| Tuesday, 5th August 2025, 9:51 pm

കേസില്‍ നിന്ന് പിന്മാറാന്‍ മമ്മൂക്ക വിളിച്ച് പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എന്റെ സിനിമയില്‍ നിന്ന് ഒഴിവായി: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയിലെ അനീതിക്കെതിരെയും വിവേചനത്തിനെതിരെയും നിരന്തരമായി പ്രതികരിക്കുന്ന വ്യക്തിയാണ് നിര്‍മാതാവ് സാന്ദ്ര തോമസ്. കഴിഞ്ഞ ദിവസം സംഘടനയിലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് സാന്ദ്ര നല്‍കിയ പത്രിക തള്ളിയിരുന്നു. പിന്നാലെ സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇപ്പോള്‍ മമ്മൂട്ടി തന്നെ വിളിച്ച് കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതായി സാന്ദ്ര പറയുന്നു. അദ്ദേഹത്തിന്റെ മകള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കില്‍ മിണ്ടാതിരിക്കാന്‍ പറയുമോ എന്ന് താന്‍ അദ്ദേഹത്തോട് തിരിച്ച് ചോദിച്ചെന്നും അവര്‍ പറഞ്ഞു. അതിന് ശേഷം താനുമായി കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്ന് മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര തോമസ് പറഞ്ഞു. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര.

‘എന്നെ വിളിച്ച് മുക്കാല്‍ മണിക്കൂറോളം അദ്ദേഹം സംസാരിച്ചിരുന്നു. മമ്മൂക്കയോട് ഒറ്റൊരു ചോദ്യം മാത്രമാണ് ഞാന്‍ ചോദിച്ചിരുന്നത്, മമ്മൂക്കയുടെ മകള്‍ക്കാണ് ഈ ഒരു അവസ്ഥ വന്നിരുന്നതെങ്കില്‍ അവരോടും പ്രതികരിക്കരുത്, കേസുമായി മുന്നോട്ട് പോകരുത്, ഇത് ഭാവിയില്‍ എന്നെ ബാധിക്കും, തിയേറ്ററില്‍ എന്റെ ഒരു സിനിമയിറക്കാന്‍ നിര്‍മാതാക്കള്‍ എന്നെ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്ന നിലപാടായിയിരിക്കുമോ മമ്മൂക്ക എടുക്കുക എന്ന് പറയുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.

അത് കേട്ടപ്പോള്‍ ‘ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ, അതില്‍ ഞാന്‍ ഇനി ഒന്നും പറയുന്നില്ല’ എന്നദ്ദേഹം പറഞ്ഞു. പക്ഷെ അദ്ദേഹം എന്റെ അടുത്ത് കമ്മിറ്റ് ചെയ്‌തൊരു സിനിമയുണ്ടായിരുന്നു. അതില്‍ നിന്നും അദ്ദേഹം ഒഴിവായി. ‘എന്നെ ഇവിടെനിന്ന് തുടച്ചുമാറ്റാനാണ് എല്ലാവരുംകൂടെ ശ്രമിക്കുന്നതെങ്കില്‍ ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും’ എന്ന് ഞാന്‍ അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞിരുന്നു,’ സാന്ദ്ര തോമസ് പറയുന്നു.

മമ്മൂട്ടിയുടെ വീട്ടില്‍ പണിയെടുക്കുന്ന ഒരാളാണ് തങ്ങളുടെ അസോസിയേഷന്റെ പ്രസിഡന്റ് എന്നും അപ്പോള്‍ അദ്ദേഹത്തിന് അങ്ങനെ ഒരു നിലപാടെടുക്കാനല്ലേ കഴിയൂവെന്നും സാന്ദ്ര പറഞ്ഞു.

Content Highlight: Sandra Thomas says Mammootty called her and asked her to withdraw from the case

We use cookies to give you the best possible experience. Learn more