| Sunday, 4th May 2025, 8:59 am

ലിസ്റ്റിന്റെ വാക്കുകളില്‍ ഒറ്റുകാരന്റെ കിതപ്പുണ്ട്; വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് കൂട്ടുനില്‍ക്കരുത്: സാന്ദ്ര തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രൊഡ്യൂസര്‍ ലിസ്റ്റിന്‍ സ്റ്റീഫനെതിരെ വീണ്ടും സാന്ദ്ര തോമസ്. മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടുനില്‍ക്കരുതെന്നും ഇതൊരു അപേക്ഷയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ലിസ്റ്റിനെതിരെ സാന്ദ്ര വീണ്ടും രംഗത്തെത്തിയത്.

തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വഴിവെട്ടാന്‍ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന്‍ സ്റ്റീഫന്‍ ചെയ്യരുതെന്നും സാന്ദ്ര അഭ്യര്‍ത്ഥിച്ചു.

ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമവ്യവസായത്തിന് വേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യാന്‍ ചുമതലപ്പെട്ടയാളാണെന്നും സാന്ദ്ര ചൂണ്ടിക്കാട്ടി.

ലിസ്റ്റിന്‍ സ്റ്റീഫന്‍

അടുത്ത തെരഞ്ഞെടുപ്പില്‍ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങള്‍ ലിസ്റ്റിന്‍ നടത്തുന്നതായി അറിയാമെന്നും നല്ലതു വരട്ടെയെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങണമെന്ന താത്പര്യം അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സംസ്ഥാനത്തിന് പുറത്തുള്ള കള്ളപ്പണ ലോബിക്കാണെന്നും സാന്ദ്ര ആവര്‍ത്തിച്ചു.

കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ ലിസ്റ്റിന്‍ നടത്തിയ ഭീഷണിപ്രസംഗത്തെയും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നുവെന്നും സാന്ദ്ര പ്രതികരിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടുത്തകാലത്ത് സിനിമയുടെ ലാഭനഷ്ട കണക്കുകള്‍ പുറത്തുവിടുന്നതും ഇത്തരമൊരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്നും സാന്ദ്ര പറയുന്നു.

‘തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെ കണക്ക്  മാത്രം പുറത്തുവിട്ട്, മലയാള സിനിമാ വ്യവസായം നഷ്ടമാണെന്ന് വരുത്തി തീര്‍ത്ത് മലയാള സിനിമയില്‍ നിന്ന് നിക്ഷേപകരെ അകറ്റുന്ന നടപടിയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇപ്പോള്‍ ചെയ്യുന്നത്. ആര്‍ക്കാണ് ഇതുകൊണ്ട് നേട്ടം? ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന നിര്‍മാതാവ് മറ്റു പല സിനിമകള്‍ക്കും കൂടി പലിശയ്ക്ക് പണം നല്‍കുന്നയാളാണെന്ന് നമുക്ക് അറിയാം. ഇപ്പോള്‍ തിയേറ്ററില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയില്‍ പോലും വന്‍തുക അദ്ദേഹം നിക്ഷേപിച്ചു. സംസ്ഥാനത്ത് ആകമാനം എത്രയോ സ്‌ക്രീനുകള്‍ ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ‘മാജിക് ഫ്രെയിമിന്റെ’ നിയന്ത്രണത്തിലാണ്,’ സാന്ദ്ര തോമസ് കുറിച്ചു.

മലയാളത്തില്‍ സിനിമ നിര്‍മിക്കാന്‍ നിക്ഷേപകര്‍ വരാതായാല്‍ മറ്റു സംസ്ഥാനങ്ങളിലെ വട്ടിപ്പലിശക്കാരുടെ കൈകളില്‍ കേരളത്തിലെ സിനിമാ വ്യവസായം എത്തിപ്പെടും. ഇത്തരം വട്ടിപ്പലിശക്കാരില്‍ നിന്ന് വന്‍തുക വാങ്ങി അവരുടെ ഏജന്റായാണ് ലിസ്റ്റിന്‍ കൂടിയ പലിശയ്ക്ക് പണം മുടക്കുന്നതെന്നും സാന്ദ്ര ആരോപിച്ചു.

ലിസ്റ്റിന്റെ ഇപ്പോഴത്തെ ഗൂഢനീക്കങ്ങള്‍ അദ്ദേഹത്തിന് താത്കാലിക ലാഭമുണ്ടാക്കാന്‍ സഹായകരമായിരിക്കും. എന്നാല്‍ നിങ്ങള്‍ മലയാള സിനിമാ രംഗത്ത് സൃഷ്ടിക്കുന്ന ‘പലിശ കുത്തകകള്‍’ കാര്യം കഴിഞ്ഞാന്‍ നിങ്ങളെ തന്നെ വിഴുങ്ങുമെന്നും സാന്ദ്ര ലിസ്റ്റിനോട് പറഞ്ഞു.

ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവര്‍ത്തികളിലും ഒരു ഒറ്റുകാരന്റെ കൊതിയും കിതപ്പും കാണുന്നുണ്ട്. പക്ഷെ അതിനുവേണ്ടി സ്വീകരിക്കുന്ന തെറ്റായ മാര്‍ഗങ്ങള്‍ മലയാള സിനിമയ്ക്കും നമ്മുടെ നാടിനും ഒട്ടും നല്ലതല്ലെന്നും സാന്ദ്ര പറയുന്നു.

ഒരു സാധാരണക്കാരനായ നിര്‍മാതാവിനും മലയാള സിനിമാ രംഗത്ത് ഒരു നിലയ്ക്കും നിലനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. അതൊരു ലോബിയുടെ താത്പര്യമാണ്. അതിന്റെ കെടുതികള്‍ എല്ലാ സിനിമാ സംഘടനകളും ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമങ്ങളും തിരിച്ചറിയണമെന്നും സാന്ദ്ര തോമസ് പറയുന്നു.

എല്ലാമറിഞ്ഞിട്ടും സിനിമാസംഘടനാ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ കുറ്റകരമായ മൗനം പാലിക്കുന്നതും നിസഹായതയാല്‍ പിന്തുണക്കുന്നതും കാണുമ്പോള്‍ അതിയായ ദുഃഖം തോന്നുന്നുവെന്നും സാന്ദ്ര പറഞ്ഞു.

‘മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട്’ എന്നായിരുന്നു ലിസ്റ്റിന്റെ പ്രതികരണം. കൊച്ചിയില്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് പേരോ കുറ്റമോ പരാമര്‍ശിക്കാതെ ഒരു നടനെതിരെ ലിസ്റ്റിന്‍ പ്രതികരിച്ചത്. തുടര്‍ന്ന് നിവിന്‍ പോളിയെയാണ് ലിസ്റ്റിന്‍ ഉദ്ദേശിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

ഇതിനുപിന്നാലെയാണ് ലിസ്റ്റിനെതിരെ സാന്ദ്ര തോമസ് രംഗത്തുവന്നത്. ലിസ്റ്റിന്‍ നടത്തിയ പ്രസ്താവന മലയാള സിനിമയിലെ നടന്‍മാരെയെല്ലാം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണെന്നും പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്നുമാണ് സാന്ദ്ര കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

Content Highlight: Sandra Thomas again against Listin Stephen

We use cookies to give you the best possible experience. Learn more