| Wednesday, 13th August 2025, 12:47 pm

സാന്ദ്രാ തോമസിന്റെ ഹരജി തള്ളി; നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ തന്റെ പത്രിക തള്ളിയതിനെതിരെ സാന്ദ്രാ തോമസിന്റെ ഹരജി തള്ളി കോടതി. എറണാകുളം സബ് കോടതിയുടേതാണ് നടപടി. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക തള്ളിയതിനെതിരായാണ് സാന്ദ്ര കോടതിയെ സമീപിച്ചത്.

ഇതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍  ഭാരവാഹി സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രാ തോമസിന് സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്.

കോടതി വിധി അപ്രതീക്ഷിതവും നിരാശാജനകമാണെന്നും സാന്ദ്രാ തോമസ് പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ എക്സിക്യൂട്ടീവ് പദവികളിലേക്ക് മത്സരിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു സാന്ദ്രാ തോമസ് കോടതിയില്‍ വാദിച്ചത്. തെരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

നിയമവിരുദ്ധമായാണ് റിട്ടേണിങ് ഓഫീസര്‍ തന്റെ പത്രിക തള്ളിയതെന്നായിരുന്നു സാന്ദ്രയുടെ ആരോപണം. വരണാധികാരി കോശി ജോര്‍ജ് സംഘടനയുടെ നിലവിലെ ഭാരവാഹികളുടെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്നും ഇവരെ തെരഞ്ഞെടുപ്പ് നടപടികളില്‍നിന്ന് വിലക്കണം എന്ന ആവശ്യവും സാന്ദ്രാ തോമസ് കോടതിയില്‍ ഉന്നയിച്ചിരുന്നു.

പ്രസിഡന്റ്, ട്രഷറര്‍, എക്സിക്യുട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്ര പത്രിക നല്‍കിയിരുന്നത്. സാന്ദ്രാ തോമസ് സമര്‍പ്പിച്ച പത്രികകള്‍ മത്സരത്തിന് പര്യാപ്തമല്ല എന്ന് കാണിച്ചുകൊണ്ടാണ് റിട്ടേണിങ് ഓഫീസര്‍ പത്രിക തള്ളിയത്.

ഫ്രൈഡേ ഫിലിംസിനൊപ്പം ഏഴു സിനിമകളും സ്വന്തം ബാനറില്‍ ചെയ്ത രണ്ട് സിനിമകളുമടക്കം ഒമ്പത് സിനിമകള്‍ താന്‍ നിര്‍മിച്ചിട്ടുണ്ടെന്നാണ് സാന്ദ്ര കോടതിയെ അറിയിച്ചത്. എന്നാല്‍, നിര്‍മാതാവ് എന്ന നിലയില്‍ സ്വതന്ത്രമായി മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു വരണാധികാരിയുടെ നിലപാട്.

സാന്ദ്രാ തോമസ് നല്‍കിയ മൂന്നു സര്‍ട്ടിഫിക്കറ്റുകളില്‍ അവസാനത്തേത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിലുള്ളതാണെന്നും അത് പരിഗണിക്കാനാകില്ലെന്നും വരണാധികാരി പറഞ്ഞു.

എന്നാല്‍ തന്റെ പത്രിക തള്ളിയതിനെതിരെ സാന്ദ്രാ തോമസ് സൂക്ഷ്മപരിശോധനാ സമയത്ത് തന്നെ പ്രതികരിച്ചിരുന്നു. മറ്റാരും തന്നെ ആക്ഷേപമുന്നയിക്കാതെ റിട്ടേണിങ് ഓഫീസര്‍ തന്നെ തന്റെ പത്രികയില്‍ മാത്രം സംശയം പ്രകടിപ്പിച്ചതെന്ന് സാന്ദ്ര തോമസ് ചോദിക്കുകയും ചെയ്തു. തന്റെ പത്രിക തള്ളണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും സാന്ദ്ര കുറ്റപ്പെടുത്തി.

Content highlight: Sandra Thomas’ petition against the rejection of her nomination in the Producers’ Association elections has been dismissed.

We use cookies to give you the best possible experience. Learn more