ വേഷം അതിഗംഭീരമായി സാന്‍ഡി അവതരിപ്പിച്ചു.
മലയാള സിനിമയില്‍ അത്ര പരിചിതമല്ലാത്ത മുഖം പ്രേക്ഷകരുടെ മനസില്‍ എളുപ്പത്തില്‍ ഇടംപിടിച്ചത് നാച്ചിയപ്പയായുള്ള സാന്‍ഡിയുടെ പെര്‍ഫോമന്‍സ് ഒന്നുകൊണ്ടുകൂടിയായിരുന്നു.
ലോകയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് സാന്‍ഡി. ചിത്രത്തില്‍ നാച്ചിയപ്പയ്ക്ക് സൂപ്പര്‍പവര്‍ കിട്ടിയ ശേഷം അദ്ദേഹം അമ്മയുമായി സംസാരിക്കുന്ന ഒരു രംഗമുണ്ട്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രംഗം കൂടിയാണ് ഇത്.
ആ സീനിനെ കുറിച്ചും അതെടുക്കുന്നതിന് മുന്‍പ് സംവിധായകന്‍ ഡൊമിനിക് പറഞ്ഞുതന്ന ചില കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാന്‍ഡി മാസ്റ്റര്‍.
സാന്‍ഡി മാസ്റ്ററുടെ അച്ഛന്‍ റിയല്‍ ലൈഫില്‍ ഒരു പൊലീസുദ്യോഗസ്ഥനാണ്. ആ സീനിലും അച്ഛനെ കുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്. അത്തരത്തില്‍ ഏതെങ്കിലും രീതിയില്‍ ആ സീന്‍ പേഴ്‌സണലി കണക്ടായോ എന്ന ചോദ്യത്തിനായിരുന്നു സാന്‍ഡിയുടെ മറുപടി.
‘ എന്റെ ഫേവറൈറ്റ് സീനാണ് അത്. ആ സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുന്‍പ് എന്റെ മനസില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഡൊമിനിക് എല്ലാം നോക്കിക്കൊള്ളും. നമുക്ക് ഒരു ടെന്‍ഷനുമില്ല.
പുള്ളി കൂളാണ്. മാസ്റ്റര്‍ ഇത് ഓക്കെയല്ലേ എന്ന് എന്നോട് ചോദിക്കും. ഒരു സീന്‍ ചെയ്തു കഴിഞ്ഞാല്‍ ഡൊമിനികിനോട് ഇത് ഓക്കെയല്ലേ എന്ന് ചോദിക്കും. ഞാന്‍ ഇങ്ങനെ ഒന്ന് ട്രൈ ചെയ്‌തോട്ടെ എന്ന് ചോദിക്കുമ്പോള്‍ അതിന് സമ്മതിക്കും.
ചെറിയ ചെറിയ ചേഞ്ചുകള്‍ അദ്ദേഹം പറയുമായിരുന്നു. ഈ സീനില്‍ തന്നെ എവിടെയൊക്കെയാണ് നിര്‍ത്തേണ്ടത് എങ്ങനെയാണ് പറയേണ്ടത് എന്നൊക്കെ പറഞ്ഞു തന്നിരുന്നു.
‘ഇനി എനിക്ക് ആരേയും ഭയപ്പെടേണ്ടതില്ലെന്നും എന്നെ കണ്ട് എല്ലാവരും ഭയക്കു’മെന്ന് പറയുന്ന ഡയലോഗില്‍ ഒന്നു ചെറുതായി ചിരിച്ച് നിര്‍ത്തി നിര്‍ത്തി പറയണം എന്നൊക്കെ പറഞ്ഞു തന്നു. സ്‌പോര്‍ട്ടിലാണ് അതൊക്കെ പറയുന്നത്. നാച്ചിയപ്പ കന്നഡയല്ല, ബെംഗളൂരുവിലാണെങ്കിലും തമിഴാണ് കുറേയൊക്കെ പറയുന്നത്.
പിന്നെ ലോകയില്‍ നന്ദി പറയാനുള്ളത് ദുല്‍ഖറിനോടാണ്. ഇത് വലിയൊരു ക്യാരക്ടര്‍ ആണല്ലോ. അദ്ദേഹം എന്നില്‍ കാണിച്ച ആത്മവിശ്വാസം വലുതാണ്. ഷൂട്ടിങ് ലൊക്കേഷനിലാണ് അദ്ദേഹത്തെ കാണുന്നത്. അതുപോലെ വര്‍ക്ക് ചെയ്ത എല്ലാവരുമായി നല്ലൊരു റാപ്പോ ഉണ്ടാക്കാന്‍ പറ്റി,’ സാന്‍ഡി മാസ്റ്റര്‍ പറഞ്ഞു.
മലയാളത്തില്‍ നിന്നും തനിക്ക് ആദ്യം വന്ന ഓഫര്‍ കത്തനാരിലേക്കായിരുന്നു എന്നും അതിന് ശേഷമാണ് ‘ലോക’യിലേക്ക് ക്ഷണം ലഭിച്ചതെന്നും അഭിമുഖത്തില്‍ സാന്‍ഡി മാസ്റ്റര്‍ പറഞ്ഞു. ജയസൂര്യ-റോജിന്‍ തോമസ് ചിത്രം ‘കത്തനാരി’ല്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് സാന്‍ഡി അവതരിക്കുന്നത്. ഭഭബയിലും ഒരു മികച്ച വേഷം അദ്ദേഹം ചെയ്യുന്നുണ്ട്.
Content Highlight: Sandy Master about his Favourite Scene on Lokah Movie