| Monday, 25th August 2025, 2:53 pm

എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമം ആണധികാര ശബ്ദത്തിന്റെ പ്രതിഫലനം; ഉമാ തോമസിന് സാന്ദ്രയുടെ പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഉമാ തോമസ് എം.എല്‍.എക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. എം.എല്‍.എക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സാന്ദ്ര തോമസ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സാന്ദ്രയുടെ പ്രതികരണം.

‘ഒരു യുവ എം.എല്‍.എക്കെതിരെ കേരളാ രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തില്‍ ഇന്നേവരെ കേട്ടുകേള്‍വിയില്ലാത്ത ലൈംഗിക ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ ഒരു സ്ത്രീ എന്ന നിലയില്‍ ഉമാ തോമസ് ശക്തമായ നിലപാട് സ്വീകരിച്ചു. ഇക്കാരണത്താല്‍ ഉമാ തോമസിനെ സൈബര്‍ ഇടത്തില്‍ ആക്രമിക്കുന്നതില്‍ ശക്തമായി പ്രതിഷേധിക്കുന്നു,’ സാന്ദ്ര തോമസ് കുറിച്ചു.

സൈബര്‍ ഇടങ്ങളിലെ അക്രമണങ്ങള്‍ക്കെതിരെ അവരുടെ പ്രസ്ഥാനം പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും, അതില്‍ ആ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള ആരെങ്കിലും പങ്കാളികള്‍ ആയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കെതിരെ ഉണ്ടാവുന്ന ആക്രമണങ്ങള്‍ രാഷ്ട്രീയഭേദമന്യേ എതിര്‍ക്കപ്പെടേണ്ടതാണ്. അങ്ങനെ എതിര്‍ക്കുന്ന ശബ്ദങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത് ഒരു ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണ്. അതൊരു കാരണവശാലും കേരളം അനുവദിച്ചു കൊടുത്തുകൂടാ എന്നും സാന്ദ്ര പ്രതികരിച്ചു.

അതേസമയം ഉമാ തോമസിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഇന്നലെ (ഞായര്‍) രാത്രിയോടെ ഉയര്‍ന്നത്. ‘കല്ലൂര്‍ സ്റ്റേഡിയത്തില്‍ വീണപ്പോള്‍ ഉമാ തോമസ് ചത്താല്‍ മതിയായിരുന്നു’ എന്നതടക്കമുള്ള അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. രാഹുല്‍-ഷാഫി അനുകൂലികളായിരുന്നു സൈബര്‍ ആക്രമണത്തിന് പിന്നില്‍.

യൂത്ത് കോണ്‍ഗ്രസ് എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലും ഉമാ തോമസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലുമാണ് അധിക്ഷേപം ഉയര്‍ന്നത്. ‘അതെ ഓരോ പട്ടികള്‍… അന്ന് വീണപ്പോള്‍ ചത്താല്‍ മതിയായിരുന്നു,’ എന്നാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഒരു അധിക്ഷേപം.

ജെബി മേത്തര്‍ എം.പിയുടെ നിലപാട് ന്യായമാണെന്നും രാഹുലിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്നത് വരെ ഉമാ തോമസിന് വായടച്ച് ഇരുന്നാല്‍ എന്താണെന്നും പ്രതികരണമുണ്ടായിരുന്നു.

കൂടാതെ ‘ദേ തള്ളേ അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നോളണം. കോലും നീട്ടിപ്പിടിച്ചവര്‍ക്ക് നേരെ വായ തുറക്കാന്‍ നില്‍ക്കരുത്, നിങ്ങള്‍ പിടിച്ചു പുറത്താക്കാന്‍ പറഞ്ഞാല്‍ ഉടനെ അത് കേള്‍ക്കാന്‍ പാര്‍ട്ടി എന്റെയും നിങ്ങളുടെയും തറവാട്ടു സ്വത്തല്ല’ തുടങ്ങിയ കമന്റുകളാണ് ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ഉയര്‍ന്നത്.

Content Highlight: Sandra Thomas responds to cyber attack against MLA Uma Thomas

Latest Stories

We use cookies to give you the best possible experience. Learn more