മലയാളത്തിലെ മികച്ച നിര്‍മാതാക്കളിലൊരാളാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലിം ഹൗസില്‍ പങ്കാളിയായ സാന്ദ്ര പിന്നീട് സ്വന്തമായി നിര്‍മാണ കമ്പനി ആരംഭിക്കുകയായിരുന്നു. മലയാളത്തിലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെയുള്ള സാന്ദ്രയുടെ പോരാട്ടം പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. നിര്‍മാതാവും വിതരണക്കാരനുമായ ലിസ്റ്റിന്‍ സ്റ്റീഫനെതിരെ സംസാരിക്കുകയാണ് സാന്ദ്ര തോമസ്.
കഴിഞ്ഞ രണ്ട് മാസത്തെ മലയാളസിനിമയുടെ വിജയപരാജയങ്ങളുടെ പട്ടിക പുറത്തുവിടാത്തതിന് പിന്നില്‍ ലിസ്റ്റിനാണെന്ന് സാന്ദ്ര പറയുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച രണ്ട് സിനിമകള്‍ റിലീസായെന്നും ആ സിനിമകള്‍ പരാജയമാണെന്നത് പുറത്തുള്ളവര്‍ അറിയാതിരിക്കാനാണ് ഈ നീക്കമെന്നും സാന്ദ്ര തോമസ് ആരോപിച്ചു. ദിലീപ് നായകനായെത്തിയ പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയെ പേരെടുത്ത് പറയാതെയാണ് സാന്ദ്ര വിമര്‍ശിച്ചത്.
ലിസ്റ്റിന്‍ നിര്‍മിച്ച ഒരു സിനിമ ബജറ്റ് റിലീസിന് മുമ്പ് 15 കോടിയാണെന്നായിരുന്നു പറഞ്ഞതെന്നും എന്നാല്‍ റിലീസിന് ശേഷം പ്രതീക്ഷിച്ച കളക്ഷന്‍ ചിത്രത്തിന് ലഭിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹിറ്റായെന്ന് കാണിക്കാന്‍ വേണ്ടി ബജറ്റ് ഒമ്പതി കോടിയാക്കി ചുരുക്കിയെന്നും സാന്ദ്ര പറയുന്നു. കളക്ഷന്‍ ലിസ്റ്റ് പുറത്തുവിട്ടാല്‍ ഇത് എല്ലാവരും അറിയുമെന്നതുകൊണ്ടാണ് അത് പുറത്തുവിടാത്തതെന്നും സാന്ദ്ര തോമസ് പറഞ്ഞു. ന്യൂസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അവര്‍.
‘എല്ലാ മാസവും ഹിറ്റായ സിനിമകളുടെയും ഫ്‌ളോപ്പായ സിനിമകളുടെയും ലിസ്റ്റ് അസോസിയോഷന്‍ പുറത്തുവിടാറുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസം എന്തുകൊണ്ട് പുറത്തുവിടുന്നില്ല. അതിന്റെ കാരണം അസോസിയേഷന്റെ തലപ്പത്തിരിക്കുന്ന ലിസ്റ്റിന്റെ സിനിമകള്‍ റിലീസായി. റിലീസിന് മുമ്പ് അതിന്റെ കോസ്റ്റ് 15 കോടിയായിരുന്നു. എന്നാല്‍ പടം അങ്ങ് വര്‍ക്കാകാത്തതുകൊണ്ട് ബജറ്റ് ഒമ്പത് കോടിയായി മാറി.
വീണ്ടും അത് കുറഞ്ഞേനെ. ഏതോ ഒരു സിനിമയില്‍ ആമയുടെ വലിപ്പം കുറയുന്ന സീനുണ്ടല്ലോ. അതുപോലെയാണ് ഇതും. ഇതെന്താണെന്ന് വെച്ചാല്‍ എല്ലാം ലിസ്റ്റിന്റെ കള്ളക്കളികളാണ് അസോസിയേഷനില്‍ നടക്കുന്നത്. അസോസിയേഷന്റെ ട്രഷററായി നില്‍ക്കുമ്പോള്‍ പുള്ളിയുടെ പടം റിലീസായി. അപ്പോള്‍ എവിടെയും ഒരു കണക്കുപറച്ചിലുമില്ല.
എത്ര രൂപ ചെലവായി, എത്ര രൂപ കളക്ഷന്‍ കിട്ടി എന്നൊന്നും എവിടെയും പറയണ്ട. മറ്റ് നിര്‍മാതാക്കള്‍ക്ക് ഒരു നിയമം, അസോസിയേഷന്റെ തലപ്പത്തുള്ളവര്‍ക്ക് വേറൊരു നിയമം എന്ന രീതിയിലാണ് അവര്‍ പോകുന്നത്. അല്ലെങ്കില്‍ കഴിഞ്ഞ രണ്ടുമാസത്തെ സിനിമകളുടെ കണക്ക് അവര്‍ പുറത്തുവിടുന്നില്ലെന്ന് വ്യക്തമാക്കണം,’ സാന്ദ്ര തോമസ് പറഞ്ഞു.
Content Highlight: Sandra Thomas criticize Listin Stephen and Prince and Family movie