| Friday, 8th August 2025, 3:31 pm

ലാലേട്ടന്റെ കൂടെയുള്ളവര്‍ തന്നത് വലിയ മാനസിക പിന്തുണ, പുലിക്കുട്ടി എന്നാണവര്‍ വിളിച്ചത്: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക അസോസിയേഷന്‍ ഭാരവാഹികള്‍ തള്ളിക്കളഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. സംഘടനയുടെ ഈ നീക്കത്തിനെതിരെ കേസുമായി മുന്നോട്ടുപോകുമെന്ന് സാന്ദ്ര തോമസ് അറിയിച്ചതും ചര്‍ച്ചാവിഷയമായി മാറി.

അസോസിയേഷനെതിരെ കേസുമായി മുന്നോട്ടു പോകാന്‍ തനിക്ക് ധൈര്യം തന്നവരെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്. ഷീലു അബ്രഹാം തനിക്ക് പിന്തുണ നല്‍കാമെന്ന് പറഞ്ഞെന്നും എന്നാല്‍ അവരുടെ ഭര്‍ത്താവിനാണ് സംഘടനയില്‍ അംഗത്വമുള്ളതെന്നും സാന്ദ്ര തോമസ് പറഞ്ഞു. AMMA സംഘടനയില്‍ മാത്രമേ ഷീലുവിന് അംഗത്വമുള്ളതെന്നും അവര്‍ പറയുന്നു.

എന്നാലും തനിക്ക് വോട്ട് ചെയ്യാന്‍ ഷീലുവിന്റെ പങ്കാളി വരുമെന്ന് ഉറപ്പ് നല്‍കിയെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ഉടമ സോഫിയ പോളിന്റെ പിന്തുണയും തനിക്കുണ്ടെന്നും അതെല്ലാം തനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്നും അവര്‍ പറഞ്ഞു. ഇവര്‍ക്കെല്ലാം പുറമെ മോഹന്‍ലാലിന്റെ കൂടെ നില്‍ക്കുന്ന കുറച്ച് നിര്‍മാതാക്കളും തന്നെ പിന്തുണക്കുന്നുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു.

‘ലാലേട്ടന്റെ കൂടെയുള്ള പ്രൊഡ്യൂസേഴ്‌സ് എന്നെ വിളിച്ച് സംസാരിച്ചു. കേസിന്റെ കാര്യത്തില്‍ മുന്നോട്ടുപോകാനും സപ്പോര്‍ട്ട് നല്‍കാമെന്നും അവര്‍ ഉറപ്പ് നല്‍കി. ധൈര്യമായി ഇരിക്കാന്‍ അവര്‍ എന്നോട് പറഞ്ഞു. എല്ലാറ്റിനും കൂടെ നില്‍ക്കുമെന്നും പുലിക്കുട്ടിയാണ് ഞാനെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. അതെല്ലാം എനിക്ക് ധൈര്യം തന്നു,’ സാന്ദ്ര തോമസ് പറയുന്നു.

എന്നാല്‍ കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി തന്നെ വിളിച്ചെന്ന് അടുത്തിടെ സാന്ദ്ര തോമസ് വെളിപ്പെടുത്തിയിരുന്നു. മുക്കാല്‍ മണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്നും എന്നാല്‍ താന്‍ കേസില്‍ നിന്ന് മാറാന്‍ തീരുമാനിച്ചില്ലായിരുന്നെന്നും മമ്മൂട്ടിയോട് പറഞ്ഞെന്നും സാന്ദ്ര വെളിപ്പെടുത്തി. തുടര്‍ന്ന് താനുമായി കമ്മിറ്റ് ചെയ്ത ചിത്രത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

സാന്ദ്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യല്‍ മീഡിയ മുഴുവന്‍ മമ്മൂട്ടിക്ക് എതിരായി തിരിഞ്ഞു. താരത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടു. നിര്‍മാതാവും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുമായ ആന്റോ ജോസഫിന് വേണ്ടിയാണ് മമ്മൂട്ടി സാന്ദ്രയോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും സാന്ദ്ര തോമസ് ആരോപിച്ചു. എന്നാല്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: Sandra Thomas about the support she got from Mohanlal’s team

We use cookies to give you the best possible experience. Learn more